ഡിഎഫ്ഐ ബില്‍ അടുത്തയാഴ്ച ലോക്സഭയില്‍ അവതരിപ്പിക്കും
ന്യൂഡെല്‍ഹി: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്ക് ധനസഹായം നല്‍കുന്നതിനായി സര്‍ക്കാര്‍ ഉടമസ്ഥതയില്‍ ഡിഎഫ്ഐ രൂപീകരിക്കുന്നതിന് വഴിയൊരുക്കുന്നതിനായി സര്‍ക്കാര്‍ അടുത്തയാഴ്ച ലോക്സഭയില്‍ നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഡെവലപ്മെന്‍റ് ബില്‍ 2021 അവതരിപ്പിക്കും. ഡെവലപ്മെന്‍റ് ഫിനാന്‍സ് ഇന്‍സ്റ്റിറ്റ്യൂഷന്‍ (ഡിഎഫ്ഐ) രൂപീകരിക്കുന്നതിനുള്ള ബജറ്റ് നിര്‍ദ്ദേശത്തിന് ഈ ആഴ്ച ആദ്യം കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയിരുന്നു.
ഡിഎഫ്ഐയിലൂടെ നിക്ഷേപകരില്‍ നിന്ന് ഫണ്ട് സ്വരൂപിക്കുന്നതിന് നികുതി ആനുകൂല്യങ്ങളും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഡെവലപ്മെന്‍റ് (ചമആഎകഉ) 20,000 കോടി രൂപയുടെ പ്രാരംഭ മൂലധനത്തിലാണ് സ്ഥാപിക്കപ്പെടുന്നത് 5,000 കോടി രൂപയുടെ പ്രാരംഭ ഗ്രാന്‍റ് സര്‍ക്കാര്‍ നല്‍കുകയും ചെയ്യും. അടുത്ത കുറച്ച് വര്‍ഷത്തിനുള്ളില്‍ ഈ ഫണ്ടിലൂടെ മൂന്ന് ലക്ഷം കോടി രൂപ സമാഹരിക്കാനാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
അടുത്തയാഴ്ച ലോക്സഭയിലെ അജണ്ടകള്‍ പട്ടികപ്പെടുത്തുമ്പോള്‍ പാര്‍ലമെന്‍ററി കാര്യ സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാളാണ് നാഷണല്‍ ബാങ്ക് ഫോര്‍ ഫിനാന്‍സിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ഡവലപ്മെന്‍റ് (നാബ്ഫിഡ്) ബില്‍ അവതരിപ്പിക്കുമെന്ന് അറിയിച്ചത്.