പ്രധാനമന്ത്രിയുടെ ബംഗ്ലാദേശ് സന്ദര്‍ശനം
1 min readധാക്കയെ ഇന്തോ-പസഫിക് സഹകരണത്തില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ ശ്രമം
മൈത്രി സേതു പാലം ഉദ്ഘാടനം ഇന്തോ-പസഫിക് സഹകരണത്തിന്‍റെ കുടക്കീഴില്‍ ധാക്കയെ എത്തിക്കുന്നതിനുള്ള ആദ്യ ചുവടുവെയ്പ്. തന്ത്രപ്രധാനമായ ചിറ്റഗോംഗ്, മോങ്ല തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ ബംഗ്ലാദേശ് ഇന്ത്യയെ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
ന്യൂഡെല്‍ഹി: ബംഗ്ലാദേശുമായുള്ള സഹകരണം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 26നും 27നും ധാക്ക സന്ദര്‍ശിക്കാനിരിക്കെ അയല്‍ രാജ്യവുമായി അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ഇന്ത്യ പ്രാധാന്യം നല്‍കുന്നു. ആന്ത്യന്തികമായി ഇന്തോ-പസഫിക് സഹകരണത്തിന്‍റെ കുടക്കീഴില്‍ ധാക്കയെ എത്തിക്കുന്നതിന് ന്യൂഡെല്‍ഹി ലക്ഷ്യമിടുന്നു. കാരണം മേഖലയില്‍ തന്ത്രപ്രധാനമായ സ്ഥാനമാണ് ബംഗ്ലാദേശിനുള്ളത്. കോവിഡ് വ്യാപനത്തിനുശേഷം മോദിയുടെ ആദ്യ വിദേശ യാത്രയായിരിക്കും ധാക്കയിലേക്ക് എന്ന പ്രതയേകതയുമുണ്ട്.
ഈ ആഴ്ച ആദ്യം മോദിയും ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും ചേര്‍ന്ന് വെര്‍ച്വലായി മൈത്രി സേതു പദ്ധതി ഉദ്ഘാടനം ചെയ്തിരുന്നു. ഇത് വടക്കുകിഴക്കന്‍ പ്രദേശത്തുനിന്നും ബംഗ്ലാദേശിലെ ചിറ്റഗോംഗ് തുറമുഖത്തേക്ക് വളരെവേഗം എത്തുന്നതിന് ഇന്ത്യയെ പ്രാപ്തമാക്കും. ഫെനി നദിക്ക് മുകളിലൂടെ നിര്‍മിച്ച 1.9 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാലം ത്രിപുരയെ ബംഗ്ലാദേശുമായി ബന്ധിപ്പിക്കും.ഇന്ത്യയിലെ സബ്രൂമിനും ബംഗ്ലാദേശിലെ രാംഗഡിനും ഇടയിലുള്ള അതിര്‍ത്തിയിലെ ഒരു ചെക്ക് പോസ്റ്റ് വഴിയാണ് പാത കടന്നുപോകുന്നത്.
ഇന്ത്യയും ബംഗ്ലാദേശും തങ്ങളുടെ ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് മൈത്രി സേതു, അല്ലെങ്കില്‍ ‘ഫ്രണ്ട്ഷിപ്പ് ബ്രിഡ്ജ്’ പദ്ധതി ആവിഷ്ക്കരിക്കപ്പെട്ടതുതന്നെ. നിലവിലുള്ളവയ്ക്കു പുറമേ ഭാവിയില്‍ ഇരു രാജ്യങ്ങള്‍ക്കും പ്രയോജനകരമാകുന്ന നിരവധി പദ്ധതികള്‍ അണിയറയില്‍ തയ്യാറായി വരികയുമാണ്. ഈ പദ്ധതികള്‍ ജലഗതാഗതം, ഷിപ്പിംഗ്, റെയില്‍വേ, റോഡ്, എയര്‍ ലിങ്കുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. ഇതെല്ലാം കണക്റ്റിവിറ്റിയെ അടുത്ത തലത്തിലേക്ക് എത്തിക്കാനും ബംഗാള്‍ ഉള്‍ക്കടലില്‍ വലിയ സ്വാധീനം ഉറപ്പിക്കാനും ലക്ഷ്യമിടുന്നതാണ്. ഇന്തോ-പസഫിക് സഹകരണം ലക്ഷ്യംവെച്ചുള്ള നീക്കങ്ങളാണ് ഇവയെല്ലാം എന്നുറപ്പിക്കാം.
