മിഡില്‍ വെയ്റ്റ് അഡ്വഞ്ചര്‍ ടൂറര്‍ ബിഎസ് 6 ബെനെല്ലി ടിആര്‍കെ 502എക്‌സ് പുറത്തിറക്കി
മെറ്റാലിക് ഡാര്‍ക്ക് ഗ്രേ വേരിയന്റിന് 5.19 ലക്ഷം രൂപയും പ്യുര്‍ വൈറ്റ്, ബെനെല്ലി റെഡ് കളര്‍ വേരിയന്റുകള്‍ക്ക് 5.29 ലക്ഷം രൂപയുമാണ് എക്‌സ് ഷോറൂം വില
ബുക്കിംഗ് ആരംഭിച്ചു. 10,000 രൂപയാണ് ബുക്കിംഗ് തുക. ഡെലിവറി ആരംഭിക്കാന്‍ ബെനെല്ലി ഇന്ത്യ തയ്യാറാണ്. മൂന്ന് വര്‍ഷത്തേക്ക് അണ്‍ലിമിറ്റഡ് കിലോമീറ്റര്‍ വാറന്റി സ്റ്റാന്‍ഡേഡായി ലഭിക്കും. സുസുകി വി സ്‌ട്രോം 650 എക്‌സ്ടി, കവസാക്കി വെഴ്‌സിസ് 650, ഈയിടെ അവതരിപ്പിച്ച ഹോണ്ട സിബി500എക്‌സ് എന്നിവയാണ് എതിരാളികള്‍.
499 സിസി, പാരലല്‍ ട്വിന്‍ എന്‍ജിന്‍ ഇപ്പോള്‍ ഭാരത് സ്‌റ്റേജ് 6 (ബിഎസ് 6) ബഹിര്‍ഗമന മാനദണ്ഡങ്ങള്‍ പാലിക്കുമെന്നതാണ് മോട്ടോര്‍സൈക്കിളിലെ ഏറ്റവും വലിയ മാറ്റം. എന്‍ജിന്‍ പരിഷ്‌കരിച്ചപ്പോഴും 8,500 ആര്‍പിഎമ്മില്‍ 46.8 ബിഎച്ച്പി കരുത്തും 6,000 ആര്‍പിഎമ്മില്‍ 46 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നു. 6 സ്പീഡ് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ജോലി ചെയ്യുന്നത്.
ബിഎസ് 6 പാലിക്കുന്ന ബെനെല്ലി ടിആര്‍കെ 502 മോട്ടോര്‍സൈക്കിള്‍ ഈ വര്‍ഷം ജനുവരിയില്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. കൂടുതലായി റോഡ് ഇഷ്ടപ്പെടുന്ന വകഭേദത്തിന് ലഭിച്ച മാറ്റങ്ങള്‍ തന്നെയാണ് ടിആര്‍കെ 502എക്‌സ് മോട്ടോര്‍സൈക്കിളില്‍ നല്‍കിയിരിക്കുന്നത്. അതായത്, ബാക്ക്‌ലിറ്റ് സ്വിച്ച്ഗിയര്‍, അലുമിനിയം ബ്രാക്കറ്റുകള്‍ സഹിതം നക്കിള്‍ ഗാര്‍ഡുകള്‍, പുതിയ ഹാന്‍ഡില്‍ബാര്‍ ഗ്രിപ്പുകള്‍, മികച്ച കാഴ്ച്ച ലഭിക്കുന്നതിന് പുനര്‍രൂപകല്‍പ്പന ചെയ്ത കണ്ണാടികള്‍ എന്നിവ ലഭിച്ചു. ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍ റീഡിസൈന്‍ ചെയ്തു. വൈറ്റ് ബാക്ക്‌ലിറ്റ് അനലോഗ് ഡിസ്‌പ്ലേ, ആംബര്‍ ബാക്ക്‌ലിറ്റ് ഡിജിറ്റല്‍ ഡിസ്‌പ്ലേ നല്‍കി.
കുറേക്കൂടി ഓഫ് റോഡുകള്‍ ഇഷ്ടപ്പെടുന്ന മോഡല്‍ ആയതിനാല്‍ 19 ഇഞ്ച്, 17 ഇഞ്ച് സ്‌പോക്ക് വീലുകളിലാണ് ബെനെല്ലി ടിആര്‍കെ 502എക്‌സ് ഓടുന്നത്. 220 മില്ലിമീറ്ററാണ് ഗ്രൗണ്ട് ക്ലിയറന്‍സ്. ടൂറിംഗ് വേളകളില്‍ ഇന്ധനം നിറയ്ക്കാന്‍ നിര്‍ത്തുന്നതിന്റെ എണ്ണം കുറയ്ക്കുന്നതിന് 20 ലിറ്റര്‍ ശേഷിയുള്ള ഇന്ധന ടാങ്ക് നല്‍കി. വലിയ വിന്‍ഡ്‌സ്‌ക്രീന്‍, പിറകില്‍ പുതുതായി കാസ്റ്റ് അലുമിനിയം ബോക്‌സ് ബ്രാക്കറ്റ് എന്നിവയെല്ലാം ടൂറിംഗ് ആവശ്യങ്ങള്‍ മുന്നില്‍ക്കണ്ട് നല്‍കിയതാണ്. മുന്‍ ചക്രത്തില്‍ ഡുവല്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 320 എംഎം വ്യാസമുള്ള ഇരട്ട ഫ്‌ളോട്ടിംഗ് ഡിസ്‌ക്കുകളും പിന്‍ ചക്രത്തില്‍ സിംഗിള്‍ പിസ്റ്റണ്‍ കാലിപര്‍ സഹിതം 260 എംഎം സിംഗിള്‍ ഡിസ്‌ക്കുമാണ് ബ്രേക്കിംഗ് നിര്‍വഹിക്കുന്നത്.