November 23, 2024

Future Kerala

Future Kerala : Daily On Business , Economy and Society | Latest Malayalam News | FK Special | Kerala | India | Politics | Sports | Movie | Lifestyle | E Paper | Malayalam News | Breaking News | Kerala News

ശ്രദ്ധ പിടിച്ചുപറ്റി ഹ്യുണ്ടായ് സ്റ്റാറിയ

ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ നല്‍കിയാണ് പീപ്പിള്‍ മൂവറിനെ ഹ്യുണ്ടായ് ആഗോള വിപണികളില്‍ എത്തിക്കുന്നത്

ആഗോളതലത്തില്‍ ഹ്യുണ്ടായ് സ്റ്റാറിയ എംപിവി ഈയിടെ അനാവരണം ചെയ്തു. ഈ വര്‍ഷം ആദ്യ പകുതിയില്‍ ആഗോള അരങ്ങേറ്റം നടത്താനിരിക്കെയാണ് ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളുടെ പുതിയ മോഡല്‍ ലോകസമക്ഷം പ്രത്യക്ഷപ്പെട്ടത്. ഏഴ്, ഒമ്പത്, പതിനൊന്ന് സീറ്റിംഗ് ക്രമീകരണങ്ങളില്‍ ഹ്യുണ്ടായ് സ്റ്റാറിയ വിപണിയിലെത്തും. സ്‌പേസ്ഷിപ്പിന് സമാനമായ രൂപകല്‍പ്പനയാണ് നല്‍കിയിരിക്കുന്നതെന്ന് ഹ്യുണ്ടായ് പറയുന്നു.

ഫ്യൂച്ചറിസ്റ്റിക് ഡിസൈന്‍ നല്‍കിയാണ് പീപ്പിള്‍ മൂവറിനെ ഹ്യുണ്ടായ് ആഗോള വിപണികളിലെത്തിക്കുന്നത്. ‘ഇന്‍സൈഡ് ഔട്ട്’ സമീപനത്തോടെയാണ് സ്റ്റാറിയ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ഹ്യുണ്ടായ് അറിയിച്ചു. ബിസിനസ് ആവശ്യങ്ങള്‍ക്കും കുടുംബങ്ങള്‍ക്കും വാങ്ങാവുന്നവിധമാണ് രൂപകല്‍പ്പന. അഭൂതപൂര്‍വ ഡിസൈന്‍, നൂതന ഫീച്ചറുകള്‍ എന്നിവയോടെ മുടക്കുന്ന പണത്തിന് പൂര്‍ണമായും പുതിയ അനുഭവം നല്‍കുന്നതായിരിക്കും ഹ്യുണ്ടായ് സ്റ്റാറിയ എന്ന് ഗ്ലോബല്‍ ഹ്യുണ്ടായ് ഡിസൈന്‍ മേധാവിയും സീനിയര്‍ വൈസ് പ്രസിഡന്റുമായ സാങ്‌യപ് ലീ അവകാശപ്പെട്ടു.

മുന്നില്‍ വാഹനത്തിന്റെ മുഴുവന്‍ വീതിയിലുമായി തിരശ്ചീനമായി ലൈറ്റിംഗ് ബാര്‍ ലഭിച്ചു. കൂടുതല്‍ പ്രാധാന്യം ലഭിച്ചതുപോലെയാണ് ഹെക്‌സാഗണല്‍ മെഷ് ലഭിച്ച നിവര്‍ന്ന കറുത്ത ഗ്രില്‍ ഭാഗം. മള്‍ട്ടി ബീം എല്‍ഇഡി ഹെഡ്‌ലാംപുകള്‍ കുത്തനെ നല്‍കി. വലിയ ഹ്യുണ്ടായ് ബാഡ്ജ് കാണാം. വശങ്ങളില്‍ ദീര്‍ഘചതുരാകൃതിയുള്ള റിയര്‍വ്യൂ കണ്ണാടികള്‍, ഉയരമേറിയ പില്ലറുകള്‍, വലിയ വിന്‍ഡോകള്‍ എന്നിവ ശ്രദ്ധിക്കപ്പെടും. പോപ് ഔട്ട് ഡോര്‍ ഹാന്‍ഡിലുകള്‍ കൂടാതെ താഴ്ന്ന ബെല്‍റ്റ്‌ലൈനുകള്‍, വിശാലമായ പനോരമിക് വിന്‍ഡോകള്‍ എന്നിവ ലഭിച്ചു. പിറകില്‍ വണ്ണമുള്ള എല്‍ഇഡി ലൈറ്റിംഗ് ബാര്‍ ലംബമായി നല്‍കി. ട്രങ്ക് കുറേക്കൂടി നിവര്‍ന്നതാണ്.

ക്രൂസ് കപ്പലിന്റെ ലൗഞ്ചില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് വാഹനത്തിന്റെ അകം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഡുവല്‍ ടോണ്‍ ഡാഷ്‌ബോര്‍ഡ്, മധ്യത്തിലായി ഉയര്‍ന്നുനില്‍ക്കുന്ന ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫൊടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്റ്റിവിറ്റി, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, പുതിയ സ്റ്റിയറിംഗ് വളയം, മുഴുവന്‍ വീതിയില്‍ എസി വെന്റുകള്‍, ബ്രൗണ്‍ നിറമുള്ള സീറ്റുകള്‍, ആംബിയന്റ് ലൈറ്റിംഗ്, ഇല്യുമിനേഷന്‍, നടുവില്‍ സ്റ്റോറേജ് സൗകര്യം, തുകല്‍, മെറ്റാലിക് ഇന്‍സര്‍ട്ടുകള്‍ എന്നിവയാണ് അകത്തെ വിശേഷങ്ങള്‍.

ഹ്യുണ്ടായ് സ്റ്റാറിയ എംപിവിയുടെ പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളില്ല. ചിത്രങ്ങളിലൊന്നില്‍ 3.5 എന്ന ബാഡ്ജ് കാണാം. അതുകൊണ്ടുതന്നെ, വിപണികള്‍ അനുസരിച്ച് 3.5 ലിറ്റര്‍ പെട്രോള്‍, 3.5 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകള്‍ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു. പവര്‍ട്രെയ്ന്‍ ഓപ്ഷനുകള്‍ വൈകാതെ ഔദ്യോഗികമായി അറിയിക്കും.

ഹ്യുണ്ടായ് സ്റ്റാറിയ ഇന്ത്യയില്‍ വരുമോയെന്നുള്ളതാണ് പ്രസക്തമായ ചോദ്യം. സ്റ്റാറിയ കൂടാതെ, ആഗോള വിപണികള്‍ക്കായി കിയ കാര്‍ണിവല്‍ അടിസ്ഥാനമാക്കി പുതിയ എംപിവി തയ്യാറാക്കിവരികയാണ് ഹ്യുണ്ടായ്. ഇന്ത്യയില്‍ കൂടുതല്‍ കൂടുതല്‍ എസ്‌യുവികള്‍ അവതരിപ്പിക്കാനാണ് ഹ്യുണ്ടായ് പദ്ധതി. ഹ്യുണ്ടായ് സ്റ്റാറിയ ഇന്ത്യയില്‍ വരുമോയെന്ന് ഇപ്പോള്‍ തീര്‍ച്ചയില്ല.

Maintained By : Studio3