2 സീറ്റര്‍ ഇലക്ട്രിക് സ്‌പോര്‍ട്‌സ്‌കാര്‍ എംജി സൈബര്‍സ്റ്റര്‍ ഇവി മാര്‍ച്ച് 31 ന് പ്രത്യക്ഷപ്പെടും
1 min readബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 800 കിലോമീറ്റര്‍ സഞ്ചരിക്കാം
സ്‌പോര്‍ട്ടി സ്റ്റാന്‍സ്, അഗ്രസീവ് സ്‌റ്റൈലിംഗ് ലഭിച്ചതാണ് എംജി സൈബര്‍സ്റ്റര്‍ ഇവി. മുന്നില്‍ ലിപ്പ് സ്‌പോയ്‌ലര്‍, മെലിഞ്ഞ ഗ്രില്‍, മൂക്കില്‍ എംജി ലോഗോ എന്നിവ കാണാം. ‘മാജിക് ഐ’ ഇന്ററാക്റ്റീവ് ഹെഡ്‌ലൈറ്റുകള്‍ സവിശേഷതയാണ്. പഴയകാല എംജി കാബ്രിയോളെകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടതാണ് മുഖം. വളരെ ആകര്‍ഷകവും എയ്‌റോഡൈനാമിക് ഡിസൈന്‍ ഭാഷ പ്രകടമാകുന്നതുമാണ് വശങ്ങളിലെ ‘ലേസര്‍ ബെല്‍റ്റ്’ എല്‍ഇഡി സ്ട്രിപ്പ്. പിറകില്‍ ‘കാംബാക്ക്’ സ്റ്റൈലിംഗ് നല്‍കിയിരിക്കുന്നു. തിരിയുന്ന സ്‌പോക്കുകള്‍ സഹിതം ഹൈ പെര്‍ഫോമന്‍സ് ചക്രങ്ങളാണ് ഉപയോഗിക്കുന്നത്. മറ്റുപല പെര്‍ഫോമന്‍സ് കാറുകള്‍പോലെ സെന്‍ട്രല്‍ ലോക്കിംഗ് മെക്കാനിസം ലഭിച്ചു.
മതിപ്പുളവാക്കുന്ന പെര്‍ഫോമന്‍സ് തീര്‍ച്ചയായും ഉണ്ടായിരിക്കും. പൂജ്യത്തില്‍നിന്ന് മണിക്കൂറില്‍ നൂറ് കിലോമീറ്റര്‍ വേഗമാര്‍ജിക്കാന്‍ മൂന്ന് സെക്കന്‍ഡ് മാത്രം മതി. ബാറ്ററി പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഏകദേശം 800 കിലോമീറ്റര്‍ (497 മൈല്‍) ദൂരം സഞ്ചരിക്കുമെന്നാണ് അവകാശപ്പെടുന്നത്. 5ജി കണക്റ്റിവിറ്റി ലഭിച്ചതായിരിക്കും എംജി സൈബര്‍സ്റ്റര്‍ ഇവി. ‘ഇന്റലിജന്റ് പ്യുര്‍ ഇലക്ട്രിക് ആര്‍ക്കിടെക്ച്ചര്‍’ അടിസ്ഥാനമാക്കും. മാത്രമല്ല, ഗെയിമിംഗ് കോക്പിറ്റ് ലഭിക്കുന്ന ലോകത്തെ ആദ്യ പ്യുര്‍ സൂപ്പര്‍കാര്‍ ആയിരിക്കും എംജി സൈബര്‍സ്റ്റര്‍.