സാംസംഗ് ഗാലക്‌സി ബഡ്‌സ് പ്രോ പ്രീബുക്കിംഗ് ആരംഭിച്ചു
ജനുവരി 29 ന് ഡെലിവറി ചെയ്തുതുടങ്ങും. ഇതേ ദിവസം രാജ്യമെങ്ങും വില്‍പ്പന ആരംഭിക്കും
ഇന്ത്യയില്‍ സാംസംഗ് ഗാലക്‌സി ബഡ്‌സ് പ്രോ ടിഡബ്ല്യുഎസ് ഹെഡ്‌ഫോണുകളുടെ പ്രീബുക്കിംഗ് ആരംഭിച്ചു. 15,990 രൂപയാണ് വില. സാംസംഗ് എക്‌സ്‌ക്ലുസീവ് സ്റ്റോറുകള്‍, റീട്ടെയ്ല്‍ സ്റ്റോറുകള്‍, സാംസംഗ്.കോം, പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും.
ഇന്ത്യയില്‍ പ്രീബുക്കിംഗ് നടത്തുന്ന ഉപയോക്താക്കള്‍ക്ക് വയര്‍ലെസ് പവര്‍ബാങ്ക് യു1200 നല്‍കുമെന്ന് കമ്പനി അറിയിച്ചു. 3,699 രൂപ വില വരുന്ന ഈ പവര്‍ബാങ്ക് 499 രൂപയ്ക്കാണ് കൈമാറുന്നത്.
പ്രീബുക്കിംഗ് നടത്തുന്ന ഉപയോക്താക്കള്‍ക്ക് ജനുവരി 29 ന് ഗാലക്‌സി ബഡ്‌സ് പ്രോ ഡെലിവറി ചെയ്തുതുടങ്ങും. ഇതേ ദിവസം രാജ്യമെങ്ങും വില്‍പ്പന ആരംഭിക്കും.
ശല്യമായിത്തീരുന്ന ചുറ്റുമുള്ള ശബ്ദങ്ങളെ 99 ശതമാനം വരെ കുറയ്ക്കാന്‍ ഗാലക്‌സി ബഡ്‌സ് പ്രോ ഡിവൈസിന് സാധിക്കുമെന്ന് സാംസംഗ് അവകാശപ്പെട്ടു. അതേസമയം ചുറ്റുമുള്ള ട്രാഫിക് ശബ്ദങ്ങളും മറ്റും കേള്‍ക്കുന്നതിന് ആംബിയന്റ് മോഡ് കൂടി നല്‍കി.
സാംസംഗിന്റെ പുതിയ വിന്‍ഡ് ഷീല്‍ഡ് സാങ്കേതികവിദ്യയാണ് ടിഡബ്ല്യുഎസ് ഹെഡ്‌ഫോണുകളുടെ മറ്റൊരു സവിശേഷത. പുറത്തായിരിക്കുമ്പോഴോ മോട്ടോര്‍സൈക്കിളില്‍ സഞ്ചരിക്കുമ്പോഴോ കാറ്റ് പ്രശ്‌നമാകില്ല.