‘മൈത്രി സേതു’ഇന്ത്യ-ബംഗ്ലാദേശ് ബന്ധങ്ങളില്‍ ഒരു പുതിയ അധ്യായം തുറക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഉദ്ഘാടന വേളയില്‍ മോദി പറഞ്ഞിരുന്നു. ത്രിപുരയെ ‘വടക്കുകിഴക്കന്‍ മേഖലയുടെ കവാടം’ ആക്കാന്‍ ഇതിനുസാധിക്കും. കാരണം ചിറ്റഗോംഗ് തുറമുഖം സബ്രൂമിലെ പുതിയ ചെക്ക് പോസ്റ്റില്‍ നിന്ന് 80 കിലോമീറ്റര്‍ മാത്രം അകലെയാണ് .ഇന്ത്യയുമായി പുതിയ ഗതാഗത ശൃംഖല സൃഷ്ടിച്ചുകൊണ്ട് ദക്ഷിണേഷ്യയില്‍ തങ്ങള്‍ ഒരു പുതിയ യുഗം സൃഷ്ടിക്കുകയാണെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയും ചടങ്ങില്‍ അഭിപ്രായപ്പെട്ടിരുന്നു. ഇപ്പോള്‍ അന്തര്‍ മേഖലാതല വ്യാപാരങ്ങള്‍ സാധ്യതയുള്ളതിനേക്കാള്‍ താഴെയാണ് നടക്കുന്നത്. ഇത് ഭാവിയില്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷയും അവര്‍ പങ്കുവെച്ചു. വ്യാപാരം വര്‍ധിപ്പിക്കുന്നതിനും ജനങ്ങളുടെ പസ്പര സഹകരണം ഉറപ്പാക്കുന്നതിനും ബംഗ്ലാദേശ് ഇന്ത്യയെ തന്ത്രപ്രധാനമായ ചിറ്റഗോംഗ്, മോങ്ല തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ അനുവദിക്കുകയും ചെയ്തു.
ഏഷ്യന്‍ ഹൈവേ നെറ്റ്വര്‍ക്ക് റൂട്ടുകളാണ് (എഎച്ച് -1, 2). മേഖലയില്‍ അതീവ പ്രാധാന്യമുള്ള ഗതാഗത ശൃംഖലയുടെ പ്രോജക്റ്റുകള്‍. ഇത് ഇന്ത്യയെയും ബംഗ്ലാദേശിനെയും പെട്രാപോള്‍-ബെനാപോള്‍, ഫുള്‍ബാരി-ബംഗ്ലാന്ധ, ഡാവ്കി-തമാബില്‍ പോയിന്‍റുകളില്‍ ബന്ധിപ്പിക്കും. കൂടാതെ അഗര്‍ത്തലയ്ക്കും ബംഗ്ലാദേശിലെ അഖൗറയ്ക്കുമിടയില്‍ പുതിയ റെയ്ല്‍ ലിങ്കും ഉണ്ടാകും.
ശക്തമായ ഇന്‍ഫ്രാസ്ട്രക്ചര്‍ കണക്റ്റിവിറ്റിക്ക് എല്ലായ്പ്പോഴും തന്ത്രപരമായ മാനമുണ്ട്, കാരണം ഇത് സാമ്പത്തിക സഹകരണവും സമന്വയവും അതുവഴി സമ്പദ്വ്യവസ്ഥയുടെ വളര്‍ച്ചയുമാണ് പ്രതിഫലിപ്പിക്കുന്നത്. ഏത് തരത്തിലുള്ള സാമ്പത്തിക സഹകരണത്തിനും അടിസ്ഥാന സൗകര്യങ്ങളുടെ നിലനില്‍പ്പ് ആവശ്യമാണ്. ഇന്തോ-പസഫിക് സമ്പദ് വ്യവസ്ഥയിലെ കയറ്റുമതി സൗകര്യത്തിനായി ഈ മേഖല ഉയര്‍ന്നുവരേണ്ടതുണ്ട്. അതുപോലെതന്നെ ആവശ്യകതയും ഏറെയാണ്.
ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായി ഈ മേഖലയില്‍ കൂടുതല്‍ ആഴത്തിലുള്ള ബന്ധം സ്ഥാപിക്കുകയാണ്. എന്നാല്‍ മേഖലയില്‍ ജപ്പാന്‍വഹിക്കുന്ന പങ്ക് ഒരു പ്രധാന മാനം നല്‍കുന്നുണ്ട്. ക്വാഡ് ഉച്ചകോടിക്ക് ദിവസങ്ങള്‍ക്ക് മുമ്പ് മോദിയും ജാപ്പനീസ് പ്രധാനമന്ത്രി യോഷിഹിതെ സുഗയും തമ്മിലുള്ള ഫോണ്‍ കോളിനിടെ ഇരു നേതാക്കളും “സ്വതന്ത്രവും തുറന്നതുമായ ഇന്തോ-പസഫിക്” സാക്ഷാത്കരിക്കുന്നതിനുള്ള സഹകരണത്തെക്കുറിച്ച് സംസാരിച്ചത് ഇതിനുദാഹരണമാണ്. ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്), ഫാര്‍ ഈസ്റ്റ് മേഖല എന്നിവയുമായി കണക്റ്റിവിറ്റി ബന്ധം വികസിപ്പിക്കുന്നതില്‍ ടോക്കിയോ ഇപ്പോള്‍ ഇന്ത്യയുമായി കൂടുതല്‍ സഹകരിക്കുന്നു. ഇത് ഇന്ത്യയുടെ വടക്കുകിഴക്കന്‍ പ്രദേശത്തെ മുഴുവന്‍ ഇന്തോ-പസഫിക്കുമായും ലോകത്തിന്‍റെ മറ്റ് ഭാഗങ്ങളുമായും ബന്ധിപ്പിക്കും. ടോക്കിയോ ഈ മേഖലയില്‍ ശ്രദ്ധപതിപ്പിക്കാനും ഇന്ത്യ, ബംഗ്ലാദേശ് എന്നിവരുമായി സഹകരിക്കാനും ഇതാണ് കാരണം. ഇത് ആത്യന്തികമായി കണക്റ്റിവിറ്റി, വളര്‍ച്ച എന്നിവ വര്‍ദ്ധിപ്പിക്കുകയും ചൈനയുടെ സ്വാധീനം കുറയ്ക്കുകയും ചെയ്യും.
ഉഭയകക്ഷി, മേഖലാതല, പ്രാദേശിക പ്രാധാന്യങ്ങളുള്ള ആദ്യ തരത്തിലുള്ള പദ്ധതിയാണ് മൈത്രി സേതു. ഇന്തോ-പസഫിക്കിലെ നിര്‍ണായക പദ്ധതികളില്‍ ഒന്നാണിത്. ഈ പാലം ഇന്ത്യയ്ക്കും ബംഗ്ലാദേശിനും തെക്കുകിഴക്കന്‍ ഏഷ്യയിലേക്ക് കൂടുതല്‍ പ്രവേശനം നല്‍കുകയും ചെയ്യും. 2016 ലെ ഉറി ഭീകരാക്രമണത്തിനുശേഷം ഉണ്ടായ ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷങ്ങള്‍ കാരണം സാര്‍ക്കിന്‍റെ പ്രവര്‍ത്തനം സ്തംഭിച്ചിരുന്നു. സാര്‍ക്കിന്‍റെ അഭാവത്തില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം ബേ-ബംഗാള്‍ ഇനിഷ്യേറ്റീവ് ഫോര്‍ മള്‍ട്ടി സെക്ടറല്‍ ടെക്നിക്കല്‍ ആന്‍റ് ഇക്കണോമിക് കോഓപ്പറേഷന് (ബിംസ്റ്റെക്) കീഴില്‍ വ്യാപാരവും ബിസിനസും വര്‍ധിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.