റഷ്യയുടെ സ്പുട്നിക്കിന് അനുമതി നൽകാൻ ഇന്ത്യ
1 min readവാക്സിൻ ക്ഷാമം നേരിടുന്ന സാഹചര്യത്തിലാണ് നടപടി
ന്യൂ ഡെൽഹി: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ മൂന്നാമതൊരു വാക്‌സിന് കൂടി ഇന്ത്യ അനുമതി നൽകിയേക്കും.
റഷ്യയുടെ സ്പുട്നിക് V വാക്‌സിന് അടിയന്തര സാഹചര്യത്തിൽ അനുമതി നൽകണമെന്ന് വിദഗ്‌ധ സമിതി കേന്ദ്ര സർക്കാരിനോട് ശുപാർശ ചെയ്തു.
ഡോ. റെഡ്ഡീസ് ലബോറട്ടറിസ് ആണ് സ്പുട്നിക് അഞ്ച് അടിയന്തര സാഹചര്യങ്ങളിൽ ഉപയോഗിക്കാൻ അനുമതി വേണമെന്ന ആവശ്യവുമായി സമിതിയെ സമീപിച്ചത്.
സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷന്റെ സബ്ജക്ട് എക്സ്പർട് കമ്മിറ്റി ആണ് സ്പുട്നിക് വാക്‌സിന് അനുമതി നൽകാൻ ശുപാർശ ചെയ്തിരിക്കുന്നത്.
തിങ്കളാഴ്ച്ചയാണ് ഡോ റെഡ്ഡീസിന്റെ അപേക്ഷ സമിതി പരിഗണിച്ചത്. ഡ്രഗ്സ് കണ്ട്രോൾ ഓഫ് ഇന്ത്യയാണ് വിഷയത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. അനുമതി ലഭിച്ചാൽ ഇന്ത്യയിൽ ഉപയോഗിക്കപ്പെടുന്ന മൂന്നാമത്തെ കോവിഡ് വാക്സിൻ ആയി സ്പുട്നിക് മാറും. നിലവിൽ കോവാക്സിൻ, കോവിഷീൽഡ് വാക്സിനുകൾ ആണ് ഇന്ത്യയിൽ ഉപയോഗപ്പെടുത്തുന്നത്.
അടിയന്തര ഉപയോഗം മുൻ നിർത്തി റഷ്യയിൽ നിന്നും വാക്സിൻ ഇറക്കുമതി ചെയ്യാൻ ആണ് പദ്ധതി.
സ്പുട്നിക് വാക്സിനിന്റെ ക്ലിനിക്കൽ ട്രയലുകൾക്കും വിതരണ അവകാശങ്ങൾക്കുമായി കഴിഞ്ഞ സെപ്റ്റംബറിൽ ആണ് ഡോ റെഡ്ഡീസ് ലബോറട്ടറീസ് റഷ്യൻ ഡയറക്ട് നിക്ഷേപ ഫണ്ടുമായി പങ്കാളിത്തത്തിൽ ഏർപ്പെട്ടത്.