രാജ്യത്ത് പുതിയ കോവിഡ് കേസുകള്‍ ഒന്നര ലക്ഷത്തിനടുത്ത്; രോഗബാധിതര്‍ പത്ത് ലക്ഷത്തിലധികം
1 min readശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ മരണസംഖ്യ 794 ആയി ഉയര്‍ന്നു
ന്യൂഡെല്‍ഹി: പകര്‍ച്ചവ്യാധിയുടെ രണ്ടാംതംരംഗത്തില്‍ വിറങ്ങലിച്ച് രാജ്യം. ശനിയാഴ്ച രാവിലെ അവസാനിച്ച 24 മണിക്കൂറില്‍ 1,45,384 പുതിയ കോവിഡ്-19 കേസുകളും 794 മരണവുമാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്ത് നിലവില്‍ കൊറോണ വൈറസ് ബാധിതരായ ആളുകളുടെ എണ്ണം 10,46,631 ആയി ഉയര്‍ന്നതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ലോകത്ത് കോവിഡ്-19 പകര്‍ച്ചവ്യാധി ഏറ്റവും രൂക്ഷമായ നാലാമത്തെ രാജ്യമാണ് നിലവില്‍ ഇന്ത്യ. ഇതുവരെ പകര്‍ച്ചവ്യാധി പിടിപെട്ട് 1,68,436 പേരാണ് രാജ്യത്ത് മരണമടഞ്ഞത്. ഇതാദ്യമായാണ് ഇന്ത്യയില്‍ പ്രതിദിന രോഗികളുടെ എണ്ണം ഒന്നര ലക്ഷത്തിനടുത്ത് എത്തുന്നത്. തുടര്‍ച്ചയായ നാലാംദിവസമാണ് രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുന്നത്.
ഇരുപത്തിനാല് മണിക്കൂറിനിടെ 77,567 ആളുകള്‍ കോവിഡ്-19ല്‍ നിന്നും രോഗമുക്തി നേടി. ഇതോടെ പകര്‍ച്ചവ്യാധി ആരംഭിച്ചതിന് ശേഷം രോഗമുക്തി നേടിയവരുടെ എണ്ണം 1,19,90,859 ആയി വര്‍ധിച്ചു. നിലവിലെ രോഗമുക്തി നിരക്ക് 90.80 ശതമാനമാണ്. ശനിയാഴ്ച രാവിലെ വരെ മൊത്തത്തില്‍ 11,73,219 സാംപിളുകളാണ് പരിശോധിച്ചത്.അതേസമയം വെള്ളിയാഴ്ച രാജ്യത്ത് 34,15,055 പേര്‍ക്ക് വാക്‌സിന്‍ കുത്തിവെച്ചു. ഉതോടെ രാജ്യത്ത് മൊത്തത്തില്‍ വാക്‌സിന്‍ ലഭിച്ചവരുടെ എണ്ണം 9,80,75,160 ആയി.