പുതിയ ബെന്റ്‌ലി ബെന്റയ്ഗ അവതരിച്ചു
ഡെല്‍ഹി എക്‌സ് ഷോറൂം വില 4.10 കോടി രൂപ
ന്യൂഡെല്‍ഹി: ഫേസ്‌ലിഫ്റ്റ് ചെയ്ത 2021 ബെന്റ്‌ലി ബെന്റയ്ഗ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 4.10 കോടി രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. വിനിമയ നിരക്കിന്റെയും ഓപ്ഷനുകളുടെയും അടിസ്ഥാനത്തില്‍ വിലയില്‍ മാറ്റമുണ്ടായിരിക്കും. ബുക്കിംഗ് സ്വീകരിച്ചുതുടങ്ങി.
ബ്രിട്ടീഷ് കാര്‍ നിര്‍മാതാക്കളുടെ സ്റ്റൈലിംഗ് ഡിഎന്‍എ ലഭിച്ചതാണ് പുറമേകാണുന്ന രൂപകല്‍പ്പന. മുന്നില്‍ കൂടുതല്‍ നിവര്‍ന്ന മാട്രിക്‌സ് ഗ്രില്‍ ഇപ്പോള്‍ കുറേക്കൂടി വലുതാണ്. പുതുതായി എല്‍ഇഡി മാട്രിക്‌സ് ഹെഡ്‌ലാംപ് നല്‍കി. പിന്‍ഭാഗത്താണ് ഏറ്റവും ശ്രദ്ധേയ മാറ്റങ്ങള്‍. മൂന്നാം തലമുറ കോണ്ടിനെന്റല്‍ ജിടിയില്‍ കണ്ടതുപോലെ ദീര്‍ഘവൃത്ത ആകൃതിയുള്ള എല്‍ഇഡി ടെയ്ല്‍ലൈറ്റുകള്‍ കാണാം. പുതുതായി രൂപകല്‍പ്പന ചെയ്ത ചക്രങ്ങള്‍, സ്ഥാനം മാറ്റി നല്‍കിയ നമ്പര്‍ പ്ലേറ്റ് എന്നിവയാണ് മറ്റ് വിശേഷങ്ങള്‍.
കാബിനില്‍ പുതുതായി ഹൈ റെസലൂഷന്‍ ഗ്രാഫിക്‌സ് സഹിതം 10.9 ഇഞ്ച് സ്‌ക്രീന്‍ സവിശേഷതയാണ്. കണക്റ്റിവിറ്റി ഓപ്ഷനുകള്‍ ഇപ്പോള്‍ കൂടുതലാണ്. വയര്‍ലെസ് ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയ്ഡ് ഓട്ടോ കണക്റ്റിവിറ്റി, സാറ്റലൈറ്റ് മാപ്പുകള്‍ സഹിതം പുതിയ നാവിഗേഷന്‍, ഓണ്‍ലൈന്‍ സെര്‍ച്ച് കംപാറ്റിബിലിറ്റി എന്നിവ ലഭിച്ചു. ‘മൈ ബെന്റ്‌ലി’ കണക്റ്റഡ് സേവനങ്ങള്‍ നല്‍കുന്നതിനായി സിം കാര്‍ഡ് ഉപയോഗിക്കുന്നു.
പുതിയ സെന്റര്‍ കണ്‍സോള്‍, പുതിയ സ്റ്റിയറിംഗ് വളയം, വെന്റിലേഷന്‍ സഹിതം പിന്‍ സീറ്റുകള്‍, പിന്‍നിരയിലെ യാത്രക്കാര്‍ക്കായി പുതുതായി ടച്ച്‌സ്‌ക്രീന്‍ ടാബ്‌ലറ്റ്, യുഎസ്ബി സി പോര്‍ട്ടുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജര്‍ എന്നിവയാണ് മറ്റ് ഫീച്ചറുകള്‍. പിന്‍ നിരയില്‍ ഇപ്പോള്‍ ലെഗ്‌റൂം 100 എംഎം വരെ കൂടുതലാണ്. പൂര്‍ണമായും പുതിയ സീറ്റുകള്‍, അലങ്കാരങ്ങള്‍ എന്നിവ കാറിനകത്ത് നല്‍കി. ഒരു ബെന്റ്‌ലി കാറില്‍ ഇതാദ്യമായി ഡാര്‍ക്ക് ടിന്റഡ് ഡയമണ്ട് ബ്രഷ്ഡ് അലുമിനിയം ഫിനിഷ് നല്‍കി.
പെര്‍ഫോമന്‍സ് വിശേഷങ്ങളിലേക്ക് കടന്നാല്‍, ഇതുവരെ ഉപയോഗിച്ചിരുന്ന അതേ 4.0 ലിറ്റര്‍, ഇരട്ട ടര്‍ബോചാര്‍ജ്ഡ്, വി8 പെട്രോള്‍ എന്‍ജിനാണ് കരുത്തേകുന്നത്. ഈ മോട്ടോര്‍ 542 ബിഎച്ച്പി കരുത്തും 770 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഘടിപ്പിച്ചു. നാല് ചക്രങ്ങളിലേക്കും കരുത്ത് കൈമാറുന്നു.