പൊതുനിരത്തുകളിൽ പരീക്ഷണ ഓട്ടവുമായി സോണി വിഷൻ എസ്
1 min readഉടനെയൊന്നും കാർ വിൽപ്പനയ്‌ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല
സോണി കോര്‍പ്പറേഷന്റെ പൂര്‍ണ വൈദ്യുത കാറായ വിഷന്‍ എസ് പൊതുനിരത്തുകളില്‍ പരീക്ഷണ ഓട്ടം ആരംഭിച്ചു. ഓസ്ട്രിയയിലെ നിരത്തുകളിലാണ് ഇലക്ട്രിക് കാര്‍ പരീക്ഷിക്കുന്നത്. സോണി വിഷന്‍ എസ് ഉടനെയൊന്നും വില്‍പ്പനയ്ക്കെത്തുമെന്ന് പ്രതീക്ഷിക്കുന്നില്ല.
കഴിഞ്ഞ വര്‍ഷത്തെ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയിലാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് ജാപ്പനീസ് ടെക്‌നോളജി ഭീമന്‍ തങ്ങളുടെ വിഷന്‍ എസ് പ്രോട്ടോടൈപ്പ് പ്രദര്‍ശിപ്പിച്ചത്. കാമറ സെന്‍സറുകള്‍, എന്റര്‍ടെയ്ന്‍മെന്റ് സംവിധാനങ്ങള്‍ എന്നിവയുള്‍പ്പെടെ ഉയര്‍ന്ന നിലവാരമുള്ള സാങ്കേതികവിദ്യകളാണ് നല്‍കിയത്. 33 സെന്‍സറുകള്‍ സഹിതമാണ് ഡ്രൈവറുടെ ആവശ്യമില്ലാത്ത സോണിയുടെ പ്രോട്ടോടൈപ്പ് വാഹനം വരുന്നത്. അകത്തും പുറത്തുമുള്ള ആളുകളെയും മറ്റ് വാഹനങ്ങളെയും എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
4,895 എംഎം നീളവും 1,900 എംഎം വീതിയും 1,450 എംഎം ഉയരമുള്ള കാറാണ് സോണി വിഷന്‍ എസ് പ്രോട്ടോടൈപ്പ്. വീല്‍ബേസ്, ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ യഥാക്രമം 3,000 എംഎം, 120 എംഎം (135 എംഎം വരെ). 0-100 കിമീ/മണിക്കൂര്‍ വേഗമാര്‍ജിക്കാന്‍ 4.8 സെക്കന്‍ഡ് മതിയെന്ന് കമ്പനി അവകാശപ്പെടുന്നു. മണിക്കൂറില്‍ 240 കിലോമീറ്ററാണ് ടോപ് സ്പീഡ്.
സോണിയുടെ ‘360 റിയാലിറ്റി ഓഡിയോ’ സവിശേഷതയായിരിക്കും. ഓരോ സീറ്റിനും പ്രത്യേകം സ്പീക്കറുകള്‍ നല്‍കും. ഓരോ പാസഞ്ചറിനും അവര്‍ക്കിഷ്ടമുള്ള സംഗീതം ആസ്വദിക്കാം. പനോരമിക് സ്‌ക്രീന്‍ ആയിരിക്കും മറ്റൊരു പ്രത്യേകത.