മഹാരാഷ്ട്രയിലെ ത്രികക്ഷി സഖ്യത്തില്‍ അതൃപ്തി പുകയുന്നു
1 min readമുംബൈ: മഹാരാഷ്ട്രയില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിലെ വിള്ളലുകള്‍ മറനീക്കി പുറത്തേക്ക്. കഴിഞ്ഞ ഏതാനും ദിവസമായി എന്‍സിപി നേതാവും ആഭ്യന്തരമന്ത്രിയുമായ അനില്‍ ദേശ്മുഖിന്‍റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശിവസേന അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. കൂടാതെ സഖ്യത്തിന്‍റെ നിയന്ത്രണ സംവിധാനത്തെക്കുറിച്ചും സേന ചോദ്യങ്ങള്‍ ഉന്നയിക്കുന്നു. യുപിഎയുടെ നേതൃത്വത്തെക്കുറിച്ച് സംസ്ഥാന കോണ്‍ഗ്രസ് മേധാവി നാനാ പട്ടോലെ ശിവസേനയുടെ സഞ്ജയ് റാവത്തുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ടതാണ് മറ്റൊരു സംഭവം. ഇതിനെല്ലാമുപരി നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) പ്രസിഡന്‍റ് ശരദ് പവാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള രഹസ്യ കൂടിക്കാഴ്ചയെക്കുറിച്ച് ഇപ്പോള്‍ അഭ്യൂഹങ്ങള്‍ പരക്കുകയും ചെയ്യുന്നു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത് മഹാരാഷ്ട്രയിലെ വിചിത്രസഖ്യത്തിന്‍റെ കെട്ടുറപ്പ് ഇല്ലാതായി എന്ന വസ്തുതയിലേക്കാണ്.
ഇപ്പോള്‍ അറസ്റ്റിലായ അസിസ്റ്റന്‍റ് ഇന്‍സ്പെക്ടര്‍ സച്ചിന്‍ വെയ്സ് ഉള്‍പ്പെടെയുള്ള പോലീസ് ഉദ്യോഗസ്ഥരോട് മുംബൈയിലെ ബാറുകളില്‍ നിന്നും റെസ്റ്റോറന്‍റുകളില്‍ നിന്നും 100 കോടി രൂപ സ്വരൂപിക്കാന്‍ ആവശ്യപ്പെട്ടതായി അനില്‍ ദേശ്മുഖിനെതിരെ ആരോപണമുണ്ട്. മുന്‍ മുംബൈ പോലീസ് മേധാവി പരം ബിര്‍ സിംഗാണ് ഈ ആരോപണം ഉന്നയിച്ചത്. വ്യവസായി മുകേഷ് അംബാനിയുടെ വീടിനുപുറത്ത് സ്ഫോടകവസ്തുക്കള്‍ വീണ്ടെടുത്തതുമായി ബന്ധപ്പെട്ട് വേസ് അറസ്റ്റിലായിരുന്നു. തുടര്‍ന്ന് പരംബീര്‍ സിംഗിനെ ഹോംഗാര്‍ഡ് ഡിജിയായി സ്ഥലം മാറ്റിയിരുന്നു.എന്നാല്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള പ്രതിപക്ഷത്തിന്‍റെ ശ്രമമായാണ് ഭരണസഖ്യത്തിലെ പാര്‍ട്ടികള്‍ സിംഗിന്‍റെ നീക്കത്തെ വിശദീകരിച്ചത്. ദേശ്മുഖിനെ ആരോപണങ്ങളില്‍ നിന്ന് രക്ഷിക്കാന്‍ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ അത് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതിനുവേണ്ടിമാത്രമാണെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
സഖ്യസര്‍ക്കാര്‍ രൂപീകരണ വേളയില്‍ എന്‍സിപിയുമായി ചര്‍ച്ചകള്‍ നടത്തിയത് താക്കറെയുടെ ദൂതനായിരുന്ന മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്തായിരുന്നു. റാവത്ത് ദേശ്മുഖിനെ വിമര്‍ശിച്ചിട്ടുണ്ട്. കോണ്‍ഗ്രസിലും ശിവസേനയിലും ഉള്ള പൊതുവായ കാഴ്ചപ്പാട് മാത്രമാണ് റാവത്ത് പരസ്യപ്പെടുത്തുന്നത് എന്ന് വിദഗ്ധര്‍ പറയുന്നു. “ശിവസേനയ്ക്കും കോണ്‍ഗ്രസിനും ഉള്ളില്‍ നിരവധിപേര്‍ക്ക് ദേശ്മുഖിന്‍റെ നപടികളെക്കുറിച്ച് അതൃപ്തിയുണ്ട്.അരും അതിനെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ല എന്നുമാത്രമെയുള്ളു’ രാഷ്ട്രീയ വ്യാഖ്യാതാവ് പ്രതാപ് അസ്ബെ പറഞ്ഞു. ആഭ്യന്തര വകുപ്പ് ദേശ്മുഖ് കൈകാര്യം ചെയ്തതില്‍ പലരും അതൃപ്തരായിരുന്നു. ഇത് വളരെ സെന്‍സിറ്റീവ് പോര്‍ട്ട്ഫോളിയോയാണ്, കാര്യങ്ങള്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുണ്ട്-അസ്ബെ കൂട്ടിച്ചേര്‍ത്തു.
