പഠന റിപ്പോര്‍ട്ട് : ലോകത്തില്‍ ഏറ്റവും വേഗം വളരുന്ന ടെക് ഹബ്ബായി ബെംഗളൂരു, ലണ്ടന്‍ രണ്ടാമത്
1 min read
2016 മുതൽ ലോകത്തിലെ അതിവേഗം വളരുന്ന പക്വതയുള്ള ടെക്ക് എക്കോസിസ്റ്റമായി ബെംഗളൂരു മാറിയെന്ന് പഠന റിപ്പോര്‍ട്ട്. യൂറോപ്യൻ നഗരങ്ങളായ ലണ്ടൻ, മ്യൂണിച്ച്, ബെർലിൻ, പാരീസ് എന്നിവയാണ് തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍. ലണ്ടനിൽ പുറത്തിറക്കിയ പുതിയ ഗവേഷണ റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയുടെ സാമ്പത്തിക കേന്ദ്രമായ മുംബൈ ആറാം സ്ഥാനത്തുണ്ട്. ഡീൽറൂം.കോ ഡാറ്റ വിശകലനം ചെയ്ത് ലണ്ടനിലെ മേയറുടെ അന്താരാഷ്ട്ര വ്യാപാര, നിക്ഷേപ ഏജൻസിയായ ലണ്ടന്‍& പാര്‍ട്ട്ണേര്‍സ് ആണ് റിപ്പോര്‍ട്ട് തയാറാക്കിയത്.
കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ ടെക് നിക്ഷേപം 2016 ലെ 1.3 ബില്യൺ ഡോളറിൽ നിന്ന് 5.4 മടങ്ങ് വർധിച്ച് 2020 ൽ 7.2 ബില്യൺ ഡോളറായി. മുംബൈയില്‍ ഇതേ കാലയളവിൽ 0.7 ബില്യൺ ഡോളറിൽ നിന്ന് 1.2 ബില്യൺ ഡോളറായി 1.7 മടങ്ങിന്‍റെ വളര്‍ച്ചയുണ്ടായി. യുകെ തലസ്ഥാനമായ ലണ്ടൻ 2016 നും 2020 നും ഇടയിൽ മൂന്ന് മടങ്ങ് വളർച്ച രേഖപ്പെടുത്തി, 3.5 ബില്യൺ ഡോളറിൽ നിന്ന് 10.5 ബില്യൺ ഡോളറായി ടെക് നിക്ഷേപം ഉയർന്നു