വായ്പാ ചെലവുകളും നിഷ്ക്രിയാസ്തിയും ഉയരും: ഫിച്ച്
1 min readന്യൂഡെല്‍ഹി: കോവിഡ് 19 മഹാമാരി തകര്‍ത്ത സമ്പദ്വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിന് പ്രഖ്യാപിക്കപ്പെട്ട ഉദാരമായ നയങ്ങള്‍ തിരികെ കര്‍ശനമാക്കാന്‍ തുടങ്ങുന്നതിന്‍റെ ഫലമായി ഇന്ത്യന്‍ ബാങ്കുകളിലെ മോശം വായ്പകളും വായ്പാ ചെലവുകളും ഉയരുമെന്ന് ഫിച്ച് റേറ്റിംഗ്സിന്‍റെ നിരീക്ഷണം. ലോക്ക്ഡൗണുകള്‍ അതിനു മുന്‍പു തന്നെ പ്രതിസന്ധിയിലായിരുന്ന സാമ്പത്തിക മേഖലയെ കൂടുതല്‍ ബാധിച്ചു. എന്നാല്‍ സമീപകാല ത്രൈമാസ റിപ്പോര്‍ട്ടുകള്‍ ലാഭത്തിലും ആസ്തിയുടെ ഗുണനിലവാരത്തിലും പുരോഗതി കാണിക്കുന്നുവെന്നും റേറ്റിംഗ് ഏജന്‍സി വിലയിരുത്തുന്നു.
ചെറുകിട ബിസിനസുകളില്‍ തുടരുന്ന ആഘാതം, വര്‍ദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ എന്നിവയില്‍ നിന്ന് ബാങ്കുകള്‍ക്ക് കൂടുതലായി അനുഭവപ്പെടുന്നത് തുടരും. “ഇന്ത്യയുടെ അനൗപചാരിക സമ്പദ്വ്യവസ്ഥയിലെയും ചെറുകിട ബിസിനസുകളിലെയും വ്യത്യസ്ത അനുപാതങ്ങളിലുള്ള ആഘാതം, ഉയര്‍ന്ന തൊഴിലില്ലായ്മ എന്നിവയ്ക്കൊപ്പം സ്വകാര്യ ഉപഭോഗം കുറയുന്നതും ബാങ്ക് ബാലന്‍സ് ഷീറ്റുകളില്‍ ഇതുവരെ പൂര്‍ണ്ണമായി പ്രകടമായിട്ടില്ലെന്ന് ഫിച്ച് വിശ്വസിക്കുന്നു,” റേറ്റിംഗ് ഏജന്‍സി ഒരു കുറിപ്പില്‍ പറഞ്ഞു.
മൂന്നാം പാദത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ വളര്‍ച്ചയിലേക്ക് തിരിച്ചുവന്നെങ്കിലും പല മേഖലകളും ശേഷിയില്‍ താഴെയാണ് പ്രവര്‍ത്തിക്കുന്നത്. കടുത്ത സമ്മര്‍ദ്ദ സാഹചര്യത്തില്‍ ബാങ്കുകളിലെ മോശം വായ്പകള്‍ ഇരട്ടിച്ച് 14.8 ശതമാനമായി മാറുമെന്ന് റിസര്‍വ് ബാങ്ക് ജനുവരിയില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.