ഹിമാനി മൂലമുള്ള വെള്ളപ്പൊക്കം മുന്‍കൂട്ടി അറിയാനുള്ള അലാറം വികസിപ്പിച്ച് മൂന്ന് വിദ്യാര്‍ത്ഥിനികള്‍

ഉത്തരാഖണ്ഡില്‍ നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കി രക്ഷപ്പെടാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗ്ലേഷിയര്‍ ഫ്‌ളഡ് അലാറം സെന്‍സറിന് ഇവര്‍ രൂപം നല്‍കിയിരിക്കുന്നത്.
വരാണസി : ഹിമാനികള്‍ അഥവാ മഞ്ഞുപാളികള്‍ കാരണമുണ്ടാകുന്ന വെള്ളപ്പൊക്കത്തെ കുറിച്ച് മുന്‍കൂട്ടി സൂചന നല്‍കുന്ന ഉപകരണം വികസിപ്പിച്ച് വരാണസിയിലെ അശോക ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആന്‍ഡ് മാനേജ്‌മെന്റിലെ മൂന്ന് വിദ്യാര്‍ത്ഥിനികള്‍. ഉത്തരാഖണ്ഡില്‍ നിരവധി പേരുടെ ജീവനെടുത്ത പ്രളയത്തിന്റെ പശ്ചാത്തലത്തിലാണ് പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ നേരത്തെ മുന്നറിയിപ്പ് നല്‍കി രക്ഷപ്പെടാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുകയെന്ന ഉദ്ദേശ്യത്തോടെ ഗ്ലേഷിയര്‍ ഫ്‌ളഡ് അലാറം സെന്‍സറിന് ഇവര്‍ രൂപം നല്‍കിയിരിക്കുന്നത്.
അലാറം ഡാമിന്റെയോ ഹിമാനികളുടെയോ അടുത്തും ഇതിന്റെ റിസീവര്‍ ദുരിതാശ്വസ കേന്ദ്രത്തിലുമാണ് സ്ഥാപിക്കേണ്ടത്. നിലവില്‍ 500 മീറ്ററാണ് അലാറത്തിന്റെ റേഞ്ചെന്നും ഇത് വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണന്നും ഉപകരണം വികസിപ്പിച്ച വിദ്യാര്‍ത്ഥിനികളില്‍ ഒരാളായ അനു സിംഗ് പറഞ്ഞു. റീച്ചാര്‍ജ് ചെയ്യാന്‍ സാധിക്കുമെന്നതാണ് ഈ അലാറത്തിന്റെ മറ്റൊരു പ്രത്യേകത. ഒരു തവണ ചാര്‍ജ് ചെയ്ത് കഴിഞ്ഞാല്‍ ആറുമാസത്തോളം ഉപകരണം പ്രവര്‍ത്തിക്കും. ഒരു സെന്‍സര്‍ അലാറം നിര്‍മിക്കുന്നത് മൊത്തത്തില്‍ ഏഴായിരം രൂപ മുതല്‍ എണ്ണായിരം രൂപ വരെയാണ് ചിലവ് വരികയെന്നും അനു കൂട്ടിച്ചേര്‍ത്തു.
ആയിരക്കണക്കിന് ജീവനുകള്‍ രക്ഷിക്കാന്‍ ഈ സെന്‍സര്‍ അലാറത്തിന് സാധിക്കുമെന്ന് അശോക ഇന്‍സ്റ്റിറ്റ്യൂട്ടിലെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ ചുമതലയുള്ള ശ്യാം ചൗരസ്യ അവകാശപ്പെട്ടു. മഞ്ഞിടിച്ചില്‍, വെള്ളപ്പൊക്കം, പേമാരി തുടങ്ങിയ പ്രകൃതി ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാനും ഈ അലാറം സഹായിക്കും.
പ്രവചന സംവിധാനങ്ങളുടെ അഭാവം മൂലം പ്രകൃതി ദുരന്തങ്ങളില്‍ ആയിരക്കണക്കിന് ജീവനുകളാണ് ഓരോ വര്‍ഷവും പൊലിയുന്നത്. ഗ്ലേഷിയര്‍ സെന്‍സര്‍ അലാറം പോലുള്ള ഉപകരണങ്ങളിലൂടെ ഇത് തടയാനാകും. റേഞ്ച് വര്‍ധിപ്പിച്ചതിന് ശേഷം പ്രകൃതിദുരന്തങ്ങളെ കുറിച്ച് മുന്‍കൂട്ടി സൂചന നല്‍കാന്‍ ഈ അലാറത്തിന് സാധിച്ചാല്‍ മനുഷ്യരാശിക്ക് ഒരനുഗ്രഹം തന്നെയാകും ഈ ഉപകരണമെന്ന് റീജിയണല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളഡി സെന്ററിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മഹാദേവ് പാണ്ഡെ പറഞ്ഞു.