എല്‍ഐസിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്തും
1 min readകോര്‍പ്പറേഷന്‍റെ ഇഷ്യു ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്‍റെ 51 ശതമാനത്തില്‍ കുറയാത്ത വിഹിതം എല്ലാ സമയത്തും കേന്ദ്രസര്‍ക്കാര്‍ കൈവശം വെക്കും
ന്യൂഡെല്‍ഹി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഇന്‍ഷുറന്‍സ് കമ്പനി ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ (എല്‍ഐസി) ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്യുന്നതിന് മുന്നോടിയായി കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ധനകാര്യ ബില്‍ 2021 പ്രകാരം നിര്‍ദ്ദേശിച്ച ഭേദഗതി പ്രകാരം, എല്‍ഐസിയുടെ അംഗീകൃത ഓഹരി മൂലധനം 10 രൂപ വീതമുള്ള 2,500 കോടി ഓഹരികളായി വിഭജിക്കാന്‍ ആകുന്ന തരത്തിലാക്കും.
കോര്‍പ്പറേഷന്‍റെ ഓഹരി മൂലധനത്തില്‍ ഇക്വിറ്റി ഓഹരികകളും മുന്‍ഗണനാ ഓഹരികളും അടങ്ങിയിരിക്കും, അവ പൂര്‍ണമായും പണമടയ്ക്കാവുന്നതോ ഭാഗികമായി പണമടയ്ക്കാവുന്നതോ ആകാമെന്നും ധനകാര്യ ബില്‍ പറയുന്നു
ഇഷ്യു ചെയ്തിട്ടുള്ള ഓഹരി മൂലധനത്തില്‍ കോര്‍പ്പറേഷന് കാലാകാലങ്ങളില്‍ കേന്ദ്രസര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതിയോടെ വര്‍ധന വരുത്താവുന്നതാണ്. പൊതു ഇഷ്യു, റൈറ്റ്സ് ഇഷ്യു, പ്രിഫറന്‍ഷ്യല്‍ അലോട്ട്മെന്‍റ്, സ്വകാര്യ പ്ലേസ്മെന്‍റ്, നിലവിലെ നിക്ഷേപകര്‍ക്കുള്ള ബോണസ് ഷെയറുകള്‍, ജീവനക്കാരുടെ ആനുകൂല്യ പദ്ധതികള്‍ എന്നീ മാര്‍ഗങ്ങള്‍ ഇതിന് സ്വീകരിക്കാവുന്നതാണ്.
എന്നിരുന്നാലും, കോര്‍പ്പറേഷന്‍റെ ഇഷ്യു ഇക്വിറ്റി ഷെയര്‍ ക്യാപിറ്റലിന്‍റെ 51 ശതമാനത്തില്‍ കുറയാത്ത വിഹിതം എല്ലാ സമയത്തും കേന്ദ്രസര്‍ക്കാര്‍ കൈവശം വെക്കും. ഐപിഒ കഴിഞ്ഞ് അഞ്ച് വര്‍ഷത്തോളം കേന്ദ്രം 75 ശതമാനത്തില്‍ കുറയാതെ കൈവശം വയ്ക്കും.
എല്‍ഐസി-യുടെ മെഗാ ഐപിഒ ഈ വര്‍ഷം ദീപാവലി സീസണില്‍ നടക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്‍ഐസി ഐപിഒ ഉള്‍പ്പെടെ പ്രഖ്യാപിച്ച ഓഹരി വിറ്റഴിക്കല്‍ പ്രക്രിയകളെല്ലാം വരാനിരിക്കുന്ന സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തില്‍ പ്രഖ്യാപിച്ചിരുന്നു.