മൊബീല്‍ പെയ്‌മെന്റ് സേവനം വണ്‍പ്ലസ് പേ വരുന്നു
‘വണ്‍പ്ലസ് പേ’ പേരിന് കമ്പനി ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അവകാശം നേടിയതായി റിപ്പോര്‍ട്ട്
ന്യൂഡെല്‍ഹി: വണ്‍പ്ലസ് തങ്ങളുടെ മൊബീല്‍ പെയ്‌മെന്റ് സേവനം ഇന്ത്യയില്‍ വൈകാതെ അവതരിപ്പിച്ചേക്കും. വണ്‍പ്ലസ് പേ എന്ന പേരിന് കമ്പനി ഇന്ത്യയില്‍ ട്രേഡ്മാര്‍ക്ക് അവകാശം നേടിയതായ റിപ്പോര്‍ട്ട് പുറത്തുവന്നു. എന്നാല്‍ മൊബീല്‍ പെയ്‌മെന്റ് സേവനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. എപ്പോള്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നും വ്യക്തമല്ല. വൈകാതെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കാം. ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം ഉള്‍പ്പെടെ നിലവില്‍ ഇന്ത്യയിലെ മറ്റ് പെയ്‌മെന്റ് കമ്പനികള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും വണ്‍പ്ലസ് പേ. ചൈനയില്‍ നേരത്തെ സേവനം ആരംഭിച്ചിരുന്നു.
അടുത്തകാലത്തായി ഇന്ത്യയിലെ സാന്നിധ്യം വര്‍ധിപ്പിക്കുകയാണ് വണ്‍പ്ലസ്. ടെലിവിഷന്‍ വിപണിയില്‍ രണ്ട് വര്‍ഷം മുമ്പ് പ്രവേശിച്ചിരുന്നു. കൂടാതെ ഈ വര്‍ഷം ‘വണ്‍പ്ലസ് ബാന്‍ഡ്’ ഫിറ്റ്‌നസ് ട്രാക്കര്‍, വണ്‍പ്ലസ് വാച്ച് എന്നിവ അവതരിപ്പിച്ചു. ബ്രാന്‍ഡില്‍നിന്നുള്ള അടുത്ത വലിയ സേവനമായിരിക്കും വണ്‍പ്ലസ് പേ. ഈ വര്‍ഷം തന്നെ ഔദ്യോഗികമായി ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
വണ്‍പ്ലസ് വാച്ചിന് 16,999 രൂപയാണ് വില. സ്റ്റെയ്ന്‍ലെസ് സ്റ്റീല്‍ കേസ് ലഭിച്ചു. മിഡ്നൈറ്റ് ബ്ലാക്ക്, മിഡ്നൈറ്റ് സില്‍വര്‍ എന്നിവയാണ് രണ്ട് കളര്‍ ഓപ്ഷനുകള്‍. കൊബാള്‍ട്ട് ലിമിറ്റഡ് എഡിഷന്‍ വേര്‍ഷനിലും വണ്‍പ്ലസ് വാച്ച് ലഭിക്കും. സ്വര്‍ണ നിറമുള്ള കൊബാള്‍ട്ട് അലോയ് കേസ് ലഭിച്ചതാണ് ഈ വേര്‍ഷന്‍. വൃത്താകൃതിയുള്ള ഡിസൈന്‍, 1.39 ഇഞ്ച് എച്ച്ഡി (454, 454 പിക്സല്‍) അമോലെഡ് ഡിസ്പ്ലേ, 2.5ഡി കര്‍വ്ഡ് ഗ്ലാസ് സുരക്ഷ എന്നിവ സവിശേഷതകളാണ്. 405 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്.