2022 അവസാനത്തോടെ വരുമാനം പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള നിലയിലേക്ക് എത്തുമെന്ന് മജീദ് അല്‍ ഫുത്തൈം
1 min readവാക്‌സിന്‍ വിതരണം ആരംഭിച്ചതിന് ശേഷം ബിസിനസ് മെച്ചപ്പെട്ട് വരുന്നുണ്ടെന്ന് മജീദ് അല്‍ ഫുത്തൈം സിഇഒ അലൈന്‍ ബെജ്ജാനി
ദുബായ്: അടുത്ത വര്‍ഷം അവസാനത്തോടെ വരുമാനവും ലാഭവും പകര്‍ച്ചവ്യാധിക്ക് മുമ്പുള്ള അവസ്ഥയിലേക്ക് തിരിച്ചെത്തുമെന്ന് പശ്ചിമേഷ്യയിലെ ഏറ്റവും വലിയ മാള്‍ നടത്തിപ്പുകാരായ മജീദ് അല്‍ ഫുത്തൈം. മേഖലയിലെ ചില രാജ്യങ്ങളില്‍ വാക്‌സിന്‍ വിതരണം ആരംഭിച്ചതിന് ശേഷം ബിസിനസ് മെച്ചപ്പെട്ട് വരികയാണെന്നും 2021 വളരെ മികച്ച രീതിയിലാണ് തുടങ്ങിയതെന്നും മജീദ് അല്‍ ഫുത്തൈം സിഇഒ അലൈന്‍ ബെജ്ജാനി അസോസിയേറ്റഡ് പ്രസ്സിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്‌സ്, നൂറുകണക്കിന് വോക്‌സ് സിനിമാസ്, പശ്ചിമേഷ്യയിലും പുറത്തുമായി 350ഓളം കാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഉള്‍പ്പടെയുള്ള വലിയ ബിസിനസ് ശൃംഖലയാണ് മാജിദ് അല്‍ ഫുത്തൈമിന്റേത്. യുഎഇയും സൗദി അറേബ്യയും ഈജിപ്തുമാണ് മജീദ് അല്‍ ഫുത്തൈമിന്റെ ഏറ്റവും ശക്തമായ വിപണികള്‍. പാക്കിസ്ഥാന്‍, കെനിയ, ഉസ്‌ബെക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളിലും ഈ ഗ്രൂപ്പിന് സാന്നിധ്യമുണ്ട്.
തുല്യമല്ലാത്ത വാക്‌സിന്‍ വിതരണം മേഖലയ്ക്ക് ഇപ്പോഴും ഒരു വെല്ലുവിളിയായി അവശേഷിക്കെ, പശ്ചിമേഷ്യന്‍ സമ്പദ് വ്യവസ്ഥകളുടെ സാമ്പത്തിക വീണ്ടെടുപ്പ് സംബന്ധിച്ച പ്രവചനങ്ങളേക്കാള്‍ വേഗത്തിലുള്ള തിരിച്ചുവരവാണ് മാജിദ് അല്‍ ഫുത്തൈം കണക്കുകൂട്ടുന്നത്. ഏതാണ്ട് 43,000 ജീവനക്കാരുള്ള മജീദ് അല്‍ ഫുത്തൈം കഴിഞ്ഞ വര്‍ഷം 7 ശതമാനം വരുമാനത്തകര്‍ച്ച നേരിട്ടിരുന്നു. 8.9 ബില്യണ്‍ ഡോളര്‍ വരുമാനമാണ് കഴിഞ്ഞ വര്‍ഷം മാജിദ് അല്‍ ഫുത്തൈം നേടിയത്. അതേസമയം ലോക്ക്ഡൗണും സഞ്ചാരവിലക്കുകളും കാരണം ഗ്രൂപ്പിന്റെ അറ്റാദായം 19 ശതമാനം തകര്‍ന്ന് 1 ബില്യണ്‍ ഡോളറായി കുറയുകയും ചെയ്തു. വിനോദ, ഉല്ലാസ വിഭാഗങ്ങളിലാണ് മജീദ് അല്‍ ഫുത്തൈം ഏറ്റവും വലിയ തകര്‍ച്ച നേരിട്ടത്. ഈ മേഖലകളില്‍ നിന്നുള്ള വരുമാനം 49 ശതമാനം ഇടിഞ്ഞ് 380 ദശലക്ഷം ഡോളറായും അറ്റാദായം 122 ശതമാനം തകര്‍ന്ന് 25 മില്യണ്‍ ഡോളറായും ചുരുങ്ങി.
