ആസാം ജനത കോണ്‍ഗ്രസിനെ പുറത്താക്കി: മോദി
ഗുവഹത്തി: ആസാം ജനത കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് റെഡ് കാര്‍ഡ് കാണിച്ചതായും സംസ്ഥാനത്തെ നിലവിലുള്ള ബിജെപി സര്‍ക്കാരിന് അംഗീകാരം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കൊക്രാജറില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് ശത്രുതാപരമായ സഖ്യമുണ്ടാക്കിയതിന് കോണ്‍ഗ്രസിനെ ശിക്ഷിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു. ബദറൂദ്ദീന്‍ അജ്മലിന്‍റെ നേതൃത്വത്തിലുള്ള ഓള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിനെ (എ.ഐ.യു.ഡി.എഫ്) പേരെടുത്ത് പരാമര്‍ശിക്കാതെയായിരുന്നു അദ്ദേഹത്തിന്‍റെ ആഹ്വാനം.
ഒരു ഫുട്ബോള്‍ മത്സരത്തിലെന്നപോലെ ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ ആസാമിലെ ജനങ്ങള്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള മഹാസഖ്യത്തിന് റെഡ് കാര്‍ഡ് കാണിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇപ്പോള്‍നടക്കുന്ന തെരഞ്ഞെടുപ്പ് നടക്കുന്ന 39 സീറ്റുകളിലെ സാഹചര്യങ്ങളും വളരെയധികം പ്രോത്സാഹജനകമാണെന്നും മോദി അഭിപ്രായപ്പെട്ടു. രണ്ടാം ഘട്ട വോട്ടെടുപ്പിനെ പരാമര്‍ശിച്ചായിരുന്നു ഈ പരമാര്‍ശം.
ആസാമിലെ എല്ലാ ഗോത്ര സമുദായങ്ങളെയും കോണ്‍ഗ്രസ് വഞ്ചിച്ചുവെന്നും അവരുടെ ഭരണകാലത്ത് ‘ബോംബ്, ബന്ദൂക്ക് (തോക്കുകള്‍), ഉപരോധ രാജ്’ എന്നിവയാണ് ഉണ്ടായിരുന്നതെന്നും മോദി ആരോപിച്ചു. കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള പത്ത് പാര്‍ട്ടികളുടെ മഹാസഖ്യത്തെ മഹത്തായ നുണകള്‍ എന്ന് അദ്ദേഹം പരിഹസിച്ചു. ആസാമിലെ സമാധാനം ഇല്ലാതാക്കാന്‍ ആരെ യും അനുവദിക്കില്ല. സംസ്ഥാനത്തിന്‍റെ സ്വത്വം നശിപ്പിക്കുമെന്ന ഉറപ്പുള്ള ഒരു പാര്‍ട്ടിയുമായാണ് കോണ്‍ഗ്രസ് സഖ്യത്തിലേര്‍പ്പെട്ടത്.വളരെക്കാലത്തിനുശേഷം ആസാമില്‍ സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്നും വികസനം അതിവേഗം പുരോഗമിക്കുകയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അക്രമത്തിന്‍റെ പാത ഉപേക്ഷിച്ച് കീഴടങ്ങിയ തീവ്രവാദികള്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം ചെയ്തതനുസരിച്ച് എല്ലാം ചെയ്യും. കോണ്‍ഗ്രസിന്‍റെ തെറ്റിദ്ധാരണയാണ് ബോഡോലാന്‍റ് പ്രദേശങ്ങളിലെ പിന്നോക്കാവസ്ഥയ്ക്ക് പുറമെ അക്രമത്തിനും അശാന്തിക്കും കാരണമായത്.
ഭാരതീയ ജനതാ പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ആസാമിലെ വികസന പദ്ധതികളെക്കുറിച്ച് പ്രധാനമന്ത്രി വിശദീകരിച്ചു. ‘ഒരു മെഡിക്കല്‍ കോളേജ്, യൂണിവേഴ്സിറ്റി, എഞ്ചിനീയറിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, മറ്റ് വിവിധ സ്ഥാപനങ്ങള്‍ എന്നിവ കോക്രജാറില്‍ ആരംഭിക്കുന്നു. വികസനത്തിനായി 1,500 കോടി രൂപ പാക്കേജും നല്‍കിയിട്ടുണ്ട്. 3.25 ലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കുന്നതിന് പുറമേ, തേയിലത്തോട്ട തൊഴിലാളികളുടെ ദൈനംദിന വേതനത്തിന്‍റെ നിരക്ക് വര്‍ധിപ്പിക്കുക, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുക, എല്ലാ ജനങ്ങളുടെയും ജീവിതം വളരെ വേഗത്തില്‍ മാറ്റുക തുടങ്ങിയവയും നടപ്പാക്കിവരുന്നു.
‘ബോഡോലാന്‍റ് പ്രദേശങ്ങള്‍ക്ക് സമാധാനം, പുരോഗതി, സംരക്ഷണം എന്നീ മന്ത്രങ്ങള്‍ ഉപയോഗിച്ച് എന്‍ഡിഎ സര്‍ക്കാര്‍ നിങ്ങളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കും. ബോഡോ ഭാഷ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.