പകർച്ചവ്യാധിയിൽ നിന്ന് കരകയറാൻ 1.9 ട്രില്യൺ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് അവതരിപ്പിച്ച് ബൈഡൻ
1 min readവാഷിംഗ്ടൺ: അമേരിക്കയ്ക്കായി 1.9 ട്രില്യൺ ഡോളറിന്റെ കോവിഡ്-19 ദുരിതാശ്വാസ ബിൽ അവതരിപ്പിച്ച് നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ. വ്യക്തികൾക്ക് നേരിട്ടുള്ള സഹായം, സ്റ്റേറ്റ്, ലോക്കൽ സർക്കാരുകൾക്കുള്ള സഹായം, തൊഴിലില്ലായ്മ ആനുകൂല്യങ്ങളിൽ വർധന, കോവിഡ് ടെസ്റ്റിംഗിനും വാക്സിൻ വിതരണത്തിനും കൂടുതൽ ഫണ്ടിംഗ് എന്നിവയാണ് കോവിഡ്-19 ദുരിതാശ്വാസ ബില്ലിൽ ഉൾപ്പെടുന്നത്.
കഴിഞ്ഞിടെ അനുവദിച്ച 900 ബില്യൺ ഡോളറിന്റെ ബൈപാർട്ടിസാൻ (രണ്ട് രാഷ്ട്രീയകക്ഷികൾ പിന്താങ്ങുന്ന) ദുരിതാശ്വാസ പാക്കേജ് വളരെ പ്രധാനപ്പെട്ട ആദ്യത്തെ ചുവടുവെപ്പായിരുന്നുവെന്ന് വിംലിങ്ടണിൽ നടത്തിയ പ്രസംഗത്തിൽ ബൈഡൻ പറഞ്ഞു. എന്നാൽ വളരെ വേഗം മുന്നേറുന്നതിനായി കൂടുതൽ നടപടികളും ബൈപാർട്ടിസാൻഷിപ്പും ആവശ്യമാണെന്ന് ബൈഡൻ കൂട്ടിച്ചേർത്തു.
ജോലി ചെയ്യുന്ന കുടുംബങ്ങളിലെ ഒരു വ്യക്തിക്ക് 1,400 ഡോളർ വീതം ധനസഹായമാണ് ബൈഡൻ മുന്നോട്ടുവെച്ച ബിൽ വാഗ്ദാനം ചെയ്യുന്നത്. നേരത്തെ പ്രഖ്യാപിച്ച 900 ബില്യൺ ഡോളറിന്റെ ദുരിതാശ്വാസ പാക്കേജ് അനുവദിച്ച 600 ഡോളറും കൂടിയാകുമ്പോൾ ഒരു വ്യക്തിക്ക് 2,000 ഡോളറിന്റെ ധനസഹായം ലഭിക്കും. ഫെഡറൽ സർക്കാർ നൽകുന്ന തൊഴിലില്ലായ്മ ആനുകൂല്യം ആഴ്ചയിൽ 300 ഡോളറിൽ നിന്ന് 400 ഡോളറായി വർധിപ്പിക്കും. സ്റ്റേറ്റ്, ലോക്കൽ സർക്കാരുകൾക്ക് 350 ബില്യൺ ഡോളറിന്റെ സഹായവും ബിൽ വാഗ്ദാനം ചെയ്യുന്നു. കഴിഞ്ഞ കുറേ മാസങ്ങളായി ഡെമോക്രാറ്റുകൾ ഇക്കാര്യം ആവശ്യപ്പെട്ടിരുന്നെങ്കിലും മുൻ ദുരിതാശ്വാസ പാക്കേജുകളിലൊന്നും ഈ ആവശ്യം ഉൾപ്പെടുത്താൻ റിപ്പബ്ലിക്കൻ പ്രതിനിധികൾ തയ്യാറായിരുന്നില്ല.