ഐറിഷ് കമ്പനിയായ സ്ട്രൈപ്പ് പശ്ചിമേഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു
ദുബായിലാണ് സ്‌ട്രൈപ്പ് ഓഫീസ് തുറന്നിരിക്കുന്നത്, നെറ്റ്‌വര്‍ക്ക് ഇന്റെര്‍നാഷണലുമായി സഹകരിക്കും
ദുബായ്: ഡിജിറ്റല്‍ പണമിടപാട് കമ്പനിയായ സ്ട്രൈപ്പ് പശ്ചിമേഷ്യയിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിച്ചു. പശ്ചിമേഷ്യയിലെ ആദ്യ ഓഫീസ് ദുബായില്‍ തുറന്നതായി ഐറിഷ് കമ്പനി അറിയിച്ചു. കഴിഞ്ഞ മാസം 600 മില്യണ്‍ ഡോളര്‍ സമാഹരിച്ചതോടെ സ്‌ട്രൈപ്പിന്റെ വിപണി മൂല്യം 95 ബില്യണ്‍ ഡോളറായി ഉയര്‍ന്നിരുന്നു.
ഐറിഷ് സഹോദരന്മാരായ പാട്രികും ജോണ്‍ കോളിസണും ചേര്‍ന്ന് 2010ല്‍ ആരംഭിച്ച സ്ട്രൈപ്പ് നിലവില്‍ അമ്പതോളം കമ്പനികള്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും സാന്‍ ഫ്രാന്‍സിസ്‌കോയും ഡബ്ലിനും കേന്ദ്രീകരിച്ചാണ് സ്‌ട്രൈപ്പിന്റെ പ്രവര്‍ത്തനം. ഗൂഗിള്‍, യൂബര്‍, ആമസോണ്‍, ഷിപ്പിംഗ് കമ്പനിയായ മയെര്‍സ്‌ക് അടക്കമുള്ള മുന്‍നിര കമ്പനികള്‍ സ്ട്രൈപ്പ് ഉപയോക്താക്കളാണ്. ഉപഭോക്താക്കളില്‍ നിന്നുള്ള പ്രതിഫലവും ബില്ലുകളുമായി ഓരോ കമ്പനിയും പ്രതിവര്‍ഷം ഒരു ബില്യണ്‍ ഡോളറോളം സ്ട്രൈപ്പിലൂടെ പ്രൊസസ് ചെയ്യുന്നുണ്ടെന്നാണ് വിവരം.
പശ്ചിമേഷ്യയില്‍ ഓണ്‍ലൈനായി പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് പേയ്‌മെന്റുകള്‍ സ്വീകരിക്കുന്നതിന് സ്‌ട്രൈപ്പ് പ്ലാറ്റ്‌ഫോം ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.ജിം മാനേജ്മെന്റ് സോഫ്റ്റ്വെയറായ ഗ്ലോഫോക്സ്, ഓണ്‍ലൈന്‍ ഫുഡ് ഓര്‍ഡറിംഗ് കമ്പനിയായ ചാറ്റ്ഫുഡ് അടക്കം യുഎഇയില്‍ ഇപ്പോള്‍ത്തന്നെ നിരവധി കമ്പനികള്‍ സ്ട്രൈപ്പ് സേവനം ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനി അവകാശപ്പെട്ടു. ദുബായ് ആസ്ഥാനമായ പേയ്മെന്റ് കമ്പനിയായ നെറ്റ്വര്‍ക്ക് ഇന്റെര്‍നാഷണലുമായി സഹകരിച്ചായിരിക്കും പശ്ചിമേഷ്യയില്‍ കമ്പനിയുടെ പ്രവര്‍ത്തനമെന്നും സ്ട്രൈപ്പ് അറിയിച്ചു.
ബെയ്‌ലീ ജിഫോഡ്, ഇന്‍ഷുറേഴ്‌സ് അക്‌സ അലിയന്‍സ്, അസറ്റ് മാനേജറായ ഫിഡെലിറ്റി, വെന്‍ച്വര്‍ കാപ്പിറ്റല്‍ കമ്പനിയായ സെക്കോയ കാപ്പിറ്റല്‍ അടക്കമുള്ളവര്‍ സ്‌ട്രൈപ്പ് നിക്ഷേപകരാണ്.