തൊഴിലില്ലായ്മാ നിരക്ക് ഫെബ്രുവരിയില്‍ 6.9%
1 min readജനുവരിയിലെ 6.5 ശതമാനത്തില്‍ നിന്ന് ഉയര്‍ച്ച
ന്യൂഡെല്‍ഹി: സെന്‍റര്‍ ഫോര്‍ മോണിറ്ററിംഗ് ഇന്ത്യന്‍ ഇക്കണോമി (സിഎംഐഇ) യുടെ കണക്കനുസരിച്ച്, 2021 ഫെബ്രുവരിയിലെ തൊഴിലില്ലായ്മാ നിരക്ക് 6.9 ശതമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലെ 7.8 ശതമാനത്തില്‍ നിന്ന് നേരിയ തോതിലുള്ള ഉയര്‍ച്ചയാണിത്. എങ്കിലും ലോക്ക്ഡൗണ്‍ പ്രഖ്യാപനത്തിനു ശേഷം രാജ്യം അഭിമുഖീകരിച്ച് വന്‍ തൊഴില്‍ നഷ്ടത്തില്‍ നിന്നുള്ള വീണ്ടെടുപ്പ് പൂര്‍ണമായിട്ടില്ലെന്ന് വ്യക്തമാക്കുന്നതാണ് സിഎംഐഇ റിപ്പോര്‍ട്ട്.
ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ട് 2020 മാര്‍ച്ചില്‍ 8.8 ശതമാനമായിരുന്നു തൊഴിലില്ലായ്മ നിരക്ക്. ഏപ്രിലില്‍ ഇത് 23.5 ശതമാനമായി ഉയര്‍ന്നതായും മെയ് മാസത്തില്‍ 21.7 ശതമാനമായി തുടരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണില്‍ ഇത് 10.2 ശതമാനത്തിലേക്ക് തിരിച്ചെത്തി. ജൂലൈയില്‍ 7.4 ശതമാനമായി കുറഞ്ഞെങ്കിലും തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 8.3 ആയി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ഇത് 6.7 ശതമാനമായിരുന്നു. ഒക്ടോബറില്‍ തൊഴിലില്ലായ്മ വീണ്ടും 7 ശതമാനമായി ഉയര്‍ന്നു. വീണ്ടും നവംബറില്‍ ഇത് 6.5 ശതമാനമായി കുറഞ്ഞു.
ഡിസംബറില്‍ തൊഴിലില്ലായ്മ നിരക്ക് 9.1 ശതമാനമായി ഉയര്‍ന്നതായും 2021 ജനുവരിയില്‍ 6.5 ശതമാനമായി കുറഞ്ഞുവെന്നും സിഎംഐഇ കണക്കുകള്‍ വ്യക്തമാക്കുന്നു. തൊഴിലുകളിലെ അസ്ഥിരത വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍ എന്നാണ് വിലയിരുത്തപ്പെടുന്നത്. ഉല്‍പ്പാദന, സേവന മേഖലകളിലെ ഊര്‍ജ്ജസ്വലത വര്‍ദ്ധിച്ചതിനുശേഷം മാത്രമേ തൊഴില്‍ നിരക്കില്‍ സ്ഥിരത ഉണ്ടാകൂ എന്നാണ് സിഎംഐഇ-യിലെ വിദഗ്ധര്‍ വിലയിരുത്തുന്നത്.
രാജ്യത്തെ ജനസംഖ്യയുടെ 55 ശതമാനത്തിലധികം വരുന്നവര്‍ ഇടപെടുന്ന കാര്‍ഷിക മേഖല മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ടെങ്കിലും നഗര, വ്യാവസായിക മേഖലകളില്‍ ജോലിക്കെടുക്കുന്നതില്‍ പുരോഗതി ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു. രാജ്യത്ത് തൊഴില്‍ വര്‍ദ്ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ തൊഴില്‍ സാഹചര്യങ്ങളില്‍ സ്ഥിരമായ പുരോഗതി കൈവരിക്കുന്നതിന് ആവര്‍ത്തിച്ചുള്ള നയപരമായ ഇടപെടലുകളും നിലവിലുള്ള പദ്ധതികളുടെയും ചെറുകിട സംരംഭങ്ങളുടെയും നിരീക്ഷണവും ആവശ്യമാണെന്ന് അവര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് -19 മാഹാമാരിയുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് ജോലി തേടുന്നവരെ സഹായിക്കുന്നതിന് ഒക്ടോബറില്‍ ആരംഭിച്ച ആത്മീര്‍ഭര്‍ ഭാരത് റോസ്ഗര്‍ യോജന (എബിആര്‍വൈ) യില്‍ നിന്ന് 16.5 ലക്ഷത്തോളം ആളുകള്‍ 2021 മാര്‍ച്ച് 9 വരെ പ്രയോജനം നേടിയിട്ടുണ്ടെന്ന് തൊഴില്‍ മന്ത്രാലയത്തിന്‍റെ കണക്കുകള്‍ പറയുന്നു.