അടുത്ത മാസം പുതുക്കിയ ശമ്പളം നേരത്തേ കിട്ടും
അടുത്ത മാസത്തെ ക്ഷേമ പെന്‍ഷനും ഈ മാസം അവസാനത്തോടെ തന്നെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം
തിരുവനന്തപുരം: അടുത്ത മാസം ആദ്യ പ്രവൃത്തി ദിവസം മുതല്‍ തന്നെ ശമ്പള വിതരണം ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇന്നലെ ധനവകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ധനമന്ത്രി തോമസ് ഐസക് വിളിച്ചു ചേര്‍ത്തിരുന്നു. ഇതിലാണ് തെരഞ്ഞെടുപ്പിന് മുന്നോടിയായി തന്നെ ശമ്പള വിതരണവും ക്ഷേമ പെന്‍ഷന്‍ വിതരണവും പൂര്‍ത്തിയാക്കണമെന്ന് നിര്‍ദേശം നല്‍കിയത്.
പെസഹ വ്യാഴം, ദുഃഖവെള്ളി, ഈസ്റ്റര്‍ എന്നീ അവധികള്‍ അടുത്ത മാസം തുടക്കത്തില്‍ തന്നെ വരുന്നുണ്ട്. എന്നാല്‍ പൂര്‍ണമായി അവധി നല്‍കിയാല്‍ ശമ്പള വിതരണവും തിരഞ്ഞെടുപ്പ് ചെലവുകള്‍ക്കുള്ള പണത്തിന്‍റെ വിതരണവും തടസപ്പെടാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഈ ദിവസങ്ങളില്‍ ട്രഷറികള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതിനും ആഘോഷവുമായി ബന്ധപ്പെട്ട വിഭാഗത്തിലെ ജീവനക്കാര്‍ക്ക് മാത്രം അവധി നല്‍കാനും യോഗത്തില്‍ ധാരണയായി.
അടുത്ത മാസത്തെ ക്ഷേമ പെന്‍ഷനും ഈ മാസം അവസാനത്തോടെ തന്നെ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം. ഈ സര്‍ക്കാര്‍ തെരഞ്ഞെടുപ്പില്‍ മുന്നോട്ടുവെക്കുന്ന പ്രധാനപ്പെട്ടൊരു വിഷയമാണ് ക്ഷേമപെന്‍ഷനുകള്‍ മുടക്കമില്ലാതെ നല്‍കിയതും അവയുടെ തുക വര്‍ധിപ്പിച്ചതും. അതിനാല്‍ തെരഞ്ഞെടുപ്പിന് മുമ്പ് അത് മുടങ്ങുന്ന സാഹചര്യം ഉണ്ടാകാതിരിക്കാനുള്ള നിര്‍ദേശങ്ങളാണ് സര്‍ക്കാര്‍ നല്‍കിയിട്ടുള്ളത്.
അടുത്ത മാസത്തെ ക്ഷേമ പെന്‍ഷന്‍ വിഷുവിന് മുമ്പ് നല്‍കാനാണ് സര്‍ക്കാര്‍ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലും അവധി ദിനങ്ങള്‍ പരിഗണിച്ചും ഇത് നേരത്തേയാക്കുകയായിരുന്നു. ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അടുത്ത മാസം മുതല്‍ പുതുക്കിയ ശമ്പളമാണ് നല്‍കുന്നത്. ഇതിന്‍റെ ഭാഗമായി ശമ്പള വിതരണ സോഫ്റ്റ്വെയറായ സ്പാര്‍ക്കിലെ ക്രമീകരണങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തുന്നതിന് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. നേരത്തേ ശമ്പള വിതരണ സോഫ്റ്റ്വെയറില്‍ ചില തകരാറുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. പുറത്തുനിന്നുള്ള ഐടി വിദഗ്ധരുടെ സഹായത്തോടെ ഇത് പരിഹരിക്കുന്നതിന് ശ്രമം നടക്കുകയാണ്. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.