ശിവസേനയുടെ മുഖപത്രമായ സാമ്നയിലെ തന്‍റെ ആഴ്ചപ്പതിപ്പായ റോക്ക്-ടോക്കില്‍ റാവത്ത് ഇങ്ങനെ എഴുതി: “ദേശ്മുഖിന് അബദ്ധത്തില്‍ ആഭ്യന്തരമന്ത്രിയുടെ സ്ഥാനം ലഭിച്ചു.സംശയാസ്പദമായ ആളുകളുമായി ഇടപഴകുമ്പോള്‍ ഒരു വ്യക്തിക്കും ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കഴിയില്ല.” അനില്‍ ദേശ്മുഖ് ചില മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി അനാവശ്യമായി കൊമ്പുകോര്‍ത്തതായും ആരോപണമുണ്ട്.
സര്‍ക്കാരിനുള്ളില്‍ ഒരു നിയന്ത്രണ സംവിധാനം ഇല്ലാത്തതിനെക്കുറിച്ചും റാവത്ത് വിമര്‍ശിക്കുന്നു. ആദ്യ 24 മണിക്കൂറിനുള്ളില്‍ വളരെയധികം ആശയക്കുഴപ്പമുണ്ടായിരുന്നുവെന്നും സിംഗിന്‍റെ ആരോപണങ്ങള്‍ ശരിയാണെന്ന് ആളുകള്‍ ആദ്യം കരുതിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അംഗങ്ങള്‍ ദേശ്മുഖിന്‍റെ രാജി തേടുന്നത് പരിഗണിക്കുകയാണെന്നും ശിവസേന വൃത്തങ്ങള്‍ തുടക്കത്തില്‍ പറഞ്ഞിരുന്നു. റാവത്തിന്‍റെ പ്രതിവാരകോളത്തിനെതിരെ എന്‍സിപി നേതാക്കളില്‍ നിന്ന് രൂക്ഷമായ പ്രതികരണമാണ് ഉണ്ടായിട്ടുള്ളത്. ത്രികക്ഷി സഖ്യം നന്നായി പ്രവര്‍ത്തിക്കുമ്പോള്‍ ആരും, പ്രത്യേകിച്ച് മൂന്ന് ഭരണകക്ഷികളില്‍ നിന്നുള്ളവര്‍ അതിനെ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്ന് ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാര്‍ പറഞ്ഞു.
എന്‍സിപി പ്രസിഡന്‍റ് ശരദ് പവാര്‍ യുപിഎ ചെയര്‍പേഴ്സണാകണമെന്ന് ശിവസേന നേതാവ് റാത്ത് വീണ്ടും കോണ്‍ഗ്രസിനെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. മുന്‍കാലങ്ങളില്‍ ഈ വിഷയത്തില്‍ ശിവസേനയും കോണ്‍ഗ്രസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് റാവത്ത് പവാറിന്‍റെ വക്താവായി മാറിയോയെന്ന് മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്‍റ് നാനാ പട്ടോലെ ചോദിച്ചു. യുപിഎ സഖ്യത്തിന്‍റെ ഭാഗമല്ലാത്തതിനാല്‍ ഇക്കാര്യത്തില്‍ ശിവസേനയ്ക്ക് അഭിപ്രായംപറയാന്‍ അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.
നേതാക്കള്‍ വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടാലും പിന്നീട് ന്യായീകരണങ്ങള്‍ നടത്തി വീണ്ടും താല്‍ക്കാലിക സമാധാനം കണ്ടെത്തിയാലും ത്രികക്ഷി സഖ്യത്തിലെ വിള്ളല്‍ വര്‍ധിച്ചുവരികയായണെന്ന് ഈ സംഭവങ്ങള്‍ വ്യക്തമാക്കുന്നു. പ്രതിപക്ഷമായ ബിജെപിയും ആഭ്യന്തരമന്ത്രക്കെതിരെ നിലപാട് കടുപ്പിച്ചിട്ടുമുണ്ട്.