എഷ്യാ പസഫിക്ക് ടോപ് 20 ബാങ്കുകളില്‍ നിലമെച്ചപ്പെടുത്തി ഐസിഐസിഐ
1 min readന്യൂഡെല്‍ഹി: വിപണി മൂലധനത്തിന്‍റെ അടിസ്ഥാനത്തില്‍ ഏഷ്യാ പസഫിക്ക് മേഖലയില്‍ മുന്നിട്ട് നില്‍ക്കുന്ന 20 ബാങ്കുകളുടെ പട്ടികയില്‍ ഇന്ത്യയില്‍ നിന്ന് എച്ച്ഡിഎഫ്സി ബാങ്കും ഐസിഐസിഐ ബാങ്കും. കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ പുറത്തിറക്കിയ പട്ടികയില്‍ ഉണ്ടായിരുന്ന 7-ാം സ്ഥാനം തന്നെ ഇത്തവണത്തെ പട്ടികയിലും എച്ച്ഡിഎഫ്സി ബാങ്ക് നിലനിര്‍ത്തുന്നു. ഐസിഐസിഐ ബാങ്ക് കഴിഞ്ഞ പട്ടികയിലെ 17ല്‍ നിന്ന് രണ്ട് സ്ഥാനം മെച്ചപ്പെടുത്തി 15-ലേക്ക് എത്തിയിട്ടുണ്ട്.
എച്ച്ഡിഎഫ്സിയുടെ വിപണി മൂലധനം 4.9 ശതമാനം വര്‍ധിച്ച് 112.55 ബില്യണ്‍ ഡോളറായി. അതേസമയം, ഐസിഐസിഐ ബാങ്കിന്‍റെ വിപണി മൂലധനം 8.97 ശതമാനം വര്‍ധിച്ച് 55.03 ബില്യണ്‍ ഡോളറിലെത്തി.
ഐസിഐസിഐ ബാങ്ക് പ്രൊവിഷന്‍ കവറേജ് അനുപാതം 86 ശതമാനമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട പ്രൊവിഷനുകളില്‍ ഉപയോഗിക്കപ്പെട്ടിട്ടില്ലാക്ക 6,470 കോടി രൂപ ബാങ്കിന്‍റെ കൈവശമുണ്ട്. ബാലന്‍സ് ഷീറ്റിലെ ഉയര്‍ന്ന വകയിരുത്തലുകളും പുതിയ സാമ്പത്തിക വര്‍ഷത്തില്‍ ക്രെഡിറ്റ് ചെലവ് സാധാരണ നിലയിലാക്കാനുള്ള നീക്കങ്ങളും ബാങ്കിന്‍റെ ധനകാര്യ സ്ഥിതി മെച്ചപ്പെടുത്തുന്നു.
2020 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ ഐസിഐസിഐ ബാങ്കിന്‍റെ അറ്റാദായം 19 ശതമാനം വര്‍ധിച്ച് 4,940 കോടി രൂപയായി ഉയര്‍ന്നു. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 4,146 കോടി രൂപയായിരുന്നു. അതേസമയം, 2020 ഡിസംബര്‍ 31 ന് അവസാനിച്ച ത്രൈമാസത്തില്‍ എച്ച്ഡിഎഫ്സി ബാങ്കിന്‍റെ അറ്റാദായം 18.1 ശതമാനം വര്‍ധിച്ച് 8,758.29 കോടി രൂപയായി. മുന്‍വര്‍ഷം സമാന പാദത്തില്‍ ഇത് 7,416.48 കോടി രൂപയായിരുന്നു.