January 31, 2026

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ഐഡിബിഐ ബാങ്ക് ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

1 min read

പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയില്‍ ഈ വര്‍ഷം കാര്യമായി മുന്നേറുമെന്നാണ് സര്‍ക്കാര്‍ ബജറ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത്

ന്യൂഡെല്‍ഹി: ഐഡിബിഐ ബാങ്ക് ലിമിറ്റഡില്‍ മാനേജ്മെന്‍റ് നിയന്ത്രണം കൈമാറുന്നതിനും തന്ത്രപരമായ ഓഹരി വിറ്റഴിക്കലിനും കേന്ദ്ര മന്ത്രിസഭയുടെ സാമ്പത്തിക കാര്യ സമിതി അംഗീകാരം നല്‍കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ഔദ്യോഗികമായ അംഗീകാരം നല്‍കിയത്. സര്‍ക്കാരും എല്‍ഐസിയും എത്രത്തോളം ഓഹരികളാണ് കൈമാറുക എന്ന കാര്യത്തില്‍ പിന്നീട് റിസര്‍വ് ബാങ്കുമായി കൂടിയാലോചിച്ച് അന്തിമ രൂപം തയാറാക്കുമെന്ന് സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.

  ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത ബജറ്റ് വിഹിതം

ഐഡിബിഐ ബാങ്കിന്‍റെ ഓഹരിയുടെ 94 ശതമാനത്തിലധികം ഇന്ത്യാ സര്‍ക്കാരും എല്‍ഐസിയും ചേര്‍ന്ന് കൈയാളുന്നു. സര്‍ക്കാരിന് 45.48 ശതമാനം വിഹിതവും എല്‍ഐസിക്ക് 49.24 ശതമാനം വിഹിതവുമാണ് ഉള്ളത്. എല്‍ഐസി നിലവില്‍ ബാങ്കിന്‍റെ മാനേജ്മെന്‍റ് നിയന്ത്രണം ഉള്ള പ്രൊമോട്ടര്‍ ആണ്. സര്‍ക്കാരാണ് കോ-പ്രൊമോട്ടര്‍.

സര്‍ക്കാരിന്‍റെ തന്ത്രപരമായ ഓഹരി വില്‍പ്പനയോടൊപ്പം ചേര്‍ന്ന് ഐഡിബിഐ ബാങ്കിലെ തങ്ങളുടെ വിഹിതം കുറയ്ക്കുന്നതിന് എല്‍ഐസി ബോര്‍ഡ് നേരത്തേ ഒരു പ്രമേയം പാസാക്കിയിട്ടുണ്ട്. വില, വിപണി കാഴ്ചപ്പാട്, നിയമാനുസൃത വ്യവസ്ഥകള്‍ എന്നിവയ്ക്കൊപ്പം തങ്ങളുടെ ഓഹരിയുടമകളുടെ താല്‍പ്പര്യം കൂടി കണക്കിലെടുത്തായിരിക്കും വില്‍പ്പനയെന്ന് എല്‍ഐസി പറയുന്നു. എല്‍ഐസി ബോര്‍ഡിന്‍റെ ഈ തീരുമാനം ബാങ്കിലെ ഓഹരി കുറയ്ക്കുന്നതിനുള്ള റെഗുലേറ്ററി നിബന്ധനകളുമായും പൊരുത്തപ്പെടുന്നതാണ്.

  'ബിൽഡ് ഫോർ ഇന്ത്യ' ഏജന്റിക് എഐ ഹാക്കത്തോണുമായി കേരള സ്റ്റാർട്ടപ്പ് മിഷൻ

ഐഡിബിഐ ബാങ്ക് ലിമിറ്റഡിന്‍റെ വളര്‍ച്ചയ്ക്ക് പുതിയ സാങ്കേതികവിദ്യ, മികച്ച മാനേജ്മെന്‍റ് രീതികള്‍ എന്നിവ ഉപയോഗിക്കുന്നതിന് ഓഹരികള്‍ വാങ്ങിക്കുന്നവര്‍ക്ക് സാധിക്കുമെന്ന് സര്‍ക്കാരും എല്‍ഐസിയും പ്രതീക്ഷിക്കുന്നു. കൂടാതെ എല്‍ഐസി, സര്‍ക്കാര്‍ സഹായം / ഫണ്ടുകള്‍ എന്നിവയെ ആശ്രയിക്കാതെ കൂടുതല്‍ ബിസിനസ്സ് സൃഷ്ടിക്കുന്നതിനും ബാങ്കിന് സാധിക്കും.

പൊതുമേഖലാ കമ്പനികളുടെ ഓഹരി വില്‍പ്പനയില്‍ ഈ വര്‍ഷം കാര്യമായി മുന്നേറുമെന്നാണ് സര്‍ക്കാര്‍ ബജറ്റിലൂടെ വ്യക്തമാക്കിയിട്ടുള്ളത്. എയര്‍ ഇന്ത്യ, ബിപിസിഎല്‍ എന്നിവയുടെ വില്‍പ്പന ഈ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. എന്നാല്‍ കോവിഡ് 19 സര്‍ക്കാരിന്‍റെ വില്‍പ്പന ലക്ഷ്യങ്ങളെ അപ്രാപ്യമാക്കിയേക്കാം എന്നും വിലയിരുത്തപ്പെടുന്നു.

  അറ്റാദായത്തിൽ വർധനവുമായി സിഎസ്ബി ബാങ്ക്

മൂലധന പര്യാപ്തത, ആസ്തിയുടെ ഗുണനിലവാരം, ലാഭം എന്നിവയില്‍ ചില നിയന്ത്രണ പരിധികള്‍ ലംഘിച്ചതിനെ തുടര്‍ന്ന് 2017 മേയ് മാസത്തില്‍ ഐഡിബിഐ ബാങ്കിനെ റിസര്‍വ് ബാങ്ക് തങ്ങളുടെ പ്രോംപ്റ്റ് കറക്റ്റീവ് ആക്ഷന്‍ (പിസിഎ) ചട്ടക്കൂടില്‍ ഉള്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ബാങ്കിനെ ഈ ചട്ടക്കൂടില്‍ നിന്ന് കേന്ദ്ര ബാങ്ക് മോചിപ്പിച്ചത്.

Maintained By : Studio3