ഹീറോ ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷന്‍ പുറത്തിറക്കി
എക്‌സ് ഷോറൂം വില 72,050 രൂപ
പുതിയ ഡിസൈന്‍ ഘടകങ്ങള്‍, ഫീച്ചറുകള്‍ എന്നിവയോടെയാണ് പ്രത്യേക പതിപ്പ് വരുന്നത്. സവിശേഷ എല്‍ഇഡി ഗൈഡ് ലാംപ്, പ്രീമിയം ബാഡ്ജിംഗ്, ബ്ലാക്ക് ആന്‍ഡ് ക്രോം തീം സഹിതം ഷീറ്റ് മെറ്റല്‍ ബോഡി എന്നിവ ലഭിച്ചതാണ് പ്ലാറ്റിനം എഡിഷന്‍. ഇന്ധനം ലാഭിക്കുന്നതിനായി ഹീറോ മോട്ടോകോര്‍പ്പിന്റെ ഐ3എസ് (ഐഡില്‍ സ്റ്റാര്‍ട്ട് സ്‌റ്റോപ്പ് സിസ്റ്റം) നല്‍കി. സൈഡ് സ്റ്റാന്‍ഡ് ഇന്‍ഡിക്കേറ്റര്‍, സര്‍വീസ് ഡ്യൂ റിമൈന്‍ഡര്‍ എന്നിവ സഹിതം പകുതി ഡിജിറ്റലും പകുതി അനലോഗുമായ സ്പീഡോമീറ്റര്‍ കണ്‍സോള്‍ ലഭിച്ചു. ക്രോം ബാര്‍ എന്‍ഡുകള്‍, ക്രോം കണ്ണാടികള്‍ എന്നിവ സ്‌കൂട്ടറിന് റെട്രോ ലുക്ക് നല്‍കുന്നതാണ്.
മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റങ്ങളില്ല. അതേ 125 സിസി, ഫ്യൂവല്‍ ഇന്‍ജെക്റ്റഡ് എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 7,000 ആര്‍പിഎമ്മില്‍ 9 ബിഎച്ച്പി കരുത്തും 5,500 ആര്‍പിഎമ്മില്‍ 10.4 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കും.
പ്ലെഷര്‍ പ്ലസ് പ്ലാറ്റിനം എഡിഷന്‍ മോഡലിന് ലഭിച്ച പ്രതികരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഡെസ്റ്റിനി 125 പ്ലാറ്റിനം എഡിഷന്‍ കൊണ്ടുവന്നതെന്ന് ഹീറോ മോട്ടോകോര്‍പ്പ് സ്ട്രാറ്റജി ആന്‍ഡ് ഗ്ലോബല്‍ പ്രൊഡക്റ്റ് പ്ലാനിംഗ് വിഭാഗം മേധാവി മാലോ ലെ മാസണ്‍ പറഞ്ഞു. 125 സിസി സ്‌കൂട്ടര്‍ സെഗ്‌മെന്റിലെ പ്രധാന മോഡലാണ് ഡെസ്റ്റിനി 125 എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹീറോ ഡെസ്റ്റിനി 125 സ്‌കൂട്ടറിന്റെ ഡ്രം ബ്രേക്ക്, ഷീറ്റ് മെറ്റല്‍ വീല്‍ വേരിയന്റിന് 66,960 രൂപയും ഡ്രം ബ്രേക്ക്, അലോയ് വീല്‍ വിഎക്‌സ് വേരിയന്റിന് 70,450 രൂപയും 100 മില്യണ്‍ എഡിഷന്‍ മോഡലിന് 72,250 രൂപയുമാണ് എക്‌സ് ഷോറൂം വില.