പരിസ്ഥിതി മലിനീകരണം: ഇസ്രയേലിൽ പ്രതിവർഷം മൂവായിരത്തോളം ആളുകൾ മരിക്കുന്നു
ടെൽ അവീവ്: പരിസ്ഥിതി മലിനീകരണം മൂലം ഇസ്രയേലിൽ പ്രതിവർഷം മൂവായിരത്തോളം ആളുകൾ കൊല്ലപ്പെടുന്നതായി റിപ്പോർട്ട്. വായു മലിനീകരണം, റാഡൺ വാതകം,പുകയില മൂലം അന്തരീക്ഷത്തിലുണ്ടാകുന്ന പുക എന്നിവയാണ് പ്രധാനമായും ആളുകളുടെ ജീവനെടുക്കുന്നതെന്ന് ഇസ്രയേലി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ആരോഗ്യ മന്ത്രാലയവും രാജ്യത്തെ പരിസ്ഥിതി, ആരോഗ്യ ഫണ്ടും ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
അന്തരീക്ഷ മലിനീകരണം ആളുകളിൽ കൊറോണ വൈറസ് ബാധയ്ക്കുള്ള സാധ്യത വർധിപ്പിക്കുമെന്നതിന് തെളിവ് ലഭിച്ചതായും അസുഖം വഷളാകാനും ഇത് കാരണമാകുമെന്നും റിപ്പോർട്ടിൽ പറയുന്നു. പരിസ്ഥിതി മലിനീകരണം മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങൾ കുറയ്ക്കുന്നതിനായി നിരവധി കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്നും ജലം, വായു, ഉപഭോക്തൃ ഉൽപ്പന്നങ്ങൾ എന്നിവയിലെ വിഷ വസ്തുക്കളിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് കാര്യക്ഷമമായ ഇടപെടലുകൾ വേണമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.