2020ല്‍ ദുബായിലേക്ക് എത്തിയത് 24.7 ബില്യണ്‍ ദിര്‍ഹത്തിന്റെ വിദേശ നിക്ഷേപം
1 min readപുതിയതായി 18,325 തൊഴിലവസരങ്ങള്‍ കഴിഞ്ഞ വര്‍ഷം രാജ്യത്ത് സൃഷ്ടിക്കപ്പെട്ടു
ദുബായ്: വിദേശ നിക്ഷേപകരുടെ പ്രിയ നിക്ഷേപ കേന്ദ്രമെന്ന പേര് നിലനിര്‍ത്തി ദുബായ്. 445 എഫ്ഡിഐ പദ്ധതികളില്‍ നിന്നായി 24.7 ബില്യണ്‍ ദിര്‍ഹം വിദേശ നിക്ഷേപമാണ് കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് ഒഴുകിയെത്തിയത്. ഏകദേശം 18,325 തൊഴിലവസരങ്ങളും കഴിഞ്ഞ വര്‍ഷം രാജ്യത്ത് പുതിയതായി സൃഷ്ടിക്കപ്പെട്ടു. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതില്‍ പശ്ചിമേഷ്യ, വടക്കന്‍ ആഫ്രിക്ക മേഖലയില്‍ ഒന്നാംസ്ഥാനത്തും ആഗോളതലത്തില്‍ നാലാംസ്ഥാനത്തുമാണ് ദുബായ്.
ദുബായുടെ ആകര്‍ഷകമായ നിക്ഷേപ അന്തരീക്ഷത്തിനുള്ള അംഗീകാരവും എമിറേറ്റിലെ ഭാവി വികസന സാധ്യതകളില്‍ നിക്ഷേപകര്‍ക്കുള്ള ആത്മവിശ്വാസത്തിന് തെളിവുമാണ് ഈ നേട്ടമെന്ന് ദുബായ് കിരീടാവകാശിയും എക്‌സിക്യുട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഷേഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം അവകാശപ്പെട്ടു. പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ വിജയം നേടാനായതും കുറഞ്ഞ സമയത്തിനുള്ളില്‍ സാമ്പത്തിക വീണ്ടെടുപ്പ് ആരംഭിക്കാനായതും ലോകത്തിലെ തന്നെ ഏറ്റവും മികച്ച നിക്ഷേപ സാഹചര്യം ഒരുക്കാന്ും ആഗോള വെല്ലുവിളികളെ വളര്‍ച്ചയ്ക്ക് വേണ്ടിയുള്ള പുതിയ അവസരങ്ങളാക്കി മാറ്റാനുമുള്ള ദുബായുടെ പ്രതിബദ്ധതയ്ക്ക് തെളിവാണ്. സാങ്കേതിക വളര്‍ച്ചയും ഇന്നവേഷനും പ്രതിഭാധനരായ എമിറാറ്റികളുടെയും വിദേശീയരുടെയും പങ്കാളിത്തവും ലോകത്തില്‍ ജോലി ചെയ്യാനും ജീവിക്കാനും നിക്ഷേപം നടത്താനുമുള്ള ഏറ്റവും മികച്ച ഇടമാക്കി ദുബായിയെ മാറ്റിയെന്ന് ദുബായ് കിരീടാവകാശി കൂട്ടിച്ചേര്‍ത്തു.
ദുബായ് ഇക്കോണമി സ്ഥാപനമായ ദുബായ് ഇന്‍വെസ്റ്റ്‌മെന്റ് ഡെവലപ്‌മെന്റ് ഏജന്‍സി പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം, കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലെ വാര്‍ഷിക ശരാശരിയേക്കാളും അധികമാണ് 455 പ്രോജക്ടുകളില്‍ നിന്നുമായി കഴിഞ്ഞ വര്‍ഷം എമിറേറ്റിലേക്കെത്തിയ എഫ്ഡിഐ. കോവിഡ്-19 പകര്‍ച്ചവ്യാധിയും അതിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും തീര്‍ത്ത തീര്‍ത്തും വെല്ലുവിളി നിറഞ്ഞ ആഗോള നിക്ഷേപ സാഹചര്യത്തിലാണ് ദുബായ് വിദേശ നിക്ഷേപ രംഗത്ത് ഇത്ര വലിയ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ ജനുവരിയില്‍ പ്രസിദ്ധീകരിച്ച യുണെറ്റഡ് നേഷന്‍സ് കോണ്‍ഫറന്‍സ് ഓണ്‍ ട്രേഡ് ആന്‍ഡ് ഡെവലപ്‌മെന്റിന്റെ ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് ട്രെന്‍ഡ്‌സ് മോണിറ്റര്‍ പ്രകാരം, ആഗോള എഫ്ഡിഐ കഴിഞ്ഞ വര്‍ഷം 42 ശതമാനം ഇടിഞ്ഞ് 3.15 ട്രില്യണ്‍ ദിര്‍ഹമായി കുറഞ്ഞിരുന്നു. 2019ല്‍ ഇത് 5.5 ട്രില്യണ് ദിര്‍ഹമായിരുന്നു.
