ഐടി, ഫാര്‍മ മേഖലകളിലെ പിഎല്‍ഐ-ക്ക് അംഗീകാരം
1 min readഐടി ഹാര്‍ഡ്വെയറിനായി 7,350 കോടി രൂപയുടെ പിഎല്‍ഐ, ഫാര്‍മയ്ക്ക് 15000 കോടി
ന്യൂഡെല്‍ഹി: ഐടി, ഫാര്‍മ മേഖലകള്‍ക്കായുള്ള ഉല്‍പ്പാദനാധിഷ്ഠിത ഇന്‍സെന്‍റീവ് (പിഎല്‍ഐ) പദ്ധതികള്‍ക്ക് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ലാപ്ടോപ്പുകള്‍, ടാബ്ലെറ്റുകള്‍, ഓള്‍ ഇന്‍ വണ്‍ പേഴ്സണല്‍ കമ്പ്യൂട്ടറുകള്‍, സെര്‍വറുകള്‍ എന്നിവയ്ക്കുള്ള പിഎല്‍ഐ-ക്കും അംഗീകാരം നല്‍കിയിട്ടുണ്ട്. ലാപ്ടോപ്പുകളോ ടാബ്ലെറ്റുകളോ നിര്‍മിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ അഞ്ച് കമ്പനികളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമെന്നും പിഎല്‍ഐ വാഗ്ദാനം ചെയ്യുമെന്നും മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിക്കവേ കേന്ദ്ര ഇലക്ട്രോണിക്സ് -ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി.
കോവിഡ് 19 സൃഷ്ടിച്ച തകര്‍ച്ചയുടെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ആത്മനിര്‍ഭര്‍ ഭാരത് എന്ന കാഴ്ചപ്പാടിന് അനുസൃതമായി ആഭ്യന്തര ഉല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പിഎല്‍ഐ അവതരിപ്പിച്ചിട്ടുള്ളത്. ടെലികോം ഉപകരണങ്ങള്‍ക്കായുള്ള പിഎല്‍ഐ പദ്ധതിക്ക് മന്ത്രിസഭ കഴിഞ്ഞയാഴ്ച അംഗീകാരം നല്‍കിയിരുന്നു.
ലാപ്ടോപ്പ്, ടാബ്ലെറ്റ്, ഓള്‍-ഇന്‍-വണ്‍ പിസികള്‍, സെര്‍വറുകള്‍ എന്നിവ ഉള്‍ക്കൊള്ളുന്ന ഐടി ഹാര്‍ഡ്വെയറിനായി 7,350 കോടി രൂപയുടെ പിഎല്‍ഐ പദ്ധതി മന്ത്രിസഭ അംഗീകരിച്ചതായി രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഈ പദ്ധതി ഇന്ത്യയെ ഒരു ഉല്‍പാദന കേന്ദ്രമാക്കി മാറ്റുകയും കയറ്റുമതി വര്‍ധിപ്പിക്കുകയും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയിലെ ഉല്‍പ്പാദനം കണക്കിലെടുത്ത് 4 വര്‍ഷങ്ങളിലായാണ് 7,350 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ നല്‍കുക. 3.26 ലക്ഷം കോടി രൂപയുടെ ഉല്‍പ്പാദനവും 2.45 ലക്ഷം കോടി രൂപയുടെ കയറ്റുമതിയും നാലുവര്‍ഷത്തെ സമയപരിധിയില്‍ കണക്കാക്കുന്നുവെന്നും മന്ത്രി അറിയിച്ചു.
നടപ്പു സാമ്പത്തിക വര്‍ഷം മുതല്‍ 2028-29 വരെയുള്ള കാലയളവിലേക്കാണ് ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ പിഎല്‍ഐ നടപ്പാക്കുന്നത്. 15,000 കോടി രൂപയുടെ ആനുകൂല്യങ്ങള്‍ ഇതിലൂടെ കൈമാറ്റം ചെയ്യും. നേരിട്ട് 20,000 തൊഴിലുകളും പരോക്ഷമായി 80,000 തൊഴിലുകളും സൃഷ്ടിക്കാന്‍ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. 2022-23 മുതല്‍ 2027-28 വരെയുള്ള ആറ് വര്‍ഷത്തിനിടയില്‍ മൊത്തം 2.94 ട്രില്യണ്‍ രൂപയുടെ വില്‍പ്പന വളര്‍ച്ചയും 1.96 ട്രില്യണ്‍ രൂപയുടെ കയറ്റുമതി വളര്‍ച്ചയും ഈ മേഖലയില്‍ പ്രതീക്ഷിക്കുന്നതായി സര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.
സങ്കീര്‍ണ്ണവും ഹൈടെക്കുമായ ഉല്‍പ്പന്നങ്ങള്‍, വളര്‍ന്നുവരുന്ന ചികിത്സാ മേഖലകള്‍, ഇന്‍-വിട്രോ ഡയഗ്നോസ്റ്റിക് ഉപകരണങ്ങള്‍ എന്നിവയിലെ ഉല്‍പ്പാദന വളര്‍ച്ചയ്ക്ക് പദ്ധതി സഹായകമാകും. പദ്ധതിയുടെ വ്യാപകമായ പ്രയോഗം ഉറപ്പുവരുത്തുന്നതിനും പദ്ധതിയുടെ ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനുമായി ഇന്ത്യയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഫാര്‍മസ്യൂട്ടിക്കല്‍ വസ്തുക്കളുടെ നിര്‍മ്മാതാക്കളെ അവരുടെ ആഗോള മാനുഫാക്ചറിംഗ് റവന്യൂ (ജിഎംആര്‍) അടിസ്ഥാനമാക്കി തരം തിരിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.