ഓണ്ലൈന് വായ്പാ ആപ്പുകളെ നിയന്ത്രിക്കാന്‍ ഗൂഗിളിന്‍റെ സഹായം തേടി ആര്‍ബിഐ
1 min readഗൂഗിളിനെയും ഡിജിറ്റല്‍ ലെന്‍ഡേഴ്സ് അസോസിയേഷനെയും സമീപിച്ചു
ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുകള്‍ തടയുക ലക്ഷ്യം
ന്യൂഡെല്‍ഹി: ഡിജിറ്റല്‍ വായ്പാ രംഗത്തെ നിയന്ത്രിക്കുന്നതിന് വഴികള്‍ തേടി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഇതിന്‍റെ ഭാഗമായി ടെക് ഭീമന്‍ ഗൂഗിള്‍, ഡിജിറ്റല്‍ ലെന്‍ഡേഴ്സ് അസോസിയേഷന്‍, ഫിന്‍ടെക് അസോസിയേഷനായ ഫെയ്സ്, ബാങ്ക് ഇതര വായ്പാ സ്ഥാപനങ്ങള്‍ തുടങ്ങി നിരവധി സ്ഥാപനങ്ങളുമായി ആര്‍ബിഐ ചര്‍ച്ച നടത്തിവരികയാണ്.
ഫിന്‍ടെക് ലോണ്‍ ആപ്പുകളെ പ്ലേ സ്റ്റോര്‍ പ്ലാറ്റ്ഫോമില്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങളും മറ്റും ആര്‍ബിഐ ഗൂഗിളിനോട് തിരക്കിയിട്ടുണ്ട്. എന്തെല്ലാം മാനദണ്ഡങ്ങളാണ് ഇത്തരം ഓണ്‍ലൈന്‍ വായ്പാ ആപ്പുകള്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ പാലിക്കേണ്ടതെന്നും ആര്‍ബിഐ പരിശോധിച്ചുവരികയാണ്.
കോവിഡ് മഹാമാരി വിതച്ച നാശമാണ് ഓണ്‍ലൈന്‍ വായ്പാ തട്ടിപ്പുസംഘം വ്യാപകമാകാന്‍ കാരണമായത്. പണ ലഭ്യത കുറഞ്ഞതോട് കൂടി എളുപ്പത്തില്‍ വായ്പ ലഭ്യമാണെന്ന വാഗ്ദാനങ്ങളുമായി നിരവധി ആപ്പുകളാണ് വിപണിയിലേക്ക് എത്തിയത്. നിയമവിരുദ്ധമായ ആപ്പുകളുടെ കെണിയിലേക്കാണ് ആയിരക്കണക്കിന് പേര്‍ ഇതോടെ എത്തിയത്. ഈ ആപ്പുകളില്‍ മിക്കതിന്‍റെയും പ്രഭവ കേന്ദ്രം ചൈന ആയിരുന്നു.
അഞ്ഞൂറിലധികം ചൈനീസ് മൈക്രോലോണ്‍ ആപ്പുകളായിരുന്നു ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ഇരകളെ വീഴ്ത്താനായി നുഴഞ്ഞുകയറിയത്. സ്നാപ്ഇറ്റ് ലോണ്‍, ഗോ ക്യാഷ്, ഒകെ ക്യാഷ്, ഉധാര്‍ ലോണ്‍ തുടങ്ങി നിരവധി ആപ്പുകള്‍ സജീവമായി. ആപ്പുകള്‍ ലോഞ്ച് ചെയ്ത് മാസങ്ങള്‍ക്കുള്ളില്‍ തന്നെ ഒരു മില്യണ്‍ ഡൗണ്‍ലോഡുകള്‍ നേടി അമ്പരപ്പിക്കുന്ന വളര്‍ച്ചയായിരുന്നു ഇവയ്ക്ക്. പലരുടെയും ആത്മഹത്യകളിലേക്ക് വരെ വായ്പാ സമ്മര്‍ദം എത്തുകയും ചെയ്തു.
നിയമപരമായ എല്ലാ മാനദണ്ഡങ്ങളും പാലിച്ച് പ്രവര്‍ത്തിക്കുന്ന ആപ്പുകളെയും ചൈനീസ് ആപ്പുകളെയും തിരിച്ചറിയാന്‍ സാധാരണ ഉപയോക്താക്കള്‍ക്ക് കഴിയാത്തതാണ് പ്രശ്നങ്ങള്‍ രൂക്ഷമാക്കിയത്. നിയമവിരുദ്ധ ആപ്പുകളുടെ ലോണ്‍ എക്കൗണ്ടുകള്‍ ഫ്രീസ് ചെയ്യുന്നതുള്‍പ്പടെ പല നടപടികളും വിവിധ സംസ്ഥാനങ്ങള്‍ കൈക്കൊണ്ടെങ്കിലും മേഖലയില്‍ വലിയൊരു ശുദ്ധികലശം അനിവാര്യമായിമാറിയിരിക്കുകയാണ്.
അംഗീകൃതമല്ലാത്ത ഡിജിറ്റല്‍ വായ്പാ ആപ്പുകളെ കരുതിയിരിക്കണമെന്ന് ആര്‍ബിഐ നേരത്തെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഓണ്‍ലൈന്‍ വായ്പയെടുത്ത് തിരിച്ചടയ്ക്കാന്‍ വൈകിയതിലെ സമ്മര്‍ദം കാരണം തെലങ്കാനയില്‍ മൂന്ന് പേര്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെയായിരുന്നു ആര്‍ബിഐയുടെ മുന്നറിയിപ്പ്. ഭീമമായ പലിശനിരക്കും മനസിലാകാത്ത ഹിഡന്‍ ചാര്‍ജുകളുമായിരുന്നു പല ആപ്പുകളും ചുമത്തിയിരുന്നത്.
നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വായ്പാ സംരംഭങ്ങള്‍ ഔപചാരികമായ സംഘടനയുണ്ടാക്കി സജീവമാകാനും ശ്രമിക്കുന്നുണ്ട്. നിയമവിരുദ്ധ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന ചീത്തപ്പേര് നന്നായി പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ വായ്പാ സ്ഥാപനങ്ങള്‍ക്ക് തലവേദനയാകുന്നുണ്ട്.