കഴിഞ്ഞ വര്‍ഷത്തെ സാമ്പത്തിക തകര്‍ച്ചയ്ക്കിടയിലും ഈ വര്‍ഷം സൗദി അറേബ്യയില്‍ 30 പുതിയ സിനിമ തീയറ്ററുകള്‍ ആരംഭിക്കാനുള്ള പദ്ധതിയിലാണ് കമ്പനി. മാത്രമല്ല ഗ്രൂപ്പിന്റെ ഏറ്റവും വലിയ മാളിന്റെ നിര്‍മാണം റിയാദില്‍ പുരോഗമിക്കുകയാണ്. 2021 അവസാനത്തോടെ ഒമാനില്‍ രാജ്യത്തെ ഏറ്റവും വലിയ മാള്‍ നിര്‍മിക്കുമെന്നും മജീദ് അല്‍ ഫുത്തൈം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ രാജ്യങ്ങളും അവരുടേതായ വെല്ലുവിളികള്‍ നേരിടുകയാണെന്നും യുഎഇയും സൗദി അറേബ്യയും ഈജിപ്തും പകര്‍ച്ചവ്യാധിയില്‍ നിന്നും അതിവേഗത്തിലുള്ള തിരിച്ചുവരവ് നടത്തുമെന്നും ബെജ്ജാനി അഭിപ്രായപ്പെട്ടു.
മജീദ് അല്‍ ഫുത്തൈമിന്റെ പ്രധാന വിപണികളിലെല്ലാം വാക്‌സിന്‍ വിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ബിസിനസ് പഴയ അവസ്ഥയിലേക്ക് ഇതുവരെ എത്തിയിട്ടില്ല. ആഗോളതലത്തിലുള്ള മറ്റ് ബിസിനസുകളെ പോലെ നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാണ് മജീദ് അല്‍ ഫുത്തൈമും ശ്രമിക്കുന്നത്. ഡിജിഖ്ഖല്‍ പാസ്‌പോര്‍ട്ട് അടക്കമുള്ള പദ്ധതികളാണ് ഇതിന്റെ ഭാഗമായി കമ്പനി അവതരിപ്പിക്കുന്നത്. ഉദാഹരണത്തിന കമ്പനിക്ക് 30 സിനിമാസ് ഉള്ള ബഹ്‌റൈനില്‍ വാക്‌സിന്‍ എടുത്തവര്‍ക്കും കോവിഡ്-19 രോഗമുക്തി നേടിയവര്‍ക്കും മാത്രമാണ് തീയറ്ററുകളില്‍ പ്രവേശനം. ജനങ്ങളുടെ സുരക്ഷയ്ക്കായി ഇത്തരത്തിലുള്ള ഏത് നിര്‍ദ്ദേശങ്ങളോടും കമ്പനിക്ക് അനുകൂല നിലപാടാണ് ഉള്ളതെന്ന് ബെജ്ജാനി പറഞ്ഞു.
1992ല്‍ സ്ഥാപിതമായ മാജിദ് അല്‍ ഫുത്തൈം അതിവേഗത്തിലുള്ള വളര്‍ച്ചയാണ് പിന്നീടിങ്ങോട്ടുള്ള വര്‍ഷങ്ങളില്‍ പ്രകടിപ്പിച്ചത്. ദുബായിന്റെ വികസനത്തിനൊപ്പം മജീദ് അല്‍ ഫുത്തൈമിന്റെ ബിസിനസും മേഖലയൊന്നാകെ പടര്‍ന്ന് പന്തലിച്ചു. കഴിഞ്ഞ വര്‍ഷം പകര്‍ച്ചവ്യാധി ഏറ്റവും രൂക്ഷമായതിനെ തുടര്‍ന്ന് ദുബായ് 24 മണിക്കൂര്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചപ്പോഴും മജീദ് അല്‍ ഫുത്തൈമിന്റെ കാരിഫോര്‍ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നല്ല തിരക്കായിരുന്നു.