പുതിയ ഫ്‌ളാഗ്ഷിപ്പ് സീരീസ് സ്മാര്‍ട്ട്‌ഫോണുകളുമായി വിവോ
എക്‌സ്60 പ്രോ പ്ലസ്, എക്‌സ്60 പ്രോ, എക്‌സ്60 ഫോണുകളാണ് പുറത്തിറക്കിയത്
ഒരേയൊരു വേരിയന്റിലാണ് വിവോ എക്‌സ്60 പ്രോ പ്ലസ് ലഭിക്കുന്നത്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 69,990 രൂപയാണ് വില. ‘എംപറര്‍ ബ്ലൂ’ വീഗന്‍ ലെതര്‍ ഫിനിഷ് നല്‍കി. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റില്‍ മാത്രമാണ് വിവോ എക്‌സ്60 പ്രോ വില്‍ക്കുന്നത്. 49,990 രൂപയാണ് വില. മിഡ്‌നൈറ്റ് ബ്ലാക്ക്, ഷിമ്മര്‍ ബ്ലൂ എന്നീ കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും. വനില വിവോ എക്‌സ്60 വരുന്നത് രണ്ട് വേരിയന്റുകളിലാണ്. 8 ജിബി റാം, 128 ജിബി സ്റ്റോറേജ് വേരിയന്റിന് 37,990 രൂപയും 12 ജിബി റാം, 256 ജിബി സ്റ്റോറേജ് വേരിയന്റിന് 41,990 രൂപയുമാണ് വില നിശ്ചയിച്ചത്. വിവോ എക്‌സ്60 പ്രോയുടെ അതേ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭിക്കും.
വിവോ എക്‌സ്60 സീരീസിന്റെ പ്രീ ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി. ഏപ്രില്‍ രണ്ട് മുതല്‍ വാങ്ങാന്‍ കഴിയും. പ്രീ ബുക്കിംഗ് നടത്തുമ്പോള്‍ ഓഫറുകളും ലഭ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകളിലും ഇഎംഐ ഇടപാടുകളിലും പത്ത് ശതമാനം കാഷ്ബാക്ക്, ‘വി ഷീല്‍ഡ്’ മൊബീല്‍ ഡാമേജ് പ്രൊട്ടക്ഷന്‍, ‘വിവോ അപ്‌ഗ്രേഡ്’ എന്നീ ഓഫറുകളാണ് ലഭിക്കുന്നത്.
ഇരട്ട നാനോ സിം കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ കഴിയുന്ന വിവോ എക്‌സ്60 പ്രോ പ്ലസ് പ്രവര്‍ത്തിക്കുന്നത് ആന്‍ഡ്രോയ്ഡ് 11 അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 11.1 സ്‌കിന്‍ സോഫ്റ്റ്‌വെയറിലാണ്. 6.56 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് (1080, 2376 പിക്‌സല്‍) അമോലെഡ് ഡിസ്‌പ്ലേയാണ് നല്‍കിയത്. 120 ഹെര്‍ട്‌സ് റിഫ്രെഷ് റേറ്റ്, 240 ഹെര്‍ട്‌സ് ടച്ച് സാംപ്ലിംഗ് റേറ്റ് എന്നിവ സവിശേഷതകളാണ്. 398 പിപിഐ പിക്‌സല്‍ സാന്ദ്രത, 92.7 ശതമാനം സ്‌ക്രീന്‍ ബോഡി അനുപാതം, ‘ഷോട്ട് സെന്‍സേഷന്‍ അപ്പ്’ സ്‌ക്രീന്‍ പ്രൊട്ടക്ഷന്‍ എന്നിവ ലഭിച്ചു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 888 എസ്ഒസിയാണ് കരുത്തേകുന്നത്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് ലഭിച്ചു. സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയില്ല.
