റിമോട്ട് വര്‍ക്കിംഗ് എളുപ്പമാക്കാന്‍ ഗൂഗിള്‍ ത്രെഡ്ഇറ്റ്
ടിക്‌ടോക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് പോലെ റെക്കോര്‍ഡ് ചെയ്ത ഹ്രസ്വ വീഡിയോകള്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം
മൗണ്ടെയ്ന്‍ വ്യൂ, കാലിഫോര്‍ണിയ: ദൂരെയിരുന്ന് ജോലി ചെയ്യുന്നത് കൂടുതല്‍ എളുപ്പമാക്കുന്നതിന് ത്രെഡ്ഇറ്റ് എന്ന പുതിയ ടൂള്‍ ഗൂഗിള്‍ അവതരിപ്പിച്ചു. ടിക്‌ടോക് അല്ലെങ്കില്‍ ഇന്‍സ്റ്റാഗ്രാം റീല്‍സ് പോലെ റെക്കോര്‍ഡ് ചെയ്ത ഹ്രസ്വ വീഡിയോകള്‍ അയയ്ക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം. ജോലിയുടെ പുരോഗതി സംബന്ധിച്ചും പ്രോജക്റ്റുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങള്‍ ടീം അംഗങ്ങളുമായി ചര്‍ച്ച ചെയ്യുന്നതിനും ഇത്തരം ചെറിയ വീഡിയോകളിലൂടെ സാധിക്കും.
മെയില്‍ അല്ലെങ്കില്‍ ടെക്‌സ്റ്റ് വഴി ആശയവിനിമയം നടത്തുന്നതിനേക്കാള്‍ വളരെ സൗകര്യപ്രദമാണ് വീഡിയോകള്‍ ഉപയോഗിക്കുന്നതെന്ന് ഗൂഗിള്‍ പ്രസ്താവിച്ചു. വീഡിയോ വഴിയുള്ള ആശയവിനിമയങ്ങള്‍ക്ക് ലൈവ് മീറ്റിംഗുകള്‍ വിളിക്കുന്നതിന് പകരം ത്രെഡ്ഇറ്റ് ഉപയോഗിക്കാന്‍ കഴിയും. മാത്രമല്ല, ലോകത്ത് എവിടെയും സ്വന്തം സമയ മേഖലയില്‍ ഇരുന്ന് ജീവനക്കാര്‍ക്ക് ജോലി ചെയ്യാന്‍ കഴിയും.
ബ്രൗസറിലും ക്രോം എക്‌സ്‌റ്റെന്‍ഷനിലും ത്രെഡ്ഇറ്റ് ലഭിക്കും. ഇമെയില്‍, ചാറ്റ് എന്നീ മാര്‍ഗങ്ങളേക്കാള്‍ വീഡിയോ മെസേജിലൂടെ കൂടുതലായി പറയാനും കാണിക്കാനും സാധിക്കുമെന്ന് സ്വന്തം ബ്ലോഗില്‍ ഗൂഗിള്‍ വിശദീകരിച്ചു. മറ്റുള്ള ഓരോരുത്തരുടെയും ജോലിയിലെ പുരോഗതി അറിയുന്നതിനും ചോദ്യങ്ങള്‍ ചോദിക്കുന്നതിനും ഫീഡ്ബാക്ക് ആവശ്യപ്പെടുന്നതിനും ത്രെഡ്ഇറ്റ് ഉപയോഗിക്കാന്‍ കഴിയും. ചെറിയ ആശയവിനിമയങ്ങള്‍ക്കായി വര്‍ച്ച്വല്‍ മീറ്റിംഗ് വിളിക്കുന്നത് ഒഴിവാക്കാം.
ഹ്രസ്വ ക്ലിപ്പുകള്‍ റെക്കോര്‍ഡ് ചെയ്തശേഷം അവയെല്ലാം ചേര്‍ത്ത് ഒറ്റ വീഡിയോ മെസേജായി അയയ്ക്കാം. കൂടുതല്‍ മികച്ച രീതിയില്‍ ആശയവിനിമയം നടത്തുന്നതിന് സ്വന്തം സ്‌ക്രീന്‍ റെക്കോര്‍ഡ് ചെയ്യാനും കഴിയും. ഇതിനുശേഷം ലിങ്ക് വഴി നിങ്ങളുടെ ടീം അംഗങ്ങള്‍ക്ക് അയയ്ക്കാം. എപ്പോഴാണോ തയ്യാറാകുന്നത്, ആ സമയത്ത് അംഗങ്ങള്‍ക്ക് ഈ വീഡിയോ മെസേജിന് മറുപടി അയയ്ക്കാം. എല്ലാ പ്രതികരണങ്ങളും ഒരു സംഭാഷണമായി കാണിക്കും. ഗൂഗിളിന്റെ ഇന്‍ക്യുബേറ്റര്‍ വിഭാഗമായ ഏരിയ 120 യിലെ ഒരു സംഘമാണ് ത്രെഡ്ഇറ്റ് നിര്‍മിച്ചത്.