ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച 15 രാജ്യങ്ങളിൽ യുഎഇയും
1 min readഅബുദാബി: ലോകത്ത് ഏറ്റവും എളുപ്പത്തിൽ ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ സാധിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ യുഎഇ പതിമൂന്നാം സ്ഥാനത്ത്. ഫിനാൻഷ്യൽ സോഫ്റ്റ് വെയറുകളെ വിലയിരുത്തുകയും റേറ്റ് ചെയ്യുകയും ചെയ്യുന്ന ബെസ്റ്റ് എക്കൌണ്ടിംഗ് സോഫ്റ്റ് വെയറെന്ന സ്ഥാപനമാണ് ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച 99 രാജ്യങ്ങളുടെ പട്ടിക തയ്യാറാക്കിയത്. ഇന്റെർനെറ്റ് ലഭ്യത, കാര്യക്ഷത, രാജ്യത്തിന്റെ ആസ്തി, നടപടിക്രമങ്ങളിലെ എളുപ്പം, ഡെലിവറി സേവനങ്ങൾക്കുള്ള സൌകര്യം, നൈപുണ്യമുള്ള തൊഴിലാളികൾ തുടങ്ങി നിരവധി മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്.
യുകെയ്ക്ക് തൊട്ട് താഴെയും ബെൽജിയത്തിന് മുമ്പിലുമായി പട്ടികയിൽ ഇടം നേടിയ യുഎഇക്ക് മൊത്തത്തിൽ 68.41 സ്കോറാണ് ലഭിച്ചത്. മൊബീൽ ഇന്റെർനെറ്റ് വേഗത (ശരാശരി 129.61 എംബിപിഎസ്), ഇന്റെർനെറ്റ് ഉപയോക്താക്കളുടെ എണ്ണം (99 ശതമാനം ജനങ്ങളും ഇന്റെർനെറ്റ് ഉപയോഗിക്കുന്നു), ഏറ്റവും കുറഞ്ഞ കോർപ്പറേറ്റ് നികുതി (0 ശതമാനം) എന്നിവയിൽ യുഎഇ മുൻപന്തിയിലെത്തി. മറ്റ് ഗൾഫറ് രാജ്യങ്ങളായ സൌദി അറേബ്യയ്ക്ക് നൂറിൽ 53.67 മാർക്കും കുവൈറ്റിന് 51.39 മാർക്കും ലഭിച്ചു.
ഓൺലൈൻ ബിസിനസ് ആരംഭിക്കാൻ ഏറ്റവും മികച്ച രാജ്യമായി തെരഞ്ഞെടുക്കപ്പെട്ടത് ഡെൻമാർക്കാണ്. സ്വിറ്റ്സർലൻഡ്,നെതർലൻഡ് തുടങ്ങിയ രാജ്യങ്ങളാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. പട്ടികയിലെ ആദ്യ ഇരുപത് രാജ്യങ്ങളിലും ഭൂരിഭാഗവും യൂറോപ്യൻ രാജ്യങ്ങളാണ്.