പിറകില്‍ നാല് കാമറകളാണ് നല്‍കിയിരിക്കുന്നത്. ഓപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷന്‍ (ഒഐഎസ്), എഫ്/1.57 ലെന്‍സ് എന്നിവ സഹിതം 50 മെഗാപിക്‌സല്‍ ‘ജിഎന്‍1 സെന്‍സര്‍’, ജിംബല്‍ സ്റ്റബിലൈസേഷന്‍, എഫ്/2.2 ലെന്‍സ് എന്നിവ സഹിതം 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 598 സെന്‍സര്‍, എഫ്/2.08 ലെന്‍സ് സഹിതം 32 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/3.4 ലെന്‍സ് സഹിതം 8 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് പിറകിലെ ക്വാഡ് കാമറ സംവിധാനം. മുന്നില്‍ എഫ്/2.45 ലെന്‍സ് സഹിതം 32 മെഗാപിക്‌സല്‍ സെല്‍ഫി ഷൂട്ടര്‍ നല്‍കി.
5ജി, ഡുവല്‍ ബാന്‍ഡ് വൈഫൈ, ജിപിഎസ്, എന്‍എഫ്‌സി, ബ്ലൂടൂത്ത് 5.2, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. ആക്‌സെലറോമീറ്റര്‍, കളര്‍ ടെംപറേച്ചര്‍ സെന്‍സര്‍, ആംബിയന്റ് ലൈറ്റ് സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ഇ കോംപസ്, ജൈറോസ്‌കോപ്പ്, ലേസര്‍ ഫോക്കസിംഗ് സെന്‍സര്‍ എന്നീ സെന്‍സറുകള്‍ ലഭിച്ചു. ഡിസ്‌പ്ലേയില്‍തന്നെ ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ നല്‍കിയിരിക്കുന്നു. 4,200 എംഎഎച്ച് ബാറ്ററിയാണ് ഉപയോഗിക്കുന്നത്. 55 വാട്ട് ‘ഫ്‌ളാഷ്ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ലഭിച്ചു. ഉയരം, വീതി, വണ്ണം എന്നിവ യഥാക്രമം 158.59 എംഎം, 73.35 എംഎം, 9.10 എംഎം. 191 ഗ്രാമാണ് ഭാരം.
വിവോ എക്‌സ്60 പ്രോ
ആന്‍ഡ്രോയ്ഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമാക്കിയ ഫണ്‍ടച്ച് ഒഎസ് 11.1 സോഫ്റ്റ്‌വെയര്‍ സ്‌കിന്നിലാണ് വിവോ എക്‌സ്60 പ്രോ പ്രവര്‍ത്തിക്കുന്നത്. പ്രോ പ്ലസ് വേരിയന്റില്‍ നല്‍കിയ അതേ ഡിസ്‌പ്ലേ ലഭിച്ചു. ‘ഷോട്ട് സെന്‍സേഷന്‍ അപ്പ്’ മുന്നിലും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 6 പിറകിലും സുരക്ഷയൊരുക്കും. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസിയാണ് കരുത്തേകുന്നത്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് ലഭിച്ചു. മൈക്രോഎസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയില്ല.
ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി, പിറകില്‍ മൂന്ന് കാമറകള്‍ നല്‍കിയിരിക്കുന്നു. ജിംബല്‍ സ്റ്റബിലൈസേഷന്‍, എഫ്/1.48 ലെന്‍സ് എന്നിവ സഹിതം 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 598 സെന്‍സര്‍, എഫ്/2.2 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ സെന്‍സര്‍, എഫ്/2.46 ലെന്‍സ് സഹിതം 13 മെഗാപിക്‌സല്‍ സെന്‍സര്‍ എന്നിവ ഉള്‍പ്പെടുന്നതാണ് ട്രിപ്പിള്‍ കാമറ സംവിധാനം. മുന്നില്‍ എഫ്/2.45 ലെന്‍സ് സഹിതം 32 മെഗാപിക്‌സല്‍ സെന്‍സര്‍ ലഭിച്ചു.