കഴിഞ്ഞ വര്‍ഷം ദുബായ് സമ്പദ് വ്യവസ്ഥ ഉയര്‍ന്ന നിലവാരത്തിലുള്ള അതിജീവന ശേഷിയും വൈവിധ്യവും വളരെ വേഗത്തില്‍ മാറ്റങ്ങളുമായി പൊരുത്തപ്പെടാനുള്ള ശേഷിയും പ്രകടിപ്പിച്ചുവെന്നും ലോകോത്തര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യവും നിയമങ്ങളും ബിസിനസ് ചെയ്യാനുള്ള എളുപ്പവും ദുബായ് സമ്പദ് വ്യവസ്ഥയ്ക്ക് കരുത്തേകിയെന്നും ദുബായ് ഇക്കോണമി ഡയറക്ടര്‍ ജനറല്‍ സമി അല്‍ ഖംസി പറഞ്ഞു. ധനകാര്യ സേവനങ്ങള്‍, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, വ്യാപാരം തുടങ്ങി തന്ത്രപ്രധാനവും ഭാവി വളര്‍ച്ചയില്‍ നിര്‍ണായകവുമായ എല്ലാ മേഖലകളിലും നിക്ഷേപകര്‍ക്ക് വളര്‍ച്ചയ്ക്കും വികസനത്തിനുമുള്ള അവസരങ്ങള്‍ നല്‍കിക്കൊണ്ട് ആഗോള സമ്പദ് വ്യവസ്ഥയുടെ ഹബ്ബായി ദുബായി മാറിയെന്നും ഇന്‍ഡസ്ട്രി 4.0 സാങ്കേതികവിദ്യകളിലും എല്ലാ മേഖലകളിലെയും ഡിജിറ്റല്‍വല്‍ക്കരണത്തിലും സ്മാര്‍ട്ട്‌സിറ്റി സേവനങ്ങളിലും ദുബായ് ആഗോളതലത്തില്‍ തന്നെ മുന്‍പന്തിയിലാണെന്നും അല്‍ ഖംസി അവകാശപ്പെട്ടു.
കഴിഞ്ഞ വര്‍ഷം ദുബായില്‍ പ്രഖ്യാപിക്കപ്പെട്ട ആകെ എഫ്ഡിഐ പ്രോജക്ടുകളില്‍ 50 ശതമാനം ഗ്രീന്‍ഫീല്‍ഡ് എഫ്ഡിഐ വിഭാഗത്തിലുള്ളവയാണ്. പുനര്‍ നിക്ഷേപങ്ങളിലൂടെ 2020ല്‍ 1.6 ബില്യണ്‍ ദിര്‍ഹത്തിന്റെ എഫ്ഡിഐ മൂലധനമാണ് ദുബായിലെത്തിയത്. 2016ന് ശേഷം ഇതാദ്യമായാണ് പുനര്‍ നിക്ഷേപങ്ങളിലൂടെയുള്ള എഫ്ഡിഐ മൂലധനം 1 ബില്യണ്‍ ദിര്‍ഹം മറികടക്കുന്നത്. അമേരിക്കയില്‍ നിന്നുമാണ് കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് ഏറ്റവുമധികം എഫ്ഡിഐ എത്തിയത്. മൊത്തത്തിലുള്ള എഫ്ഡിഐ മൂലധനത്തിന്റെ 21 ശതമാനവും പ്രോജക്ടുകളുടെ 22 ശതമാനവും അമേരിക്കയില്‍ നിന്നായിരുന്നു. ദുബായിലെ എഫ്ഡിഐ മൂലധനത്തില്‍ മുന്‍പന്തിയിലുള്ള മറ്റ് രാജ്യങ്ങള്‍ ഫ്രാന്‍സ് (16 ശതമാനം), ജപ്പാന്‍ (11 ശതമാനം), യുകെ (7.0 ശതമാനം), ജര്‍മനി (6.0 ശതമാനം) എന്നിവയാണ്. അതേസമയം എഫ്ഡിഐ പ്രോജക്ടുകളില്‍ യുകെ (14 ശതമാനം), ഫ്രാന്‍സ് (6 ശതമാനം), ഇന്ത്യ(6.0 ശതമാനം), നെതര്‍ലന്‍ഡ് (4.0 ശതമാനം) എന്നീ രാജ്യങ്ങളാണ് മുന്‍നിരയില്‍.
താമസം-ഭക്ഷണം, വൈദ്യുതോല്‍പ്പാദനം, വിവര സാങ്കേതികവിദ്യ, ആരോഗ്യ സംരക്ഷണം-സാമൂഹിക പിന്തുണ, ചില്ലറ-മൊത്ത വ്യാപാരം എന്നീ മേഖലകളാണ് കഴിഞ്ഞ വര്‍ഷം ദുബായിലേക്ക് ഏറ്റവുമധികം വിദേശ നിക്ഷേപം ആകര്‍ഷിച്ചത്. ആകെ വിദേശ നിക്ഷേപ മൂലധനത്തിന്റെ 69 ശതമാനവും ഈ മേഖലകളിലേക്കാണ് എത്തിയത്.