ഡാക്കര്‍ നേട്ടം അപ്രതീക്ഷിതമെന്ന് ഹാരിത്ത് നോവ
1 min read2021 ഡാക്കര്‍ റാലി അനുഭവങ്ങള്‍ ‘ഫ്യൂച്ചര്‍ കേരള’യുമായി പങ്കുവെച്ചു
ഈ വര്‍ഷത്തെ ഡാക്കര്‍ റാലിയില്‍ നാവിഗേഷന്‍ ഏറെ സഹായിച്ചതായി ഇന്ത്യന്‍ റൈഡര്‍ ഹാരിത്ത് നോവ. 2021 ഡാക്കര്‍ റാലി അനുഭവങ്ങള്‍ ‘ഫ്യൂച്ചര്‍ കേരള’യുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇരട്ടിയിലധികം ദുഷ്‌കരവും വിഷമകരവും പ്രയാസമുള്ളതുമായിരുന്നു ഈ വര്‍ഷത്തെ നാവിഗേഷന്‍. പ്രമുഖ റൈഡര്‍മാരെപോലും ഈ നാവിഗേഷന്‍ ഏറെ ബുദ്ധിമുട്ടിച്ചു. എന്നാല്‍ നാവിഗേഷന്‍ തനിക്ക് അനുകൂലമായാണ് ഭവിച്ചതെന്നും ആവശ്യമായ വേഗത കണ്ടെത്താനും അതിന് അനുസരിച്ച് നാവിഗേഷന്‍ ചെയ്യാനും സാധിച്ചതായും ഹാരിത്ത് നോവ വ്യക്തമാക്കി. കരിയറിലെ രണ്ടാമത്തെ ഡാക്കര്‍ റാലിയില്‍ പങ്കെടുത്ത ഹാരിത്ത് നോവ, ഈ വര്‍ഷം ഇരുപതാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഡാക്കര്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും മികച്ച പ്രകടനമാണ് മലയാളിയും ഷൊര്‍ണൂര്‍ കണയം സ്വദേശിയുമായ ഈ റൈഡര്‍ കാഴ്ച്ചവെച്ചത്.
ഫിനിഷ് ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ വര്‍ഷത്തെ ഡാക്കര്‍ റാലിയില്‍ പങ്കെടുത്തതെന്ന് ഹാരിത്ത് നോവ പറഞ്ഞു. എന്നാല്‍ ഇരുപതാം സ്ഥാനമെന്ന നേട്ടം പ്രതീക്ഷിച്ചിരുന്നില്ലെന്ന് തുറന്നുസമ്മതിച്ചു. റാലി റേസിന്റെ അന്തിമ ഫലത്തില്‍ കണ്ണുവെയ്ക്കാതെ ഓരോ ദിവസവും ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയെന്ന ഉപദേശമാണ് പരിശീലകന്‍ നല്‍കിയത്. പതിമൂന്ന് ദിവസങ്ങള്‍ നീണ്ട മല്‍സരത്തിനിടെ മോട്ടോര്‍സൈക്കിളിന് നേരിട്ട സാങ്കേതിക പ്രശ്നങ്ങളും അപകടങ്ങളും കാരണം ഏറെ സമയനഷ്ടം സംഭവിച്ചു. നാലാം ഘട്ടത്തില്‍ അപകടത്തെതുടര്‍ന്ന് ഇന്ധന ടാങ്ക് പൊട്ടിയതും അഞ്ചാം ഘട്ടത്തില്‍ മോട്ടോര്‍സൈക്കിളിന് സാങ്കേതികപ്രശ്നങ്ങള്‍ നേരിട്ടതുമെല്ലാം തിരിച്ചടിയായി. റാലി റേസ് പൂര്‍ത്തിയായതോടെയാണ് ഇരുപതാം സ്ഥാനം നേടിയ കാര്യം മനസ്സിലായതെന്ന് ഹാരിത്ത് നോവ വ്യക്തമാക്കി. ഡാക്കര്‍ ചരിത്രത്തില്‍ ഒരു ഇന്ത്യന്‍ റൈഡറുടെ എക്കാലത്തെയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ സാധിച്ചതില്‍ വളരെയധികം സന്തോഷമുണ്ട്. ഡാക്കര്‍ റാലി റേസില്‍ വളരെകുറച്ച് ശതമാനം റൈഡര്‍മാര്‍ മാത്രമാണ് ഫിനിഷ് ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകത്തെ ഏറ്റവും ദുഷ്‌ക്കരവും അപകടകരവുമായ റാലി റേസാണ് ഡാക്കര്‍ റാലി.