കണക്റ്റിവിറ്റി ഓപ്ഷനുകളും സെന്‍സറുകളും പ്രോ പ്ലസ് വേരിയന്റിന് സമാനമാണെങ്കിലും ഒന്നുരണ്ട് വ്യത്യാസങ്ങള്‍ കാണാം. പ്രോ വേരിയന്റില്‍ എന്‍എഫ്‌സി നല്‍കിയിട്ടില്ല. മാത്രമല്ല, ബ്ലൂടൂത്ത് 5.2 വേര്‍ഷനുപകരം ബ്ലൂടൂത്ത് 5.1 നല്‍കി. അതേശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്നു. എന്നാല്‍ 33 വാട്ട് ‘ഫ്‌ളാഷ്ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. വിവോ എക്‌സ്60 പ്രോ സ്മാര്‍ട്ട്‌ഫോണിന്റെ മിഡ്‌നൈറ്റ് ബ്ലാക്ക് വേരിയന്റിന് 158.58 എംഎം, 73.24 എംഎം, 7.59 എംഎം എന്നിങ്ങനെയാണ് വലുപ്പം. 177 ഗ്രാമാണ് ഭാരം. എന്നാല്‍ ഇതേ ഫോണിന്റെ ഷിമ്മര്‍ ബ്ലൂ വേരിയന്റിന് 158.58 എംഎം, 73.24 എംഎം, 7.69 എംഎം എന്നിങ്ങനെയാണ് വലുപ്പം. 179 ഗ്രാമാണ് ഭാരം.
വിവോ എക്‌സ്60
പ്രോ വേരിയന്റില്‍ നല്‍കിയ മിക്കവാറും അതേ സ്‌പെസിഫിക്കേഷനുകളാണ് വിവോ എക്‌സ്60 സ്മാര്‍ട്ട്‌ഫോണിന് ലഭിച്ചത്. എന്നാല്‍ ചെറിയ ചില വ്യത്യാസങ്ങള്‍ കാണാം. മറ്റ് രണ്ട് വേരിയന്റുകള്‍ പോലെ അതേ ഡിസ്‌പ്ലേയാണ് വനില വിവോ എക്‌സ്60 ഉപയോഗിക്കുന്നത്. പ്രോയുടെ അതേ സുരക്ഷ ലഭിച്ചു. ക്വാല്‍ക്കോം സ്‌നാപ്ഡ്രാഗണ്‍ 870 എസ്ഒസിയാണ് കരുത്തേകുന്നത്. 12 ജിബി വരെ റാം, 256 ജിബി വരെ സ്റ്റോറേജ് ലഭിച്ചു. സ്‌റ്റോറേജ് വര്‍ധിപ്പിക്കാന്‍ കഴിയില്ല.
ഫോട്ടോ, വീഡിയോ ആവശ്യങ്ങള്‍ക്കായി പ്രൈമറി സെന്‍സറിലെ ചെറിയ മാറ്റം ഒഴിച്ച് മിക്കവാറും അതേ ട്രിപ്പിള്‍ റിയര്‍ കാമറ സംവിധാനം നല്‍കി. ജിംബല്‍ സ്റ്റബിലൈസേഷന്‍ ലഭിച്ചില്ല. ബില്‍റ്റ് ഇന്‍ ഒഐഎസ്, എഫ്/1.79 ലെന്‍സ് എന്നിവ സഹിതം 48 മെഗാപിക്‌സല്‍ സോണി ഐഎംഎക്‌സ് 598 സെന്‍സറാണ് ഉപയോഗിക്കുന്നത്. പിറകിലെ മറ്റ് രണ്ട് സെന്‍സറുകളും മുന്നിലെ സെല്‍ഫി ഷൂട്ടറും അതുതന്നെ.
പ്രോ വേരിയന്റിലെ അതേ കണക്റ്റിവിറ്റി ഓപ്ഷനുകളും സെന്‍സറുകളും ലഭിച്ചു. അതേ ശേഷിയുള്ള ബാറ്ററി ഉപയോഗിക്കുന്നു. 33 വാട്ട് ‘ഫ്‌ളാഷ്ചാര്‍ജ്’ അതിവേഗ ചാര്‍ജിംഗ് സപ്പോര്‍ട്ട് ചെയ്യും. മിഡ്‌നൈറ്റ് ബ്ലാക്ക് കളര്‍ വേരിയന്റിന് 159.63 എംഎം, 75.01 എംഎം, 7.36 എംഎം എന്നിങ്ങനെയാണ് വലുപ്പം. 176 ഗ്രാമാണ് ഭാരം. അതേസമയം, ഷിമ്മര്‍ ബ്ലൂ വേരിയന്റിന് 159.63 എംഎം, 75.01 എംഎം, 7.4 എംഎം എന്നിങ്ങനെയാണ് വലുപ്പം. 177 ഗ്രാമാണ് ഭാരം.