2030ഓടെ 2 ട്രില്യൺ ഡോളറിന്റെ ഫണ്ടായി മാറുമെന്ന് പിഐഎഫ്
റിയാദ്: 2030ഓടെ 2 ട്രില്യൺ ഡോളർ വലുപ്പത്തിലുള്ള ഫണ്ടായി മാറാനാണ് പിഐഎഫ് ശ്രമിക്കുന്നതെന്ന് സൌദി അറേബ്യയിലെ സോവറീൻ വെൽത്ത് ഫണ്ടായ പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ടിന്റെ ഗവർണർ യാസിർ അൽ റുമയ്യാൻ. നിലവിൽ 400 ബില്യൺ ഡോളറിന്റെ നിക്ഷേപമാണ് പിഐഎഫിന് വിവിധ കമ്പനികളിലായി ഉള്ളത്. ടെക്നോളജി മേഖലയിൽ വൻകിട നിക്ഷേപം നടത്തുന്ന കമ്പനികളിലൊന്നാണ് പിഐഎഫ് എന്നും തദ്ദേശീയ പദ്ധതികളിൽ കൂടുതലായി നിക്ഷേപം നടത്തുമെന്നും റുമയ്യാൻ പറഞ്ഞു.
തദ്ദേശീയ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് സാമ്പത്തികവും അല്ലാത്തതുമായ ലക്ഷ്യങ്ങളോട് കൂടിയ വിദേശ നിക്ഷേപങ്ങളാണ് ഫണ്ട് നടത്തുന്നതെന്ന് റുമയ്യാൻ വ്യക്തമാക്കി. നിലവിൽ ആകെ നിക്ഷേപത്തിന്റെ 25 ശതമാനം വിദേശ നിക്ഷേപമാണ് . 2016ൽ ഇത് കേവലം 2 ശതമാനം മാത്രമായിരുന്നുവെന്നും റുമയ്യാൻ കൂട്ടിച്ചേർത്തു.
വിദേശ നിക്ഷേപങ്ങളെ കൂടാതെ തദ്ദേശീയ കമ്പനികളിലും പിഐഎഫിന് നിക്ഷേപമുണ്ട്. സൌദി ഓഹരി വിപണിയായ തദവുളിൽ 34 ശതമാനം ഉടമസ്ഥാവകാശം ഉള്ളതിനാൽ സൌദി വിപണിയിലെ നിരവധി കമ്പനികളിൽ പിഐഎഫിന് ഓഹരികളുണ്ട്. നിയോം സിറ്റിയിലെ ഏറ്റവും വലിയ നിക്ഷേപകരാണ് പിഐഎഫ്. 1.3 ബില്യൺ ഡോളർ നിക്ഷേപ മൂല്യവുമായി ലൂസിഡ് മോട്ടോഴ്സിൽ 67 ശതമാനം ഓഹരി അവകാശമാണ് പിഐഎഫിനുള്ളതെന്നും റുമയ്യാൻ പറഞ്ഞു.