പഴയ ടയറുകൾ കൊണ്ട് ഒരുഗ്രൻ കൊതുകു കെണി; കയ്യടി നേടി ഒമ്പത് വയസുകാരി ഇന്ദിര
വളരെ എളുപ്പമാണെങ്കിലും കൊതുകുപിടിത്തം അത്ര സുഖമുള്ള ഏർപ്പാടല്ല. ചുറ്റും മൂളിപ്പറന്ന് വളരെ പെട്ടന്ന് ചോര കുടിച്ച് പറക്കുന്ന ഈ വിദ്വാൻമാരെ പിടിക്കാൻ ബാറ്റും ബോളും വരെ ഉണ്ടെങ്കിലും കൊതുകുകൾ കുറയുന്നതായി ആർക്കും ഇതുവരെ തോന്നിയിട്ടില്ല. കൊതുകിനെ അത് മുട്ടയിട്ട് പെരുകുന്ന സ്ഥലത്ത് വെച്ച് തന്നെ ഇല്ലാതാക്കിയാൽ ആ പ്രദേശത്തെ കൊതുകിന്റെ എണ്ണത്തിൽ വലിയ കുറവുണ്ടാകും. തമിഴ്നാട്ടിലെ കൽപ്പാക്കത്തുള്ള ഒമ്പതുവയസുകാരി ഇന്ദിരയും ചിന്തിച്ചത് ഇതേ രീതിയിലായിരുന്നു. ചിന്തിക്കുക മാത്രമല്ല, പഴയ ടയറുകൾ കൊണ്ട് അത്തരത്തിലൊരു കൊതുകു കെണി വളരെ കുറഞ്ഞ ചിലവിൽ ഇന്ദിര നിർമ്മിക്കുകയും ചെയ്തു.
കൊതുകുകളുടെ മുട്ടയും ലാർവയും നശിപ്പിക്കുന്ന ഇത്തരം കെണികൾ ഓവിലന്റ എന്നാണ് അറിയപ്പെടുന്നത്. 13 ഇഞ്ച് വലുപ്പമുള്ള പഴയ ടയർ, ഒരു ഹാംഗർ, ഒരിഞ്ച് വലുപ്പത്തിലുള്ള പിവിസി പൈപ്പ്, സിലിക്കൺ ഗ്ലൂ, ബോൾ വാൽവ്, പിവിസി ഗ്ലൂ, ഫിൽറ്റർ പേപ്പർ, 2 ലിറ്റർ വെള്ളം തുടങ്ങി ചുരുക്കം ചില സാധനങ്ങൾ കൊണ്ടാണ് ഇന്ദിര തന്റെ ഓവിലന്റ നിർമ്മിച്ചത്.
പകുതിയായി മുറിച്ച ടയറിനുള്ളിൽ വെള്ളം നിറയ്ക്കുകയാണ് ഇന്ദിര ചെയ്യുന്നത്. ടയറിന് താഴെയായി ഒരു തുളയുണ്ടാക്കി അവിടെ പിവിസി പൈപ്പും അതിന്റെ അറ്റത്ത് ബോൾ വാൽവും ഘടിപ്പിക്കണം. കൊതുകുകൾ ധാരാളമുള്ള സ്ഥലങ്ങളിൽ ഇവ കൊണ്ടുവെച്ചാൽ ടയറിനുള്ളിലെ വെള്ളത്തിൽ കൊതുക് വന്ന് മുട്ടയിടുകയും ദിവസങ്ങൾ കൊണ്ട് അവ ലാർവയായി മാറുകയും ചെയ്യും.ബോൾ വാൽവ് തുറന്ന് കൊതുകിന്റെ ലാർവയും മുട്ടയുമുള്ള ഈ വെള്ളം ശേഖരിച്ച് അവയെ നശിപ്പിച്ച് കളയും. നമ്മുടെ പരിസര പ്രദേശങ്ങളിലുള്ള കൊതുകിന്റെ എണ്ണം കുറയ്ക്കാൻ ഈ കൊതുക് കെണിയിലൂടെ സാധിക്കും. ഒരു ഹാംഗറിന്റെ സഹായത്തോടെ വീടിനുള്ളിലോ പൂന്തോട്ടത്തിലോ ഒക്കെ ഈ കെണി തൂക്കിയിടാൻ സാധിക്കും.
ലാറ്റിൻ ഭാഷയിൽ മുട്ടയെന്ന് അർത്ഥമുള്ള ഓവി എന്ന വാക്കും ലാർവയ്ക്ക് സ്പാനിഷ് ഭാഷയിൽ പറയുന്ന ലാന്റ എന്ന വാക്കും ചേർത്താണ് ഓവിലാന്റ എന്ന പദം ഉണ്ടാക്കിയിരിക്കുന്നത്. ജെറാൾസ് ഉലിബാരിയെന്ന കെമിസ്ട്രി പ്രഫസറാണ് ഈ കെണി ആദ്യമായി കണ്ടുപിടിച്ചത്. കൊതുകുകളെ നശിപ്പിക്കുന്നതിനുള്ള മറ്റ് മാർഗങ്ങളേക്കാൾ ഏഴിരട്ടി ഫലപ്രദമാണ് ഓവിലാന്റകൾ. ഒരേക്കർ സ്ഥലത്ത് രണ്ട് ഓവിലാന്റകൾ സ്ഥാപിച്ചാൽ അവിടുത്തെ കൊതുകുകളുടെ എണ്ണത്തിൽ കാര്യമായ കുറവുണ്ടാകും.