യുഎന്നില്‍ ശ്രീലങ്കക്കെതിരായ പ്രമേയം : ഇന്ത്യ വിട്ടുനിന്നതിനെതിരെ ഡിഎംകെയും എംഡിഎംകെയും
മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ മനുഷ്യാവകാശ സമിതിയിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇന്ത്യയടക്കം 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍നിന്നും വിട്ടുനിന്നു
ചെന്നൈ: ശ്രീലങ്കയിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ഐക്യരാഷ്ട്ര മനുഷ്യാവകാശ സമിതിയില്‍ (യുഎന്‍എച്ച്ആര്‍സി) നടന്ന വോട്ടെടുപ്പില്‍നിന്നും ഇന്ത്യവിട്ടുനിന്നതിന് കേന്ദ്രത്തിനെതിരെ ഡിഎംകെയും എംഡിഎംകെയും രംഗത്തെത്തി.
ശ്രീലങ്കന്‍ തമിഴരുടെ താല്‍പ്പര്യങ്ങള്‍ കേന്ദ്രം വഞ്ചിച്ചുവെന്ന് ഡിഎംകെ പ്രസിഡന്‍റ് എം കെ സ്റ്റാലിന്‍ ആരോപിച്ചു. യുഎന്‍എച്ച്ആര്‍സിയില്‍ പ്രമേയം ബഹിഷ്കരിക്കുന്നതിലൂടെ സര്‍ക്കാര്‍ ശ്രീലങ്കന്‍ സര്‍ക്കാരിനെ പരോക്ഷമായി സഹായിക്കുന്നതായും അദ്ദേഹം കുറ്റപ്പെടുത്തി. ചെന്നൈയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ഡിഎംകെ നേതാവ്. എംഡിഎംകെ മുന്‍പുതന്നെ തമിഴ്പുലികളെ പരസ്യമായി പിന്തുണച്ചിരുന്ന രാഷ്ട്രീയ കക്ഷിയാണ്.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് കാരണമാണ് ഇന്ത്യ പ്രമേയത്തില്‍നിന്നും വിട്ടുനിന്നത്. തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് ഇല്ലായിരുന്നുവെങ്കില്‍ കേന്ദ്രം പ്രമേയത്തിനെതിരെയും ലങ്കയെ പിന്തുണച്ചുകൊണ്ടും വോട്ട് ചെയ്യുമായിരുന്നു. ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നടപടിയെ ശക്തമായി അപലപിക്കുന്നുവെന്ന് എംഡിഎംകെ ജനറല്‍ സെക്രട്ടറി വൈക്കോ രാമസ്വാമി പറഞ്ഞു.
“ഇത് ശ്രീലങ്കന്‍ സര്‍ക്കാരും തമിഴ് പ്രവാസികളും തമ്മിലുള്ള പോരാട്ടമല്ലെന്നും അത് തീര്‍ച്ചയായും ഒരു വംശഹത്യയാണെന്നും നിങ്ങള്‍ മനസ്സിലാക്കണം. 1.37 ലക്ഷം തമിഴരെ ശ്രീലങ്കന്‍ സേന ക്രൂരമായി കൊലപ്പെടുത്തി. അവരുടെ താമസസ്ഥലങ്ങളില്‍ ബോംബാക്രമണം നടത്തുകയും തമിഴരെ പട്ടിണിക്കിടുകയും ചെയ്തു. ആരും തമിഴ് ലക്ഷ്യത്തെ പിന്തുണച്ചില്ല’ വൈക്കോ പറഞ്ഞു. യുഎന്‍എച്ച്ആര്‍സിയില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആരുടെയും പക്ഷംപിടിക്കാതെ തന്ത്രപരമായ ഒഴിഞ്ഞുമാറ്റം നടത്തി. സെഷനില്‍ 11നെതിരെ 22 വോട്ടുകള്‍ക്കാണ് സമിതിയില്‍ പ്രമേയം പാസായത്. ഇന്ത്യയും ജപ്പാനുമടക്കം 14 രാജ്യങ്ങള്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ചൈന, പാക്കിസ്ഥാന്‍, റഷ്യ, ബംഗ്ലാദേശ് എന്നിവയുള്‍പ്പെടെ 11രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ടുചെയ്തു.