471% വളര്‍ച്ചയോടെ മാര്‍ച്ചില്‍ റെക്കോര്‍ഡ് സ്വര്‍ണ ഇറക്കുമതി
മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 1.23 ബില്യണ്‍ ഡോളറില്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 8.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു
മുംബൈ: മാര്‍ച്ചില്‍ ഇന്ത്യയിലെ സ്വര്‍ണ ഇറക്കുമതി 471 ശതമാനം ഉയര്‍ന്ന് 160 ടണ്ണിലേക്കെത്തി. സര്‍ക്കാര്‍ വൃത്തങ്ങള്‍ റോയിട്ടേഴ്സിനോട് പറഞ്ഞു. ഇറക്കുമതി നികുതി കുറച്ചതും റെക്കോര്‍ഡ് ഉയരത്തില്‍ നിന്നും വിലയില്‍ കുറവു വന്നതും ചെറുകിട വാങ്ങലുകാരെയും ജ്വല്ലറികളെയും സ്വര്‍ണം കൂടുതലായി സ്വന്തമാക്കാന്‍ പ്രേരിപ്പിച്ചു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്തൃ രാജ്യമായ ഇന്ത്യയിലെ ഉയര്‍ന്ന ഇറക്കുമതിക്ക് ബെഞ്ച്മാര്‍ക്ക് സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തുന്നത്.
2020 ഓഗസ്റ്റില്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കിലായിരുന്നു അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില. നിലവില്‍ അതില്‍ നിന്നും 17 ശതമാനം ഇടിവാണ് ഉണ്ടായിരിക്കുന്നത്. ഇറക്കുമതിയിലെ വര്‍ധന ഇന്ത്യയുടെ വ്യാപാരക്കമ്മി വര്‍ദ്ധിപ്പിക്കുകയും രൂപയെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്യും. മാര്‍ച്ച് പാദത്തില്‍ മൊത്തമായി ഇന്ത്യ 321 ടണ്‍ റെക്കോര്‍ഡ് ഇറക്കുമതി ചെയ്തു. ഒരു വര്‍ഷം മുമ്പ് സമാനകാലയളവില്‍ ഇത് 124 ടണ്ണായിരുന്നു.
മൂല്യത്തിന്‍റെ അടിസ്ഥാനത്തില്‍ സ്വര്‍ണ ഇറക്കുമതി കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലെ 1.23 ബില്യണ്‍ ഡോളറില്‍ നിന്ന് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 8.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ചില്ലറ വില്‍പ്പന ആവശ്യകത വര്‍ധിപ്പിക്കുന്നതിനും കള്ളക്കടത്ത് കുറയ്ക്കുന്നതിനുമായി ഫെബ്രുവരിയില്‍ ഇന്ത്യ സ്വര്‍ണത്തിന്‍റെ ഇറക്കുമതി തീരുവ 12.5 ശതമാനത്തില്‍ നിന്ന് 10.75 ശതമാനമായി കുറച്ചിരുന്നു.
ഉയര്‍ന്ന വില കാരണം നിരവധി ഉപഭോക്താക്കള്‍ വാങ്ങല്‍ മാറ്റിവച്ചിരുന്നുവെന്നും പുതിയ വിപണി സാഹചര്യത്തില്‍ അവര്‍ വാങ്ങലിനായി എത്തുന്നുവെന്നുമാണ് വ്യാപാരികള്‍ പ്രതികരിക്കുന്നത്.
മാര്‍ച്ചില്‍ പ്രാദേശിക സ്വര്‍ണ്ണ ഫ്യൂച്ചറുകള്‍ ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 10 ഗ്രാമിന് 43,320 രൂപ എന്ന നിലയിലെത്തി. വര്‍ധിക്കുന്ന ആവശ്യകത കണക്കിലെടുത്ത് ചരക്കുപട്ടിക പുതുക്കുന്നതിനുള്ള ശ്രമങ്ങള്‍ ജ്വല്ലറികള്‍ തുടരുകയാണ്. ചില സംസ്ഥാനങ്ങളിലെ വര്‍ധിച്ചുവരുന്ന കൊറോണ ബാധയുടെ പശ്ചാത്തലത്തില്‍ ഏപ്രില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടേക്കും എന്ന ഭയവും മാര്‍ച്ചിലെ വര്‍ധിച്ച ഇറക്കുമതിക്ക് പിന്നിലുണ്ട്. ഏപ്രിലില്‍ ഇന്ത്യയുടെ സ്വര്‍ണ്ണ ഇറക്കുമതി 100 ടണ്ണില്‍ താഴെയായേക്കുമെന്ന് ചില വ്യാപാരികള്‍ വിലയിരുത്തുന്നു.