‘കോവിഡ് പകര്‍ച്ചവ്യാധിക്ക് ശേഷം ഫേസ് മാസ്‌കുകള്‍ സീസണലാകും’
1 min readഫേ്‌സ് മാസ്‌ക് ധരിക്കാന്‍ തുടങ്ങിയതിന് ശേഷം ശ്വാസകോശ രോഗങ്ങളും പനിയും കുറഞ്ഞതായി അന്തോണി ഫൗസി
വാഷിംഗ്ടണ്‍: കോവിഡ്-19 മഹാമാരി അവസാനിച്ചാലും ഫേസ് മാസ്‌കുകള്‍ ധരിക്കുന്ന ശീലം ആളുകള്‍ക്കിടയില്‍ തുടരുമെന്ന് അമേരിക്കയിലെ പ്രമുഖ സാംക്രമിക രോഗ വിദഗ്ധനും വൈറ്റ്ഹൗസിലെ മുഖ്യ ആരോഗ്യ ഉപദേഷ്ടാവുമായ അന്തോണി ഫൗസി. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ കൂടുതലായുള്ള കാലത്ത് ആളുകള്‍ ഇനിമുതല്‍ ഫേസ്മാസ്‌കുകള്‍ ധരിക്കുമെന്ന് ഫേസ് മാസ്‌ക ധരിക്കുകയെന്നത് സീസണലാകുമെന്നും ഫൗസി പറഞ്ഞു. ഫേസ് മാസ്‌ക് ധരിക്കുന്നതുമായി ആളുകള്‍ പൊരുത്തപ്പെട്ട് കഴിഞ്ഞുവെന്നാണ് താന്‍ കരുതുന്നതെന്നും എന്‍ബിസിയുടെ മീറ്റ് ദ പ്രസ്സ് പരിപാടിയില്‍ ഫൗസി കൂട്ടിച്ചേര്‍ത്തു.
മാസ്‌ക് ധരിക്കുന്ന ശീലം മൂലം നിരവധി ആരോഗ്യ നേട്ടങ്ങള്‍ ഉണ്ടായതായി ഫൗസി പറയുന്നു. കണക്കുകള്‍ പരിശോധിക്കുകയാണെങ്കില്‍ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ കുറഞ്ഞതായി കാണാം. മാത്രമല്ല ഈ വര്‍ഷം പനിക്കാലം ഉണ്ടായിട്ടില്ല. കോവിഡ്-19നെതിരായ മുന്‍കരുതലെന്നോണം ആളുകള്‍ മികച്ച പൊതുജനാരോഗ്യ നടപടികള്‍ പാലിക്കുന്നതാണ് അതിന്റെ കാരണം. അതിനാല്‍ ഓന്നോ രണ്ടോ അതില്‍ക്കൂടുതലോ വര്‍ഷങ്ങള്‍ കഴിഞ്ഞാലും പനി പോലെ ശ്വാസോച്ഛാസത്തിലൂടെ പകരുന്ന വൈറസുകള്‍ പകരുന്ന കാലത്ത് രോഗം പകരുന്നത് ഒഴിവാക്കുന്നതിനായി ആളുകള്‍ സീസണലായി മാസ്‌ക് ധരിക്കുമെന്ന് കരുതുന്നതില്‍ തെറ്റില്ലെന്ന് ഫൗസി പറഞ്ഞു.
യുഎസ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്റെ നിലവിലെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കോവിഡ്-19നെതിരെ പൂര്‍ണമായും വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് മാസ്‌ക് ധരിക്കാതെ പുറത്ത് വ്യായാമം ചെയ്യാനും ചെറിയ രീതിയില്‍ ഒത്തുകൂടലുകള്‍ നടത്താനും സാധിക്കും. എന്നിരുന്നാലും ജനത്തിരക്കുള്ള സ്ഥലങ്ങളില്‍ വാക്‌സിനെടുത്തവരാണെങ്കില്‍ പോലും മാസ്‌ക് ധരിക്കുന്നതാണ് ഉചിതമെന്നും ഏജന്‍സി വ്യക്തമാക്കിയിട്ടുണ്ട്.
അകത്തളങ്ങളില്‍ മാസ്‌ക് ധരിക്കുന്നതിന് ഇളവുകള്‍ നല്‍കേണ്ട സമയമായെന്ന് കഴിഞ്ഞ ആഴ്ച ഫൗസി പറഞ്ഞിരുന്നു. കൂടുതല്‍ ആളുകള്‍ വാക്‌സിനെടുക്കുന്നതിനനുസരിച്ച് മാസ്‌ക് ധരിക്കുന്നതില്‍ കുറച്ച് കൂടി ഉദാര സമീപനം എടുക്കുന്നതില്‍ കുഴപ്പമില്ലെന്ന് എബിസിയുടെ ദിസ് വീക്ക് പരിപാടിയില്‍ ഫൗസി പറഞ്ഞു. മതിയായ ആളുകള്‍ കോവിഡ്-19നെതിരെ വാക്‌സിന്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ അടുത്ത മാതൃദിനം ആകുമ്പോഴേക്കും അമേരിക്ക പഴയ അവസ്ഥയിലേക്ക് തിരിച്ചെത്തിയേക്കുമെന്നും ഫൗസി പ്രതീക്ഷ പ്രകടിപ്പിച്ചു.
രോഗനിരക്ക് കുറയുകയും വാക്‌സിനേഷന്‍ നിരക്ക് ഉയരുകയും ചെയ്ത സ്റ്റേറ്റുകളില്‍ അകത്തളങ്ങളിലെ പൊതുജനാരോഗ്യ ചട്ടങ്ങളില്‍ ഇളവ് അനുവദിക്കാവുന്നതാണെന്ന് യുഎസിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ മുന്‍ കമ്മീഷണര്‍ സ്‌കോട്ട് ഗോട്ടിലെബും അഭിപ്രായപ്പെട്ടിരുന്നു. ആളുകളെ സാധാരണ ജീവിതത്തിന് അനുവദിക്കുന്ന തരത്തില്‍ നിയന്ത്രണങ്ങള്‍ എടുത്തകളയാവുന്ന ഒരു ഘട്ടത്തില്‍ അമേരിക്ക എത്തിയെന്നാണ് സിബിഎസ് ചാനലിന്റെ ഫേസ് ദ നേഷന്‍ പരിപാടിയില്‍ ഗോട്ടിലെബ് പറഞ്ഞത്. പുറത്ത് ആളുകള്‍ കൂട്ടം കൂടുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തേത്ത ഒരാവശ്യവും ഇനിയില്ലെന്നും പുറത്ത് പോകാന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോവിഡ് അപ്രത്യക്ഷമാകാന്‍ പോകുന്നില്ല. അതോടൊപ്പം ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ വാക്‌സിനേഷനിലൂടെയും നേരത്തെ രോഗം വന്ന് പോയതിലൂടെയും ലഭിച്ച പ്രതിരോധ ശേഷിയിലൂടെ രോഗം വരാനുള്ള സാധ്യതകള്‍ സമൂഹത്തില്‍ കുറഞ്ഞെന്നും അദ്ദേഹം അഭി്പ്രായപ്പെട്ടു.