ഇരുപത് ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്ത് മാരുതി സുസുകി
1 min readഗുജറാത്തിലെ മുന്ദ്ര തുറമുഖത്തുനിന്ന് പുതിയ ബാച്ച് ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചതോടെയാണ് നാഴികക്കല്ല് താണ്ടിയത്
ന്യൂഡെല്‍ഹി: മാരുതി സുസുകി ഇതുവരെ ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത് ഇരുപത് ലക്ഷം വാഹനങ്ങള്‍. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തു നിന്ന് എസ്-പ്രസോ, സ്വിഫ്റ്റ്, വിറ്റാര ബ്രെസ ഉള്‍പ്പെടെയുള്ള മോഡലുകള്‍ ദക്ഷിണാഫ്രിക്കയിലേക്ക് കയറ്റി അയച്ചതോടെയാണ് ഈ നാഴികക്കല്ല് താണ്ടിയത്. കേന്ദ്ര സര്‍ക്കാരിന്റെ മേക്ക് ഇന്‍ ഇന്ത്യ നയവുമായി ചേര്‍ന്നുനില്‍ക്കുന്നതാണ് മാരുതി സുസുകിയുടെ പുതിയ നേട്ടം. ഈ വര്‍ഷം ജനുവരിയില്‍ ഇന്ത്യയില്‍ നിന്ന് സുസുകി ജിമ്‌നിയുടെ ഉല്‍പ്പാദനവും കയറ്റുമതിയും ആരംഭിച്ചിരുന്നു. സുസുകിയുടെ വിഖ്യാത കോംപാക്റ്റ് ഓഫ് റോഡര്‍ എസ്‌യുവിയാണ് ജിമ്‌നി. ജപ്പാന്‍ കൂടാതെ ഇന്ത്യയെ ജിമ്‌നിയുടെ ഉല്‍പ്പാദന കേന്ദ്രമായി മാറ്റാനാണ് സുസുകിയുടെ പദ്ധതി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘മേക്ക് ഇന്‍ ഇന്ത്യ’ ആഹ്വാനം ഏറ്റെടുക്കുന്നതില്‍ കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് മാരുതി സുസുകി മാനേജിംഗ് ഡയറക്റ്ററും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ കെനിച്ചി അയുകാവ പറഞ്ഞു. ഇന്ത്യയില്‍നിന്ന് ഇരുപത് ലക്ഷം വാഹനങ്ങള്‍ കയറ്റുമതി ചെയ്തത് ഇതിനു തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള വാഹന വ്യവസായത്തില്‍ ഇന്ത്യ വലിയ ശക്തിയായി മാറുന്നതിന് വളരെ മുമ്പ്, അതായത് 34 വര്‍ഷം മുമ്പ് ഇന്ത്യയില്‍നിന്ന് മാരുതി സുസുകി കയറ്റുമതി ആരംഭിച്ചിരുന്നു. നിലവില്‍ പതിനാല് മോഡലുകളും 150 ഓളം വേരിയന്റുകളുമായി നൂറിലധികം രാജ്യങ്ങളിലേക്കാണ് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നത്. ഗുണനിലവാരം, സുരക്ഷ, രൂപകല്‍പ്പന, സാങ്കേതികവിദ്യ എന്നീ കാര്യങ്ങളില്‍ ആഗോള നിലവാരം പുലര്‍ത്തുന്നതാണ് ഇന്ത്യയിലെ പ്ലാന്റുകളില്‍ നിര്‍മിക്കുന്ന വാഹനങ്ങളെന്നും വലിയ സ്വീകാര്യത ലഭിക്കുന്നതായും അദ്ദേഹം അവകാശപ്പെട്ടു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ബെംഗളൂരുവുമായി ചേര്‍ന്ന് മൊബിലിറ്റി രംഗത്തെ 26 സ്റ്റാര്‍ട്ടപ്പുകളെ പരിപോഷിപ്പിക്കുമെന്ന് മാരുതി സുസുകി ദിവസങ്ങള്‍ക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒന്‍പത് മാസം വരെ നീണ്ടുനില്‍ക്കുന്നതാണ് ഇന്‍കുബേഷന്‍ പ്രോഗ്രാം. തെരഞ്ഞെടുക്കപ്പെട്ട സ്റ്റാര്‍ട്ടപ്പുകള്‍ മൂന്ന് മാസത്തെ പ്രീ-ഇന്‍കുബേഷന് വിധേയമാകേണ്ടിവരും. സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളെ ഇന്‍കുബേഷനും ഫണ്ടിംഗിനും അനുവദിക്കും. വീണ്ടും തെരഞ്ഞെടുക്കപ്പെടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ആറുമാസത്തെ അധിക ഇന്‍കുബേഷന്‍ ഉണ്ടായിരിക്കും.
ഫേസ്ലിഫ്റ്റ് ചെയ്ത മാരുതി സുസുകി സ്വിഫ്റ്റ് ഈയിടെ വിപണിയില്‍ അവതരിപ്പിച്ചിരുന്നു. 5.73 ലക്ഷം രൂപ മുതലാണ് ഡെല്‍ഹി എക്സ് ഷോറൂം വില. നിരവധി മെച്ചപ്പെടുത്തലുകള്‍ നടത്തിയാണ് ജനപ്രിയ പ്രീമിയം ഹാച്ച്ബാക്ക് നവീകരിച്ചത്. സൗന്ദര്യവര്‍ധക പരിഷ്‌കരണങ്ങള്‍ക്കൊപ്പം സുരക്ഷയും ഫീച്ചറുകളും വര്‍ധിപ്പിച്ചു. ഫ്രെഷ് ലുക്ക് ലഭിക്കുംവിധം പുറമേ മാറ്റങ്ങള്‍ വരുത്തി. പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് റൂഫ് സഹിതം പേള്‍ ആര്‍ട്ടിക് വൈറ്റ്, പേള്‍ മിഡ്നൈറ്റ് ബ്ലാക്ക് റൂഫ് സഹിതം സോളിഡ് ഫയര്‍ റെഡ്, പേള്‍ ആര്‍ട്ടിക് വൈറ്റ് റൂഫ് സഹിതം പേള്‍ മെറ്റാലിക് മിഡ്നൈറ്റ് ബ്ലൂ എന്നിവ മൂന്ന് പുതിയ ഡുവല്‍ ടോണ്‍ കളര്‍ ഓപ്ഷനുകളാണ്.