രണ്ടാം കോവിഡ് തരംഗം ഇന്ത്യന്‍ ബാങ്കുകളുടെ വെല്ലുവിളി ഉയര്‍ത്തുന്നു
1 min read2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 12.8 ശതമാനമാകുമെന്ന് ഫിച്ച് പ്രവചിക്കുന്നു
ന്യൂഡെല്‍ഹി: കോവിഡ് -19 അണുബാധയുടെ രണ്ടാം തരംഗം ഇന്ത്യയുടെ ദുര്‍ബലമായ സാമ്പത്തിക വീണ്ടെടുക്കലിനും ബാങ്കുകള്‍ക്കും കൂടുതല്‍ അപകടസാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്ന് ഫിച്ച് റേറ്റിംഗ്സിന്‍റെ നിരീക്ഷണം അറിയിച്ചു.2021 ല്‍ ഇന്ത്യന്‍ ബാങ്കിംഗ് മേഖലയ്ക്ക് ചെറിയ തോതിലുള്ള മോശമായ അന്തരീക്ഷമാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന അണുബാധയും അതിവം ചെറുക്കുന്നതിനുള്ള നടപടികളും ബിസിനസിനെയും സാമ്പത്തിക പ്രവര്‍ത്തനങ്ങളെയും കൂടുതല്‍ ബാധിച്ചാല്‍ വെല്ലുവിളികള്‍ രൂക്ഷമാകും.
പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഏപ്രില്‍ തുടക്കത്തില്‍ 100,000 കവിഞ്ഞു. ഫെബ്രുവരി പകുതിയില്‍ ഇത് 9,300 ആയിരുന്നു. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ യഥാര്‍ത്ഥ ജിഡിപി വളര്‍ച്ച 12.8 ശതമാനമാകുമെന്ന് ഫിച്ച് പ്രവചിക്കുന്നു. പുതിയ കൊറോണ വൈറസ് കേസുകളുടെ വര്‍ധന കാരണം നടപ്പു പാദത്തില്‍ വളര്‍ച്ചാ മാന്ദ്യം അനുഭവപ്പെട്ടേക്കാം എന്നും നിരീക്ഷിക്കുന്നുണ്ട്.
പുതിയ അണുബാധകളില്‍ 80 ശതമാനവും ആറ് പ്രമുഖ സംസ്ഥാനങ്ങളിലാണ്. രാജ്യത്ത് ബാങ്കിംഗ് മേഖലയിലെ മൊത്തം വായ്പകളുടെ 45 ശതമാനം ഈ സംസ്ഥാനങ്ങളിലായാണ് ഉള്ളത്.
2020ലെ പോലെ കര്‍ശനമായ രാജ്യവ്യാപക ലോക്ക്ഡൗണിന് സാധ്യതയില്ലെങ്കിലും, ഈ സംസ്ഥാനങ്ങളിലെ സാമ്പത്തിക പ്രവര്‍ത്തനങ്ങളില്‍ ഇനിയും എന്തെങ്കിലും തടസ്സമുണ്ടാകുന്നത് ബിസിനസ്സ് വികാരം ദുര്‍ബലമാക്കും. കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുന്നത് ഉപഭോക്താക്കളുടെയും കോര്‍പ്പറേറ്റ് തലത്തിലെയും ആത്മവിശ്വാസം വീണ്ടെടുക്കുന്നത് മന്ദഗതിയിലാക്കും. പുതിയ ബിസിനസിനായുള്ള ബാങ്കുകളുടെ സാധ്യതകളില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയരുകയും ചെയ്യുമെന്ന് ഫിച്ച് റേറ്റിംഗ്സ് ചൂണ്ടിക്കാണിക്കുന്നു.
ആദ്യ തരംഗത്തിന്‍റെയും ലോക്ക്ഡൗണിന്‍റെയും ആഘാതത്തില്‍ നിന്ന് ബാങ്കുകളുടെ സാമ്പത്തിക ഫലങ്ങള്‍ പൂര്‍ണമായും മുക്തി നേടിയിട്ടില്ലാത്തതിനാല്‍ ആസ്തി ഗുണനിലവാര ആശങ്കകളും ഉയരുന്നുണ്ട്.
‘മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) റീട്ടെയില്‍ വായ്പകളും ഏറ്റവും അപകടത്തിലാണെന്ന് ഞങ്ങള്‍ കരുതുന്നു, “ഫിച്ച് റേറ്റിംഗ്സിലെ ധനകാര്യ സ്ഥാപന വിഭാഹത്തിന്‍റെ സീനിയര്‍ ഡയറക്ടര്‍ ശാശ്വത ഗുഹ പറഞ്ഞു.
‘ചില്ലറ വായ്പകള്‍ പ്രതീക്ഷകളേക്കാള്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, പുതിയ കോവിഡ് 19 നിയന്ത്രണങ്ങള്‍ വ്യക്തിഗത വരുമാനത്തിലും സമ്പാദ്യത്തിലും കൂടുതല്‍ സ്വാധീനം ചെലുത്തുന്നുണ്ടെങ്കില്‍ സമ്മര്‍ദ്ദം വര്‍ദ്ധിച്ചേക്കാം. എന്നിരുന്നാലും, എംഎസ്എംഇകള്‍ സര്‍ക്കാര്‍ പിന്തുണയുള്ള റീഫിനാന്‍സിംഗ് സ്കീമുകളില്‍ നിന്ന് പ്രയോജനം നേടി,’ അവര്‍ പറഞ്ഞു.
സ്വകാര്യ ബാങ്കുകള്‍ റീട്ടെയ്ല്‍ മേഖലയുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്നവയാണ്. എന്നാല്‍, വരുമാന ശേഷി, ആകസ്മിക ചെലവുകള്‍ക്കുള്ള കരുതല്‍, സമ്മര്‍ദം നേരിടാനുള്ള കോര്‍ ക്യാപിറ്റലൈസേഷന്‍ എന്നിവയെല്ലാം അവയ്ക്ക് കൂടുതലായുണ്ട്. ഇതിനു വിപരീതമായി, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ബാങ്കുകളുടെ ദുര്‍ബലമായ ആസ്തി ഗുണനിലവാരവും ദുരിതാശ്വാസ നടപടികളിലെ കൂടുതല്‍ പങ്കാളിത്തവുമെല്ലാം കൂടുതല്‍ വെല്ലുവിളിയുയര്‍ത്തുന്നു.
എംഎസ്എംഇ റീഫിനാന്‍സിംഗ് സ്കീം ജൂണ്‍ 30 വരെ നീട്ടുന്നത് ഹ്രസ്വകാലത്തേക്ക് ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കുമെങ്കിലും എംഎസ്എംഇ മേഖലയില്‍ നിന്നുള്ള സമ്മര്‍ദിത ആസ്തികള്‍ വര്‍ധിപ്പിക്കും. വെല്ലുവിളികള്‍ ഏറെയുണ്ടെങ്കിലും വേഗത്തിലുള്ള വീണ്ടെടുപ്പ് ബാങ്കിംഗ് മേഖലയുടെ പുനരുജ്ജീവനത്തിന് ആവശ്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.