കോവിഡ് ആഘാതം: 2025-26 വരെ ഇന്ത്യയുടെ വളര്‍ച്ച പരിമിതപ്പെടുമെന്ന് ഫിച്ച് റേറ്റിംഗ്സ്
1 min readകൊറോണ വൈറസ് പ്രതിസന്ധിയിൽ നിന്ന് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് നീണ്ടുനില്‍ക്കുന്ന നാശനഷ്ടമുണ്ടാകുമെന്ന് വിലയിരുത്തല്‍. നിലവിലെ സാമ്പത്തിക വര്‍ഷത്തിലെ വലിയ ഇടിവില്‍ നിന്ന് അടുത്ത സാമ്പത്തിക വർഷത്തിൽ (2022 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷം) ശക്തമായ തിരിച്ചുവരവ് ഉണ്ടാകും. തുടര്‍ന്ന് 2025-26 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷ വളര്‍ച്ച ഏതാണ്ട് 6.5 ശതമാനമായി പരിമിതപ്പെടുമെന്ന് ഫിച്ച് റേറ്റിംഗ്സ് നിരീക്ഷിക്കുന്നു.
“സാമ്പത്തിക മേഖലയിലെ ദുർബലമായ സാഹചര്യവും വിതരണ-സാഹചര്യങ്ങളിലെ തടസങ്ങളും ആവശ്യകതയിലെ പരിമിതികളും കൂടിച്ചേർന്ന് ജിഡിപിയുടെ തോത് കൊറോണയ്ക്ക് മുമ്പുള്ള വര്‍ഷങ്ങളെ അപേക്ഷിച്ച് താഴെയായി നിലനിർത്തും,” ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള വ്യാഖ്യാനത്തിൽ ഫിച്ച് റേറ്റിംഗ്സ് പറഞ്ഞു.
ഇന്ത്യയില്‍ കൊറോണ വൈറസ് വളര്‍ത്തിയ സാമ്പത്തിക മാന്ദ്യം ലോകത്തിലെ ഏറ്റവും കഠിനമായ ഒന്നാണെന്ന് ഫിച്ച് പറഞ്ഞു. സമ്പദ്‌വ്യവസ്ഥ ഇപ്പോൾ വീണ്ടെടുക്കൽ ഘട്ടത്തിലാണ്, അടുത്ത മാസങ്ങളിൽ വാക്‌സിനേഷന്‍ ഉയരുന്നത് ഇതിനെ പിന്തുണയ്ക്കും.
ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉത്പാദനം അടുത്ത സാമ്പത്തിക വര്‍ഷം 11 ശതമാനം വർദ്ധിക്കുമെന്നാണ് ഫിച്ച് റേറ്റിംഗ്സ് പ്രതീക്ഷിക്കുന്നത്. നടപ്പു സാമ്പത്തിക വർഷം ഇത് 9.4 ശതമാനം ഇടിയുമെന്നാണ് കണക്കാക്കുന്നത്.
കോവിഡ് -19 പ്രതിസന്ധി സൃഷ്ടിച്ച ആഘാതത്തിന് മുമ്പുതന്നെ ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയുടെ വേഗത നഷ്ടപ്പെടുകയായിരുന്നു. ജിഡിപി വളർച്ചാ നിരക്ക് 2019 ൽ പത്തുവർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കായ 4.2 ശതമാനമായി കുറഞ്ഞു, കഴിഞ്ഞ വർഷം ഇത് 6.1 ശതമാനമായിരുന്നു.