ബോട്ട് എയര്‍ഡോപ്‌സ് 621 പുറത്തിറക്കി
2,999 രൂപയാണ് പ്രാരംഭ വില. ആമസോണിലും കമ്പനി വെബ്‌സൈറ്റിലും ലഭിക്കും
കൂട് തുറന്നയുടനെ അതിവേഗ പെയറിംഗ് സാധ്യമാകുന്ന ബോട്ടിന്റെ ഐഡബ്ല്യുപി സാങ്കേതികവിദ്യ ലഭിച്ചതാണ് ഓഡിയോ ഡിവൈസ്. ബോട്ട് സിഗ്നേച്ചര്‍ സൗണ്ട്, ട്യൂണ്‍ ചെയ്ത ബാസ് ഡ്രൈവറുകള്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിളിന്റെ സിരി വോയ്‌സ് അസിസ്റ്റന്റ് ഉപയോഗപ്പെടുത്താന്‍ കഴിയും. ടച്ച് കണ്‍ട്രോളുകള്‍ സവിശേഷതയാണ്. 6 എംഎം മൂവിംഗ് കോയില്‍ ഡ്രൈവറുകള്‍ നല്‍കി. പത്ത് മീറ്റര്‍ ദൂരത്തുപോലും ശക്തമായ കണക്റ്റിവിറ്റി ലഭിക്കുന്ന ബ്ലൂടൂത്ത് 5.0 ലഭിച്ചു. വെള്ളവും വിയര്‍പ്പും പ്രതിരോധിക്കുന്നതിന് ഐപിഎക്‌സ്7 സുരക്ഷാ റേറ്റിംഗ് ഇയര്‍ഫോണുകളുടെ മറ്റൊരു സവിശേഷതയാണ്.
ഇയര്‍ഫോണുകള്‍ക്ക് 150 മണിക്കൂര്‍ വരെ ആകെ പ്ലേബാക്ക് സമയം ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ഒരു തവണ പൂര്‍ണമായി ചാര്‍ജ് ചെയ്താല്‍ ഓരോ ഇയര്‍ബഡിലും 5.5 മണിക്കൂര്‍ വരെ ചാര്‍ജ് നീണ്ടുനില്‍ക്കും. 35 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 2,600 എംഎഎച്ച് ബാറ്ററി നല്‍കിയതാണ് കൂട്. യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് വഴി ചാര്‍ജ് ചെയ്യാം. അഞ്ച് മുതല്‍ ഏഴ് വരെ മണിക്കൂര്‍ സമയമെടുത്ത് കൂട് പൂര്‍ണമായി ചാര്‍ജ് ചെയ്യാമെന്ന് കമ്പനി അറിയിച്ചു. അഞ്ച് മിനിറ്റ് ചാര്‍ജ് ചെയ്താല്‍ ഒരു മണിക്കൂര്‍ ബാറ്ററി ചാര്‍ജ് നീണ്ടുനില്‍ക്കും. മാത്രമല്ല, ഇയര്‍ഫോണുകളുടെ കൂട് പവര്‍ ബാങ്കായി ജോലി ചെയ്യും. അവശേഷിക്കുന്ന ചാര്‍ജ് കാണിക്കുന്ന ഡിജിറ്റല്‍ സ്‌ക്രീന്‍ കൂടിന് പുറത്ത് നല്‍കിയിരിക്കുന്നു.