2020 ഡാക്കര്‍ റാലിയിലാണ് ഹാരിത്ത് നോവ ആദ്യമായി പങ്കെടുത്തത്. മോട്ടോര്‍സൈക്കിളിന് നേരിട്ട സാങ്കേതിക പ്രശ്നങ്ങള്‍ കാരണം മൂന്നാം ഘട്ടത്തില്‍ ആ വര്‍ഷത്തെ റേസ് അവസാനിപ്പിക്കേണ്ടിവന്നു. പുതുതായി ഏര്‍പ്പെടുത്തിയ എക്സ്പീരിയന്‍സ് വിഭാഗത്തില്‍ പങ്കെടുത്തതിനാല്‍ ഫിനിഷ് ചെയ്തതായി ഡാക്കര്‍ റാലി അധികൃതര്‍ രേഖപ്പെടുത്തിയിരുന്നു. ഡാക്കര്‍ എക്സ്പീരിയന്‍സ് വിഭാഗം ഏര്‍പ്പെടുത്തുന്നതിനുമുമ്പ് നിശ്ചിത ഘട്ടം ഫിനിഷ് ചെയ്തില്ലെങ്കില്‍ പിന്നീട് ഡാക്കറില്‍ പങ്കെടുക്കാന്‍ കഴിയില്ല. ഡാക്കര്‍ അനുഭവത്തിനുവേണ്ടിയാണ് 2020 വര്‍ഷത്തില്‍ ഹാരിത്ത് നോവ മല്‍സരിച്ചത്. ഈ വര്‍ഷത്തെ ഡാക്കര്‍ റാലിയില്‍നിന്ന് ടിവിഎസ് മോട്ടോര്‍സ്പോര്‍ട്സ് വിട്ടുനിന്നപ്പോള്‍ ഫ്രഞ്ച് മോട്ടോര്‍സൈക്കിള്‍ നിര്‍മാതാക്കളുടെ ടീമായ ഷെര്‍ക്കോ റാലി ഫാക്റ്ററി ടീമിനുവേണ്ടിയാണ് ഹാരിത്ത് നോവ മല്‍സരിച്ചത്. എന്നാല്‍ ടിവിഎസ് മോട്ടോര്‍സ്പോര്‍ട്സ് സ്പോണ്‍സര്‍ ചെയ്തു.
സൗദി അറേബ്യയിലെ ഡാക്കര്‍ റാലിക്കുശേഷം നാട്ടില്‍ തിരിച്ചെത്തിയ ഹാരിത്ത് നോവ കേരളത്തില്‍ വീണ്ടും പരിശീലനം ആരംഭിച്ചു. വീടിന് സമീപത്തായി സജ്ജീകരിച്ച ചെറിയ ട്രാക്കിലും സംസ്ഥാനത്തെ മറ്റിടങ്ങളിലുമാണ് പരിശീലനം നടത്തുന്നത്. ഭാവി പദ്ധതികള്‍ സംബന്ധിച്ച് ടിവിഎസ് മോട്ടോര്‍സ്പോര്‍ട്സ് അധികൃതരുമായി സംസാരിച്ചിട്ടില്ലെന്ന് ഹാരിത്ത് നോവ പറഞ്ഞു. പതിനാറാം വയസ്സില്‍ മാത്രം മോട്ടോര്‍സൈക്കിള്‍ ഓടിച്ചുതുടങ്ങിയാണ് ഡാക്കര്‍ റാലിയില്‍ ഹാരിത്ത് നോവ ഈ ശ്രദ്ധേയ നേട്ടം കൈവരിച്ചത്. ഷൊര്‍ണൂര്‍ കണയം സ്വദേശിയായ കെവി മുഹമ്മദ് റാഫിയുടെയും ജര്‍മന്‍ സ്വദേശിനിയായ സൂസന്നയുടെയും ഏക മകനാണ് 28 കാരനായ ഹാരിത്ത് നോവ.
ഈ വര്‍ഷത്തെ ഡാക്കര്‍ റാലിയില്‍ മോട്ടോര്‍സൈക്കിള്‍ വിഭാഗത്തില്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീമിന്റെ കെവിന്‍ ബെനവിഡെസാണ് വിജയിച്ചത്. 47 മണിക്കൂറും 18 മിനിറ്റും 14 സെക്കന്‍ഡുമെടുത്താണ് റാലി പൂര്‍ത്തിയാക്കി കെവിന്‍ വിജയകിരീടമണിഞ്ഞത്. ഇതേ ടീമിന്റെ റിക്കി ബ്രാബെക് രണ്ടാമത് ഫിനിഷ് ചെയ്തു. 47 മണിക്കൂര്‍, 23 മിനിറ്റ്, 10 സെക്കന്‍ഡാണ് റിക്കി ബ്രാബെക് കുറിച്ച സമയം. ബെനവിഡെസിനേക്കാള്‍ നാല് മിനിറ്റും 56 സെക്കന്‍ഡും മാത്രം പിറകില്‍. റെഡ് ബുള്‍ കെടിഎം ഫാക്റ്ററി ടീമിന്റെ സാം സണ്ടര്‍ലാന്‍ഡ് മൂന്നാമതായി റാലി അവസാനിപ്പിച്ചു. ഒന്നാം സ്ഥാനക്കാരനേക്കാള്‍ 15 മിനിറ്റും 57 സെക്കന്‍ഡും പിറകില്‍. ഇതോടെ അന്തിമ റാങ്കിംഗ് പട്ടികയില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ മോണ്‍സ്റ്റര്‍ എനര്‍ജി ഹോണ്ട ടീം സ്വന്തമാക്കി. ജനുവരി മൂന്ന് മുതല്‍ 15 വരെ സൗദി അറേബ്യയിലാണ് 2021 ഡാക്കര്‍ റാലി സംഘടിപ്പിച്ചത്. ഓഫ്റോഡ് റാലി റേസിന്റെ 43 ാം പതിപ്പായിരുന്നു ഇത്തവണ. ആകെ റേസ് ദൂരം പന്ത്രണ്ട് ഘട്ടങ്ങളായി തരംതിരിച്ചു.