വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം നേടി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍
1 min read38 രാജ്യങ്ങളില്‍നിന്നുള്ള വനിതാ മോട്ടോറിംഗ് ജേണലിസ്റ്റുകളാണ് വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് നടത്തിയത്
ന്യൂഡെല്‍ഹി: ഈ വര്‍ഷത്തെ വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡ് ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ കരസ്ഥമാക്കി. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ 38 രാജ്യങ്ങളില്‍നിന്നുള്ള വനിതാ മോട്ടോറിംഗ് ജേണലിസ്റ്റുകളാണ് വോട്ട് ചെയ്ത് തെരഞ്ഞെടുപ്പ് നടത്തിയത്. ആകെ ഒമ്പത് മോഡലുകളാണ് ഫൈനലില്‍ എത്തിയത്. വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ പുരസ്‌കാരം കൂടാതെ മറ്റ് വിവിധ വിഭാഗങ്ങളിലും അവാര്‍ഡുകള്‍ നല്‍കി.
മികച്ച അര്‍ബന്‍ കാറായി പ്യൂഷോ 208, മികച്ച ഫാമിലി കാറായി സ്‌കോഡ ഒക്ടാവിയ, മികച്ച ആഡംബര കാറായി ലെക്‌സസ് എല്‍സി 500 കണ്‍വെര്‍ട്ടിബിള്‍, മികച്ച പെര്‍ഫോമന്‍സ് കാറായി ഫെറാറി എഫ്8 സ്‌പൈഡര്‍ എന്നീ കാറുകളാണ് വിജയിച്ചത്. മികച്ച അര്‍ബന്‍ എസ്‌യുവിയായി പ്യൂഷോ 2008, മികച്ച മീഡിയം എസ്‌യുവിയായി ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍, മികച്ച വലിയ എസ്‌യുവിയായി കിയ സൊറെന്റോ എന്നിവയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച 4 വീല്‍ ഡ്രൈവ് വാഹനം, പിക്ക്അപ്പ് അവാര്‍ഡ് നേടിയത് ഫോഡ് എഫ്-150 യാണ്. മികച്ച ഇലക്ട്രിക് വാഹനത്തെയും വനിത മോട്ടോറിംഗ് ജേണലിസ്റ്റുകള്‍ തെരഞ്ഞെടുത്തു. ‘ഹോണ്ട ഇ’യാണ് പുരസ്‌കാരത്തിന് അര്‍ഹമായത്.
2020 ജനുവരി മുതല്‍ ഡിസംബര്‍ വരെ വിപണികളില്‍ അവതരിപ്പിച്ച മോഡലുകളെയാണ് അവാര്‍ഡുകള്‍ക്ക് പരിഗണിച്ചത്. സുരക്ഷ, പെര്‍ഫോമന്‍സ്, സുഖസൗകര്യം, സാങ്കേതികവിദ്യ, കൊടുക്കുന്ന പണത്തിന് മൂല്യം എന്നിവയെല്ലാം കണക്കിലെടുത്താണ് വനിതാ മോട്ടോറിംഗ് ജേണലിസ്റ്റുകള്‍ വോട്ട് രേഖപ്പെടുത്തിയത്. ന്യൂസിലന്‍ഡിലെ മോട്ടോറിംഗ് ജേണലിസ്റ്റ് സാന്‍ഡി മൈഹറാണ് 2009 ല്‍ വിമണ്‍സ് വേള്‍ഡ് കാര്‍ ഓഫ് ദ ഇയര്‍ അവാര്‍ഡുകള്‍ക്ക് തുടക്കം കുറിച്ചത്.