വായ ശുചിയായി സൂക്ഷിച്ചാല്‍ ഹൃദയത്തിലെ അണുബാധ തടയാം
ബാക്ടീരിയല്‍ എന്‍ഡോകാര്‍ഡിറ്റിസ് എന്ന ഹൃദയത്തിലെ അണുബാധ വായ്ക്കുള്ളിലെ ശുചിത്വക്കുറവ് മൂലവും ഉണ്ടാകാം
വായ്ക്കുള്ളിലെ ശുചിത്വം കാത്തുസൂക്ഷിക്കുന്നത് ദന്ത പരിപാലന ചികിത്സകളില്‍ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനേക്കാള്‍ പ്രധാനമാണെന്ന് അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ (എഎച്ച്എ). പല്ലിന് ചുറ്റുമായുള്ള ബാക്ടീരിയ മൂലമുണ്ടാകുന്ന ഹൃദ്രോഗബാധ തടയുന്നതില്‍ വായ്ക്കുള്ളിലെ ശുചിത്വത്തിന് വലിയ പങ്കുണ്ടെന്നാണ് സര്‍ക്കുലേഷന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച എഎച്ച്എ പ്രസ്താവന വ്യക്തമാക്കുന്നത്.
വായില്‍ നിന്നും രക്തപ്രവാഹത്തിലേക്ക് പ്രവേശിച്ച് ഹൃദയപേശികളിലോ വാല്‍വിലോ രക്തക്കുഴലിലോ പറ്റിപ്പിടിക്കുന്ന ബാക്ടീരിയ മൂലം ഹൃദയത്തിനുണ്ടാകുന്ന അണുബാധയാണ് ബാക്ടീരിയല്‍ എന്‍ഡോകാര്‍ഡിറ്റിസ് അഥവാ ഇന്‍ഫെക്ടീവ് എന്‍ഡോകാര്‍ഡിറ്റിസ് (ഐഇ). ആന്റിബയോട്ടിക്കുകളുടെ ഉപയോഗം ഐഇക്ക് കാരണമാകാറുണ്ട്. ഹൃദ്രോഗ ഭീഷണികള്‍ നേരിടുന്ന രോഗികളില്‍ ചില ദന്തരോഗ ചികിത്സാരീതികള്‍ വിറിഡന്‍സ് ഗ്രൂപ്പ് സ്‌ട്രെപ്പോകോക്കല്‍ ഇന്‍ഫെക്ടീവ് എന്‍ഡോകാര്‍ഡിറ്റിസിന് (വിജിഎസ് ഐഇ) കാരണമാകുമെന്ന ആശങ്ക വൈദ്യശാസ്ത്ര ലോകത്ത് ഉണ്ട്. പല്ലിന് പുറത്തായി കാണപ്പെടുന്ന പാളിയില്‍ ശേഖരിക്കപ്പെടുകയും മോണയില്‍ അണുബാധയും പഴുപ്പും ഉണ്ടാക്കുകയും ചെയ്യുന്ന ബാക്ടീരിയയാണ് വിജിഎസ് ഐഇ ഉണ്ടാക്കുന്നത്.
അതേസമയം ദന്തരോഗ ചികിത്സകളില്‍ പൊതുവായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകളുടെ പരിമിതമായ ഉപയോഗം എന്‍ഡോകാര്‍ഡിറ്റിസ് സാധ്യത വര്‍ധിപ്പിക്കുന്നില്ലെന്നാണ് 2007 മുതലുള്ള ശാസ്ത്രീയ വിവരങ്ങള്‍ സൂചിപ്പിക്കുന്നതെന്ന് മിനിസോട്ടയിലെ മയോക്ലിനികില്‍ ഇന്റേണല്‍ മെഡിസിന്‍ വിഭാഗം പ്രഫസറായ വാള്‍ട്ടര്‍ ആര്‍ വില്‍സണ്‍ പറഞ്ഞു. അണുബാധ മൂലമുള്ള സങ്കീര്‍ണത കണക്കിലെടുത്ത് വിജിഎസ് ഐഇ തടയുന്നതിനായി നാല് വിഭാഗങ്ങളില്‍ പെട്ട ഹൃദ്രോഗികള്‍ക്ക് മാത്രമേ ദന്തരോഗ ചികിത്സാ നടപടിക്രമങ്ങള്‍ക്ക് മുമ്പായി ആന്റിബയോട്ടുക്കുകള്‍ നല്‍കാവൂ എന്ന മുന്‍ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് എഎച്ച്എയുടെ കണ്ടെത്തലുകള്‍. കൃത്രിമ ഹൃദയ വാല്‍വുകള്‍ ഘടിപ്പിച്ചവര്‍, ഹൃദയവാല്‍വിന്റെ തകരാര്‍ പരിഹരിക്കുന്നതിനായി കൃത്രിമോല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചവര്‍, മുമ്പ് ഐഇ വന്നവര്‍, ജന്മനാ ഹൃദ്രോഗമുള്ള കുട്ടികളും മുതിര്‍ന്നവരും, ഹൃദയമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയമായവര്‍, എന്നിവരാണ് ആ നാല് വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത്.
ഹൈ റിസ്‌ക് വിഭാഗത്തില്‍ പെട്ട രോഗികള്‍ക്ക് മാത്രമേ വിജിഎസ് ഐഇ വരാതിരിക്കാന്‍ ദന്തരോഗ ചികിത്സാ നടപടികള്‍ക്ക് മുമ്പായി ആന്റിബയോട്ടിക്കുകള്‍ നല്‍കേണ്ടതുള്ളുവെന്ന അഭിപ്രായമാണ് എച്ച്എഎ ഗവേഷകര്‍ മുന്നോട്ടുവെക്കുന്നത്. വായ്ക്കുള്ളിലെ ശുചിത്വമില്ലായ്മയും മോണരോഗങ്ങളും ദന്തരോഗ ചികിത്സ നടപടികളുടെ ഭാഗമായുള്ള മരുന്നുകളുടെ ഉപയോഗം മൂലമല്ലാതെ, പല്ലുതേക്കല്‍ പോലുള്ള ദിനചര്യകളുടെ ഭാഗമായി വിജിഎസ് ഐഇ ഉണ്ടാകുന്നതിന് കാരണമാകുന്നു.