ട്വിറ്റര്‍ സ്‌പേസസ് അടുത്ത മാസത്തോടെ
ട്വിറ്ററിന്റെ ലൈവ് ഓഡിയോ ഫീച്ചറായ സ്‌പേസസ് ഏപ്രില്‍ മാസത്തോടെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കും
സാന്‍ ഫ്രാന്‍സിസ്‌കോ: ട്വിറ്ററിന്റെ ലൈവ് ഓഡിയോ ഫീച്ചറായ സ്‌പേസസ് ഏപ്രില്‍ മാസത്തോടെ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കുമെന്ന് റിപ്പോര്‍ട്ട്. ഇന്‍വൈറ്റ് ഓണ്‍ലി ഓഡിയോ ആപ്പായ ക്ലബ്ഹൗസിന് സമാനമായാണ് മൈക്രോബ്ലോഗിംഗ് സൈറ്റ് തങ്ങളുടെ സ്‌പേസസ് അവതരിപ്പിക്കുന്നത്. ക്ലബ്ഹൗസിന് വെല്ലുവിളി ഉയര്‍ത്തുകയാണ് ട്വിറ്ററിന്റെ ലക്ഷ്യം. ഇലോണ്‍ മസ്‌ക്, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നീ ടെക് സെലിബ്രിറ്റികളുടെ സാന്നിധ്യത്തോടെ ക്ലബ്ഹൗസ് വളരെ വേഗം പ്രശസ്തി കൈവരിച്ചിരുന്നു.
ഫെബ്രുവരി അവസാനത്തോടെ ആയിരം ഉപയോക്താക്കളില്‍ ട്വിറ്റര്‍ തങ്ങളുടെ പുതിയ ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചിരുന്നു. വനിതകളും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളിലെ ആളുകളുമാണ് ട്വിറ്റര്‍ സ്‌പേസസ് പരീക്ഷിച്ചുനോക്കുന്നത്. ഇതേതുടര്‍ന്ന്, ലോകമെങ്ങുമുള്ള ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്കായി ഈ മാസത്തില്‍ സ്‌പേസസ് അവതരിപ്പിച്ചുതുടങ്ങി. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് തല്‍ക്കാലം ഹോസ്റ്റ് ചെയ്യാന്‍ കഴിയില്ല. എന്നാല്‍ സ്‌പേസസില്‍ ചേരാനും സംസാരിക്കാനും സാധിക്കും. ഹോസ്റ്റിംഗ് ഉടനെ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.
കഴിഞ്ഞ ഡിസംബറിലാണ് സ്‌പേസസ് ഫീച്ചര്‍ ട്വിറ്റര്‍ ആദ്യമായി പ്രഖ്യാപിച്ചത്. നേരത്തെ ഐഒഎസ് ഉപയോക്താക്കള്‍ക്ക് മാത്രം പരീക്ഷിച്ചുനോക്കാനാണ് അവസരം ലഭിച്ചതെങ്കില്‍ ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് യൂസര്‍മാര്‍ക്കും സാധിക്കും. കൂടുതല്‍ പേര്‍ക്ക് ചേരാനും കേള്‍ക്കാനുമായി സ്‌പേസസ് വിപുലീകരിക്കുകയാണെന്ന് ട്വിറ്റര്‍ വ്യക്തമാക്കി. ദിവസങ്ങള്‍ക്കുള്ളില്‍ ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്‌പേസസിലെ സംഭാഷണങ്ങളില്‍ ചേരാനും കേള്‍ക്കാനും സംസാരിക്കാനും കഴിയുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ആന്‍ഡ്രോയ്ഡ് ഉപയോക്താക്കള്‍ക്ക് സ്‌പേസസ് ലഭ്യമാക്കുന്നതിന് ശ്രമിച്ചുവരികയാണെന്ന് ജനുവരിയിലാണ് ട്വിറ്റര്‍ ആദ്യം സ്ഥിരീകരിച്ചത്.
മൈക്രോബ്ലോഗിംഗ് പ്ലാറ്റ്‌ഫോമില്‍ പൊതു, സ്വകാര്യ ഓഡിയോ ചാറ്റ് റൂമുകള്‍ സൃഷ്ടിക്കാനാണ് പുതിയ ഫീച്ചര്‍ ഉപയോക്താക്കളെ അനുവദിക്കുന്നത്. സ്‌പേസസ് ഇപ്പോഴും അതിന്റെ ആദ്യ നാളുകളിലാണെന്ന് ട്വിറ്റര്‍ അധികൃതര്‍ പറഞ്ഞു. സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള ഫീച്ചറുകള്‍ പിന്നീട് കൊണ്ടുവരും.