6 മാസങ്ങള്‍ക്ക് ശേഷം ഏപ്രിലില്‍ അറ്റ വില്‍പ്പനക്കാരായി എഫ്പിഐകള്‍
1 min readദുര്‍ബലമായ ഇന്ത്യന്‍ രൂപയും വിദേശ നിക്ഷേകരെ കഴിഞ്ഞ മാസം പിന്‍വലിക്കലിന് പ്രേരിപ്പിച്ചു
മുംബൈ: രാജ്യത്തെ മൂലധന വിപണികളില്‍ തുടര്‍ച്ചയായി 6 മാസം അറ്റ വാങ്ങലുകാരായി തുടര്‍ന്ന വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ ഏപ്രിലില്‍ അറ്റ വില്‍പ്പനക്കാരായി മാറി. കോവിഡ് 19 രണ്ടാം തരംഗം രാജ്യത്ത് സൃഷ്ടിച്ചിട്ടുള്ള അനിശ്ചിതാവസ്ഥകളാണ് വില്‍പ്പനയിലേക്ക് തിരിയാന്‍ എഫ്പിഐകളെ പ്രേരിപ്പിച്ചത്. ഇക്വിറ്റികളില്‍ നിന്ന് 9,659 കോടി രൂപയുടെ അറ്റ പിന്‍വലിക്കലാണ് എഫ്പിഐകള്‍ ഏപ്രിലില്‍ നടത്തിയത്. ഡെറ്റ് വിപണിയില്‍ നിന്ന് 118 കോടിയുടെ അറ്റ പിന്‍വലിക്കലും നടന്നു.
കഴിഞ്ഞ മാസത്തെ ഒഴുക്കിന് മുമ്പ്, 2020 ഒക്റ്റോബറിനും 2021 മാര്‍ച്ചിനുമിടയില്‍ എഫ്പിഐകള്‍ 1.97 ലക്ഷം കോടിയിലധികം ഇന്ത്യയുടെ ഇക്വിറ്റി വിപണിയില്‍ നിക്ഷേപിച്ചു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ നടന്ന 55,741 കോടി രൂപയുടെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടുന്നു. ഡെറ്റ് വിപണിയില്‍ ഈ മാസം ജനുവരി മുതല്‍ തന്നെ വിറ്റഴിക്കല്‍ പ്രവണതയാണ് പ്രകടമായിട്ടുള്ളത്.
‘വളര്‍ന്നുവരുന്ന വിപണികളിലേക്കുള്ള വിദേശ നിക്ഷേപ വരവ് പൊതുവേ മന്ദഗതിയിലായിരുന്നു. പ്രത്യേകിച്ചും ഇന്ത്യയുടെ കാര്യത്തില്‍, കൊറോണ വൈറസിന്‍റെ തീവ്രത, സമ്പദ്വ്യവസ്ഥയിലുണ്ടായ ഇടിവ് എന്നിവ വിദേശ സ്ഥാപനങ്ങളെ വില്‍പ്പന സമ്മര്‍ദത്തിലേക്ക് നയിച്ചു,’ ബിഎന്‍പി പാരിബാസിന്‍റെ ഷെയര്‍ഖാനിലെ ക്യാപിറ്റല്‍ മാര്‍ക്കറ്റ് സ്ട്രാറ്റജി എസ്വിപി മേധാവി ഗൗരവ് ദുവ പറഞ്ഞു. എന്നാല്‍ നിലവിലെ വിറ്റഴിക്കല്‍ ഹ്രസ്വകാല പ്രവണതയാണെന്നും ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്നതായി ഭൂരിഭാഗം അനലിസ്റ്റുകളും വിലയിരുത്തുന്നു.
ഈ വര്‍ഷം ഇതുവരെ, എഫ്പിഐകള്‍ 46,082 കോടി രൂപയുടെ അറ്റ നിക്ഷേപമാണ് ഇക്വിറ്റികളില്‍ നടത്തിയത്. എന്നാല്‍ ഡെറ്റ് സെക്യൂരിറ്റികളില്‍ നിന്ന് 15,616 കോടി രൂപയാണ് പിന്‍വലിച്ചത്. കോവിഡ് രണ്ടാം തരംഗത്തിനൊപ്പം ദുര്‍ബലമായ ഇന്ത്യന്‍ രൂപയും വിദേശ നിക്ഷേകരെ കഴിഞ്ഞ മാസം പിന്‍വലിക്കലിന് പ്രേരിപ്പിച്ചു.
ഓഹരിവിപണികളില്‍ പൊതുവേയും ഏപ്രിലില്‍ ചാഞ്ചാട്ടം പ്രകടമായിരുന്നു.
ഏപ്രിലിലെ ആദ്യ മൂന്നാഴ്ചകളിലും നഷ്ടത്തിലാണ് വിപണി വ്യാപാരം അവസാനിപ്പിച്ചത്. വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുകയും വരുന്ന ദിവസങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം കുറയുകയും ചെയ്താല്‍ സമ്പദ് വ്യവസ്ഥയുടെ വീണ്ടെടുപ്പ് ഊര്‍ജ്ജസ്വലമായി മാറുമെന്നാണ് നിക്ഷേപകരുടെ പ്രതീക്ഷ.