സ്വകാര്യ ആശുപത്രികളില്‍ 25% കിടക്കകള്‍ കോവിഡിന് നീക്കിവെക്കണം: മുഖ്യമന്ത്രി
കാരുണ്യാ പദ്ധതിയുടെ ഭാഗമായി ചികിത്സാ ചെലവായി നല്‍കേണ്ട തുക 15 ദിവസത്തിനകം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്
ന്യൂഡെല്‍ഹി: സംസ്ഥാനത്ത് ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തില്‍ വലിയ കുതിപ്പ് ഉണ്ടായ സാഹചര്യത്തില്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉയര്‍ത്താനുള്ള ശ്രമങ്ങള്‍ തുടങ്ങി. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുമായി സഹകരിക്കുന്ന 407 സ്വകാര്യ ആശുപത്രികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ചര്‍ച്ച നടത്തി. എല്ലാ ആശുപത്രികളും 25 ശതമാനം കിടക്കയെങ്കിലും കോവിഡ് 19 രോഗികളുടെ ചികിത്സയ്ക്കായി നീക്കിവെക്കാന്‍ തയാറാകണമെന്നാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ 137 ആശുപത്രികള്‍ സര്‍ക്കാര്‍ നിശ്ചയിച്ച തുകയില്‍ കോവിഡ് ചികിത്സ നടത്തുന്നുണ്ട്. പുതിയ സാഹചര്യത്തില്‍ മറ്റ് ആശുപത്രികള്‍ കൂടി ഇതിന് മുന്നോട്ട് വരണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. അമിതമായ തുക രോഗികളില്‍ നിന്ന് ഈടാക്കുന്ന സ്ഥിതിയുണ്ടാകരുത്, സാധാരണക്കാര്‍ക്കു കൂടി ആശ്രയിക്കാനാകുന്ന തരത്തില്‍ നിരക്ക് നിശ്ചയിക്കണമെന്നാണ് ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ എല്ലാ ആശുപത്രിയിലും കോവിഡ് ചികിത്സയ്ക്ക് ഏകീകൃത നിരക്ക് എന്നത് അംഗീകരിക്കുന്നില്ലെന്ന് വിവിധ ആശുപത്രികളുടെ പ്രതിനിധികള്‍ പറഞ്ഞു.
108 ആംബുലന്‍സ് സേവനം വിപുലമാക്കും. കാരുണ്യാ പദ്ധതിയുടെ ഭാഗമായി ചികിത്സാ ചെലവായി നല്‍കേണ്ട തുക 15 ദിവസത്തിനകം സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി നല്‍കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. കൂടുതല്‍ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമായി രംഗത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓരോ ആശുപത്രിയുടെയും നിലവാരം അനുസരിച്ചാകും നിരക്ക് ക്രമീകരിക്കുക എന്നാണ് സ്വകാര്യ ആശുപത്രികളുടെ അസോസിയേഷന്‍ നിലപാട് സ്വീകരിച്ചിട്ടുള്ളത്. അമിത നിരക്ക് ഈടാക്കുന്നതായി പരാതികള്‍ ഉയര്‍ന്നുവന്നാല്‍ അത് പരിഹരിക്കുന്നതിനായി കളക്ടര്‍, ഡിഎംഒ, ഹോസ്പിറ്റല്‍ മാനേജ്മെന്‍റ് അസോസിയേഷന്‍ ഭാരവാഹി എന്നിവര്‍ അംഗങ്ങളായി ജില്ലാതല സമിതി രൂപീകരിക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.
പരിശോധനകള്‍ വ്യാപകമാക്കിയതിന്‍റെ പശ്ചാത്തലത്തില്‍ വരും ദിവസങ്ങളിലും സംസ്ഥാനത്തെ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. അനിവാര്യമായവര്‍ക്കെല്ലാം ചികിത്സ ലഭ്യമാക്കാവുന്ന തരത്തില്‍ ആരോഗ്യ സംവിധാനങ്ങള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും കണക്കുകൂട്ടലിന് അപ്പുറത്തേക്ക് കാര്യങ്ങള്‍ പോയാല്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉയര്‍ത്തേണ്ടി വരുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.