ഇന്ത്യ- അറബ് ബന്ധം ശക്തിപ്പെടുത്താൻ ധാരണ
1 min readന്യൂഡെൽഹി ഇന്ത്യയും അറബ് ലോകവും തമ്മിലുള്ള ചരിത്രബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ പദ്ധതികൾ നടപ്പിലാക്കാൻ ഇന്ത്യയിലെയും അറബ് ലീഗ് രാഷ്ട്രങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥർ തമ്മിൽ തീരുമാനിച്ചു. അറബ്-ഇന്ത്യ സാംസ്കാരിക മേള, ഊർജ മേഖലയിലെ ഇന്ത്യ-അറബ് ബന്ധത്തെ കുറിച്ചുള്ള സിംപോസിയം, അറബ്-ഇന്ത്യ യൂണിവേഴ്സിറ്റി പ്രസിഡന്റുമാരുടെ കോൺഫറൻസ്, മാധ്യമരംഗത്തെ അറബ്-ഇന്ത്യ ബന്ധത്തെ കുറിച്ചുള്ള സിംപോസിയം, അറബ്-ഇന്ത്യ പങ്കാളിത്ത കോൺഫറൻസ് എന്നിവയാണ് പദ്ധതിയിടുന്നത്.
അറബ്-ഇന്ത്യ സഹകരണ ഫോറത്തിന്റെ കാർമികത്വത്തിൽ നടന്ന വീഡിയോ കോൺഫറൻസിലാണ് ഇരു മേഖലകളും തമ്മിലുള്ള ചരിത്രാതീത ബന്ധം ഊട്ടിയുറപ്പിക്കുന്നതിനുള്ള പല പദ്ധതികളും നടപ്പിലാക്കാൻ ധാരണയായത്. അറബ് മേഖലയുടെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയം സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ, അറബ് ലീഗിലെ ഈജിപ്തിന്റെ സ്ഥിരം പ്രതിനിധിയും വിദേശകാര്യ സഹമന്ത്രിയുമായ അബു അൽ ഖെയ്റും യോഗത്തിന് അധ്യക്ഷത വഹിച്ചു.
അറബ്-ഇന്ത്യ സഹകരണ ഫോറത്തിന്റെ നേതൃത്വത്തിലുള്ള രണ്ടാമത് മന്ത്രിതല യോഗം ഇന്ത്യയിൽ വെച്ച് നടത്തണമെന്ന ആഗ്രഹമാണ് യോഗത്തിൽ ഉയർന്നതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കോവിഡ്-19 പകർച്ചവ്യാധി മൂലമുള്ള അസാധാരണ വെല്ലുവിളികളുടെ പശ്ചാത്തലത്തിൽ രോഗ നിർണയം, ചികിത്സ എന്നീ മേഖലകളിൽ ഇന്ത്യയും അറബ് രാജ്യങ്ങളും തമ്മിലുള്ള ബന്ധവും കോവിഡിന് ശേഷമുള്ള സാമ്പത്തിക വീണ്ടെടുക്കലിൽ അംഗ രാജ്യങ്ങൾക്കുള്ള കാഴ്ചപ്പാടും യോഗത്തിൽ ചർച്ചയായി.