സ്റ്റാച്യൂ ഓഫ് യൂണിറ്റിക്ക് താജ്മഹലിനേക്കാൾ സന്ദർശകർ: ഗുജറാത്ത് മുഖ്യമന്ത്രി
1 min readഗാന്ധിനഗർ: സന്ദർശകരുടെ എണ്ണത്തിൽ കെവാഡിയയിലെ സ്റ്റാച്യൂ ഓഫ് യൂണിറ്റി(ഏകതാ പ്രതിമ) ആഗ്രയിലെ താജ്മഹലിനെ പിന്നിലാക്കിയതായി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രുപാണി. 2021-25 കാലഘട്ടത്തിലേക്കുള്ള പുതിയ വിനോദസഞ്ചാര നയം പ്രഖ്യാപിച്ച് മാധ്യമങ്ങളോട് സംസാരിക്കവെയാണ് താജ്മഹലിനേക്കാൾ സന്ദർശകർ ഏകതാ പ്രതിമയ്ക്ക് ഉണ്ടെന്ന് രുപാണി വ്യക്തമാക്കിയത്.
സംസ്ഥാനത്തെ പ്രത്യേക മേഖലകളുടെ വികസനം ലക്ഷ്യമിട്ട് കൊണ്ടുള്ള പുതിയ നയം പാശ്ചാത്യ രാജ്യങ്ങളിലെ വിനോദ സഞ്ചാര നയങ്ങൾക്ക് സമാനമാണ്. ഗോവയിലേത് പോലെ ബീച്ച് ടൂറിസം, കാരവൻ തുടങ്ങിയ വികസന പദ്ധതികളും പുതിയ വിനോദ സഞ്ചാര നയത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
മെച്ചപ്പെട്ട ടൂറിസം അടിസ്ഥാന സൌകര്യങ്ങൾ ഒരുക്കിക്കൊണ്ട് സേവന മേഖലകളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യമെന്നും കെവാഡിയയിലെ ഏകതാ പ്രതിമ പദ്ധതി പോലെ പ്രത്യേക മേഖലകൾക്ക് ഊന്നൽ നൽകിയാണ് പുതിയ നയത്തിന് രൂപം നൽകിയിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രത്യേക ഊന്നൽ നൽകിയിട്ടുള്ള മേഖലകളിലെ ടൂറിസം വികസന പദ്ധതികൾക്കായി സാമ്പത്തിക സഹായം ലഭ്യമാക്കാനും സർക്കാരിന് പദ്ധതിയുണ്ട്.