ക്രമസമാധാനം: നിതീഷ് പരാജയമെന്ന് ആര്‍ജെഡി
പാറ്റ്‌ന: ബീഹാറിലെ ക്രമസമാധാനനില ഉറപ്പാക്കുന്നതില്‍ എന്‍ഡിഎ സര്‍ക്കാര്‍ പരാജയപ്പെട്ടതായി രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) ആരോപിച്ചു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളെക്കുറിച്ച് നിതീഷ് കുമാര്‍ മൗനം പാലിക്കുന്നത് എന്തുകൊണ്ടാണെന്ന് ബീഹാര്‍ നിയമസഭാ പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ചോദിക്കുന്നു. ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സംസ്ഥാന മേധാവി രൂപേഷ്‌സിംഗിനെ അജ്ഞാതര്‍ വെടിവച്ചു കൊന്നത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രം മാറിയാണ്. അവരുടെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി അനുശോചനംപോലും അറിയിച്ചില്ലെന്ന്് തേജസ്വി കുറ്റപ്പെടുത്തി.
നിതീഷ്‌കുമാര്‍ ഉള്ളപ്പോള്‍ ബീഹാറിലെ ജനങ്ങള്‍ ഒന്നിനെക്കുറിച്ചും വിഷമിക്കേണ്ടതില്ല എന്ന് തെരഞ്ഞെടുപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു. ഇപ്പോള്‍ ബീഹാറിലെ കുറ്റകൃത്യങ്ങളെക്കുറിച്ച് നിങ്ങള്‍ എന്തിനാണ് മൗനം പാലിക്കുന്നതെന്ന്് മോദിയോട് തേജസ്വി ചോദിച്ചു. നിതീഷ് ക്ഷീണിതനാണ്. ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യാന്‍ കഴിയാത്ത മുഖ്യമന്ത്രിയുമാണ്. ഇങ്ങനെയൊരു ഭരണാധികാരിയെ എങ്ങനെ പുറത്താക്കാതിരിക്കുന്നുവെന്നും അദ്്‌ദേഹം ചോദിച്ചു.
”ബിഹാറില്‍ എന്തുകൊണ്ടാണ് കുറ്റവാളികളെ അറസ്റ്റ് ചെയ്യാത്തത് എന്നതിനെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കുറ്റവാളികളെ ഭരണകക്ഷികള്‍ സംരക്ഷിക്കുന്നുണ്ടെന്നും അതിനാല്‍ ക്രിമിനലുകള്‍ എന്തുകുറ്റകൃത്യങ്ങള്‍ക്കും മടിയില്ലാത്തവരാണെന്നും ഞാന്‍ വിശ്വസിക്കുന്നു” തേജശ്വി പറഞ്ഞു. സര്‍ക്കാരിലുള്ള ബിജെപി നേതാക്കളും ബീഹാറിലെ ക്രമസമാധാനനിലയെക്കുറിച്ച് മുഖ്യമന്ത്രിയോട് ചോദ്യങ്ങള്‍ ചോദിക്കുന്നില്ല. അതിനായി അവര്‍ക്ക് നല്‍കിയത് രണ്ട് ഡെപ്യൂട്ടി മുഖ്യമന്ത്രി പദമാണെന്നും അദ്ദേഹം ആരോപിച്ചു.
ചൊവ്വാഴ്ച രാത്രിയാണ് ഇന്‍ഡിഗോയുടെ ബീഹാര്‍ ഹെഡ് രൂപേഷ് സിഗിനെ നഗരത്തിലെ പുനൈചക് പ്രദേശത്ത് അജ്ഞാതര്‍ കൊലപ്പെടുത്തിയത്. അദ്ദേഹം പാറ്റ്്‌ന വിമാനത്താവളത്തില്‍ നിന്ന് എസ്യുവിയില്‍ മടങ്ങുകയായിരുന്നു. അദ്ദേഹം തന്റെ പാര്‍പ്പിട സമുച്ചയത്തിന്റെ ഗേറ്റില്‍ എത്തിയയുടനെ അജ്ഞാതരായ ആക്രമണകാരികള്‍ വെടിവെക്കുകയായിരുന്നു. രൂപേഷ് സിംഗ് സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.